Connect with us

Gulf

റമസാനില്‍ മാജിദ് അല്‍ ഫുതൈമിന് ജീവകാരുണ്യ പദ്ധതികള്‍

Published

|

Last Updated

ദുബൈ: റമസാനില്‍ മാജിദ് അല്‍ ഫുതൈം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് സീനിയര്‍ ഡയറക്ടര്‍ ഫുആദ് മന്‍സൂര്‍ ശറഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വ്യത്യസ്തതയോടെ (മെയ്ക് എ ഡിഫറന്‍സ്) എന്ന പേരില്‍ മേഖലയില്‍ ജീവകാരുണ്യ പദ്ധതികള്‍ നടത്താന്‍ മാജിദ് അല്‍ ഫുതൈമിന്റെ വിവിധ ശാഖകള്‍ വഴി സഹായം സ്വീകരിക്കും. മേഖലയില്‍ 17 മാളുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ഇതിന് സംവിധാനം ഉണ്ടാകും. യു എ ഇ റെഡ്ക്രസന്റ് സൊസൈറ്റിയുമായി സഹകരിച്ചാണ് ജീവ കാരുണ്യ പദ്ധതി. ഇത് ഒമ്പതാം വര്‍ഷമാണ് റമസാനില്‍ ഇത്തരത്തില്‍ സഹായം നടപ്പാക്കുന്നത്. മാളുകളില്‍ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് വസ്ത്രങ്ങള്‍, പുസ്തകങ്ങള്‍, ഭക്ഷ്യോല്‍പന്നങ്ങള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ സംഭാവന നല്‍കാം. ഇത് സ്വീകരിച്ച് മേഖലയിലെ ദരിദ്രരായ ആളുകള്‍ക്ക് എത്തിക്കും. ജി സി സിക്കു പുറമെ ലബനോന്‍, ഈജിപ്ത് എന്നിവിടങ്ങളിലും സൗകര്യങ്ങളുണ്ടാകും. വീല്‍ ചെയര്‍, കളിപ്പാട്ടങ്ങള്‍, ഇലക്‌ട്രോണിക് ഉല്‍പന്നങ്ങള്‍ എന്നിവയും സ്വീകരിക്കും. കാരഫോര്‍ വഴിയും സഹായം സ്വീകരിക്കും. ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രത്യേക കാര്‍ഡുകള്‍ നല്‍കാന്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യമുണ്ടായിരിക്കും. സിറ്റി സെന്ററുകളിലെ മാജിക് പ്ലാനറ്റുകളിലും സഹായം സ്വീകരിക്കും, അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം സിറ്റി സെന്റര്‍ മാള്‍ 20-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. അതിന്റെ ഭാഗമായി പ്രത്യേക പദ്ധതികളുണ്ടാകുമെന്നും ഫുആദ് മന്‍സൂര്‍ വ്യക്തമാക്കി.
റെഡ് ക്രസന്റ് വഴി 50 ലക്ഷം ദിര്‍ഹമിന്റെ സഹായമാണ് മാജിദ് അല്‍ ഫുതൈം എത്തിക്കുന്നതെന്ന് യു എ ഇ റെഡ് ക്രസന്റ് മാനേജര്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഹാജ് അല്‍ സറൂനി വ്യക്തമാക്കി. യു എ ഇയില്‍ സിറ്റി സെന്റര്‍ അജ്മാന്‍, സിറ്റി സെന്റര്‍ ദേര, മാള്‍ ഓഫ് ദി എമിറേറ്റ്‌സ്, സിറ്റി സെന്റര്‍ ഷാര്‍ജ തുടങ്ങിയ സ്ഥലങ്ങളില്‍ റമസാന്‍ ജീവ കാരുണ്യ പദ്ധതികള്‍ക്ക് സൗകര്യമുണ്ടായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Latest