Connect with us

Kerala

ലൈറ്റ് മെട്രോ: തീരുമാനം തിരഞ്ഞെടുപ്പിന് ശേഷം

Published

|

Last Updated

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിയുടെ കാര്യത്തിലെ മന്ത്രിസഭാ തീരുമാനം അരുവിക്കര ഉപതിരഞ്ഞെടുപ്പിന് ശേഷം. ഡി എം ആര്‍ സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരനുമായി നേരത്തെയുണ്ടാക്കിയ ധാരണയനുസരിച്ച് തന്നെ മുന്നോട്ടുപോകാമെന്നും വിവാദങ്ങള്‍ ഒഴിവാക്കണമെന്നും ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചു. ലൈറ്റ് മെട്രോ സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതിയാണെന്നും വായ്പാലഭ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ അനാവശ്യവിവാദങ്ങള്‍ പാടില്ല. പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ വിളിക്കാതെ ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ (ഡി എം ആര്‍ സി) ഏല്‍പ്പിച്ചതിനെതിരെ ചീഫ് സെക്രട്ടറി ജിജി തോംസണും ധനകാര്യവകുപ്പും രംഗത്തുവന്ന സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാലാണ് ഡി എം ആര്‍ സി സമര്‍പ്പിച്ച പദ്ധതിരേഖ (ഡി പി ആര്‍) മന്ത്രിസഭയുടെ പരിഗണനക്ക് കൊണ്ടുവരാത്തത്. ഡി പി ആര്‍ ലഭിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞ സാഹചര്യത്തില്‍ ഇനിയും തീരുമാനം വൈകരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കഴിഞ്ഞു വരുന്ന ആദ്യമന്ത്രിസഭാ യോഗത്തില്‍ ഡി പി ആര്‍ അംഗീകരിക്കും. മോണോ റെയില്‍ പദ്ധതി ഉപേക്ഷിച്ച സാഹചര്യത്തില്‍ സ്ഥാപനത്തിന്റെ പേര് കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പ്പറേഷന്‍ എന്നാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രജിസ്ട്രാര്‍ ഓഫ് കമ്പനിയുടെ പരിഗണനയിലാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Latest