Connect with us

Kerala

പാഠപുസ്തകം: വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി; അന്വേഷണത്തിന് ലോകായുക്ത

Published

|

Last Updated

തിരുവനന്തപുരം: പാഠപുസ്തക വിതരണത്തില്‍ സര്‍ക്കാറിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാ നടപടിക്രമങ്ങളും പാലിക്കേണ്ടിവന്നതിനാലാണ് വിതരണം വൈകിയതെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പാഠപുസ്തക അച്ചടിക്ക് റീടെന്‍ഡര്‍ ക്ഷണിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഒരു ടെന്‍ഡര്‍ മാത്രമാണ് നേരത്തെ ലഭിച്ചിരുന്നത്. പരമാവധി വേഗത്തില്‍ റീടെന്‍ഡര്‍ ക്ഷണിച്ച് അച്ചടി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്ധരുടെ യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭാ ഉപസമിതി പരിഗണിക്കുമെന്നും മന്ത്രിസഭാ യോഗ തീരുമാനം വിശദീകരിച്ച് മുഖ്യമന്ത്രി അറിയിച്ചു.

അതിനിടെ, പാഠപുസ്തക അച്ചടിയിലുണ്ടായ പിഴവ് സംബന്ധിച്ച് അന്വേഷിക്കാന്‍ ലോകായുക്ത ഉത്തരവിട്ടു. എഡിജിപി ബി സന്ധ്യക്കാണ് അന്വേഷണ ചുമതല. ആഗസ്റ്റ് 12ന് മുമ്പായി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്. വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുദറബ്ബിനെയും അച്ചടിവകുപ്പിന്റെ ചുമതലയുള്ള മന്ത്രി കെ പി മോഹനനെയും എതിര്‍കക്ഷികളാക്കി സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്നാണ് ലോകായുക്തയുടെ നടപടി.