Connect with us

Ongoing News

കോപയില്‍ ത്രില്ലര്‍; ഗോളുത്സവം

Published

|

Last Updated

ബൊളിവിയന്‍ താരങ്ങളുടെ ഗോള്‍ ആഹ്ലാദം

സാന്റിയാഗോ: കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പിലെ ത്രില്ലറായിരുന്നു ചിലി-മെക്‌സിക്കോ, ബൊളിവിയ-ഇക്വഡോര്‍ മത്സരങ്ങള്‍. രണ്ട് കളികളില്‍ നിന്നുമായി പതിനൊന്ന് ഗോളുകള്‍ പിറന്നപ്പോള്‍ കോപക്ക് അത് ഗോളുത്സവമായി.
ചിലി – മെക്‌സിക്കോ 3-3ന് പിരിഞ്ഞപ്പോള്‍ ബൊളിവിയ 3-2ന് ഇക്വഡോറിനെ വീഴ്ത്തി വാര്‍ത്തകളില്‍ നിറഞ്ഞു. പതിനെട്ട് വര്‍ഷത്തിന് ശേഷമാണ് ബൊളിവിയ കോപ അമേരിക്കയില്‍ ഒരു ജയം നേടുന്നത്. അതുപോലെ 20 വര്‍ഷത്തിനിടെ ബൊളിവിയക്കിത് ആദ്യ എവേ ജയമാണ്. ഗ്രൂപ്പ് എയില്‍ ചിലിക്കും ഇക്വഡോറിനും നാല് പോയിന്റ് വീതം. ഗോള്‍ശരാശരിയില്‍ ചിലി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. രണ്ട് സമനിലയുമായി മെക്‌സിക്കോക്ക് രണ്ട് പോയിന്റ്. മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്തുള്ളത് മെക്‌സിക്കോയുടെ നോക്കൗട്ട് പ്രതീക്ഷകള്‍ക്ക് നിറമേകുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ചിലി ബൊളിവിയെയും മെക്‌സിക്കോ ഇക്വഡോറിനെയും നേരിടും. വലിയ മാര്‍ജിനില്‍ ജയിച്ചാലേ ഇക്വഡോറിന് നോക്കൗട്ട് സാധ്യതയുള്ളൂ.
ചിലിക്ക് വേണ്ടി യുവെന്റസ് സൂപ്പര്‍ താരം ആര്‍തുറോ വിദാല്‍ രണ്ട് ഗോളുകള്‍ നേടി. വര്‍ഗാസാണ് മറ്റൊരു സ്‌കോറര്‍. മെക്‌സിക്കോക്ക് വേണ്ടി വിസെന്റെ വോസോ ഇരട്ട ഗോളുകളോടെ തിളങ്ങി. ജിമിനെസാണ് മറ്റൊരു സ്‌കോറര്‍.
ആദ്യ മത്സരത്തില്‍ ഇക്വഡോറിനെ 2-0ന് കീഴടക്കിയ ചിലിയെ ഞെട്ടിച്ചു കൊണ്ടാണ് മെക്‌സിക്കോ തുടങ്ങിയത്. ഇരുപത്തൊന്നാം മിനുട്ടില്‍ വിസെന്റെ വോസോയിലൂടെ മെക്‌സിക്കോ ലീഡെടുത്തു. കൗണ്ടര്‍ അറ്റാക്കിംഗിലൂടെയാണിത്. ജുവാന്‍ കാര്‍ലോസ് മെദിനയുടെ ക്രോസില്‍ നിന്നായിരുന്നു വോസോയുടെ ഗോള്‍. എന്നാല്‍, ഒരു മിനുട്ട് പൂര്‍ത്തിയായ ഉടനെ ചിലി ആര്‍തുറോ വിദാലിലൂടെ സമനിലയെടുത്തു. തകര്‍പ്പന്‍ ഹെഡറിലൂടെയായിരുന്നു ഗോള്‍.
ഇരുപത്തൊമ്പതാം മിനുട്ടില്‍ മെക്‌സിക്കോ വീണ്ടും ചിലിയെ ഞെട്ടിച്ചു. ഇത്തവണ അത്‌ലറ്റിക്കോ മാഡ്രിഡ് സ്‌ട്രൈക്കര്‍ ജിമിനെസായിരുന്നു വല കുലുക്കിയത്. അഡ്രിയാന്‍ ആഡ്രെറ്റെയെടുത്ത കോര്‍ണര്‍ കിക്കിലൂടെയാണ് ജിമിനെസിന്‍ ഗോളൊരുങ്ങിയത്. ആതിഥേയര്‍ ആവേശത്തോടെ തിരിച്ചടിക്കാനൊരുങ്ങിയപ്പോള്‍ മത്സരം എന്റര്‍ടെയിനറായി. ആദ്യപകുതിക്ക് മൂന്ന് മിനുട്ട് ശേഷിക്കെ എഡ്വോര്‍ഡോ വര്‍ഗാസിന്റെ ഗോളില്‍ ചിലിക്ക് സമനില. രണ്ടാം പകുതിയിലും ആവേശത്തിന് കുറവില്ലായിരുന്നു. അമ്പത്തഞ്ചാം മിനുട്ടിലെ പെനാല്‍റ്റി ഗോളില്‍ ആര്‍തുറോ വിദാല്‍ 3-2ന് ചിലിയെ മുന്നിലെത്തിച്ചു. ഇതിനിടെ ചിലി ക്യാപ്റ്റന്‍ അലക്‌സിസ് സാഞ്ചസ് നേടിയ ഗോള്‍ ഓഫ് സൈഡില്‍ കുരുങ്ങി.
ഇക്വഡോറിനെതിരെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ക്യാപ്റ്റന്‍ റൊനാള്‍ഡ് റാല്‍ഡസാണ് അഞ്ചാം മിനുട്ടില്‍ ബൊളിവിയക്ക് ലീഡ് സമ്മാനിച്ചത്. പതിനെട്ടാം മിനുട്ടില്‍ മിഡ്ഫീല്‍ഡര്‍ മാര്‍ട്ടിന്‍ ഡാലെന്‍സ് ബൊളിവിയയെ 2-0ന് മുന്നിലെത്തിച്ചു. മാര്‍സലോ മാര്‍ട്ടിന്‍സ് മൂന്നാം ഗോള്‍ നേടി (3-0). രണ്ടാം പകുതിയില്‍ ഇക്വഡോര്‍ ഗംഭീര തിരിച്ചുവരവ് നടത്തി.
ആദ്യ പകുതിയില്‍ പെനാല്‍റ്റി പാഴാക്കിയ വലന്‍സിയ രണ്ടാം പകുതിയില്‍ തുടക്കത്തില്‍ തന്നെ ഗോള്‍ നേടി. ഇരുപത്തഞ്ച് വാര അകലെ നിന്ന് ബൊലാനോട് നേടിയ തകര്‍പ്പന്‍ ഗോളില്‍ ഇക്വഡോര്‍ 3-2ന് പിറകിലെത്തി. എണ്‍പത്തൊന്നാം മിനുട്ടിലായിരുന്നു ഈ ഗോള്‍. ശേഷിക്കുന്ന സമയം ഇക്വഡോര്‍ സമനിലക്കായി പൊരുതിക്കളിച്ചു. ബൊളിവിയ ഗോള്‍കീപ്പര്‍ ക്യുനോനെസ് മികച്ച ഫോമിലേക്കുയര്‍ന്നതോടെ ടീം കാത്തിരുന്ന ജയം കൈവിട്ടില്ല.