Connect with us

Kottayam

ദന്ത ചികിത്സക്ക ് ഷൈനയെ ആശുപത്രിയിലെത്തിച്ചു: പ്രതികരണം ആരായാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ പോലീസിന്റെ കൈയേറ്റം

Published

|

Last Updated

കോട്ടയം: മാവോയിസ്റ്റ് നേതാവ് ഷൈനയുടെ പ്രതീകരണം ആരായാന്‍ ശ്രമിച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകരെ പോലീസ് കൈയേറ്റം ചെയ്തതായി ആക്ഷേപം. ഇന്നലെ രാവിലെ കോട്ടയം മെഡിക്കല്‍ കോളജിന് സമീപമുള്ള ദന്തല്‍ വിഭാഗത്തിലാണ് പോലീസും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായത്. രാവിലെ 10.30 ഓടെ ദന്തല്‍ കോളജില്‍ ചികിത്സക്ക് വന്‍ പോലീസ് അകമ്പടിയില്‍ എത്തിയ ഷൈനയെ ഒരു മണിക്കൂര്‍ ചികിത്സക്ക് ശേഷം 11.30 ഓടെയാണ് പുറത്തേക്ക് കൊണ്ടുവന്നു. ഈ സമയം ഷൈനയുടെ പ്രതികരണം എടുക്കാന്‍ എത്തിയ ദൃശ്യ മാധ്യമപ്രവര്‍ത്തകരെ വൈക്കം സി ഐ നിര്‍മ്മല്‍ ബോസിന്റെ നേതൃത്വത്തില്‍ തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. പീപ്പിള്‍ ടിവി ബ്യൂറോ ചീഫ് പ്രശാന്ത്, മീഡിയാവണ്‍ റിപ്പോര്‍ട്ടര്‍ ആല്‍വിന്‍ എന്നിവര്‍ക്ക് നേരെ സി ഐ തട്ടിക്കയറുകയും പ്രതീകരണം എടുക്കുന്നത് പോലീസിനെ ഉപയോഗിച്ച് തടസ്സപ്പെടുത്തുകയും ചെയ്തു. തര്‍ക്കത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ കൈകളിലിരുന്ന മൈക്കുകള്‍ക്കും ക്യാമറകള്‍ക്കും തകരാര്‍ സംഭവിച്ചു. പോലീസ് നടപടിയില്‍ കെ യു ഡബ്ല്യൂ ജെ കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പല്ലു വേദനയെ തുടര്‍ന്ന് ഇന്നലെയാണ് ഷൈനയെ കോട്ടയം ദന്തല്‍ കോളജില്‍ ചികിത്സക്ക് കൊണ്ടുവന്നത്. കോയമ്പത്തൂരില്‍ രൂപേഷിനും മറ്റു മാവോയ്‌സ്റ്റ് പ്രവര്‍ത്തകര്‍ക്കുമൊപ്പം അറസ്റ്റിലായ ഷൈനയെ എറണാകുളം കക്കാനാട്ടെ വനിതാ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെ നിന്നാണ് െൈഷനയെ ദന്തല്‍ ചികിത്സക്കായി എറണാകുളം ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ കോട്ടയം ദന്തല്‍ കോളജില്‍ എത്തിച്ചത്.
പരിശോധനയില്‍ ഷൈനയുടെ താഴത്തെ മോണയിലെ രണ്ട് അണപ്പല്ലുകളുടെ ദ്വാരം അടച്ചു. മുകളിലത്തെ മോണയില്‍ നിന്ന് ഒരു അണപ്പല്ല് എടുക്കുകയും ചെയ്തു. ഇനി ഒരു അണപ്പല്ലുകൂടി ഏടുക്കാനുണ്ട്.
ഈ അണപ്പല്ലെടുത്താല്‍ മൂന്നുമാസം വിശ്രമം വേണ്ടിവരുമെന്ന് ദന്തല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി. ദന്തല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ് വര്‍ഗീസ്, ഡോ.ആന്റണി പി വി, ഡോ.ശോഭ കെ എന്നിവരുടെ നേതൃത്വത്തിലാണ് ഷൈനക്ക് ചികിത്സ ലഭ്യമാക്കിയത്. ഷൈനയെ ദന്തല്‍ കോളജില്‍ കൊണ്ടുവരുന്നത് അറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരുമായി പോലീസ് വാക്കേറ്റം നടത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.