Connect with us

Ongoing News

ഗള്‍ഫിലെ നോമ്പുകാലം

Published

|

Last Updated

ഇത് ഗള്‍ഫിലെ റമസാന്‍കാലം. സമയം വൈകുന്നേരം നാലുമണി കഴിഞ്ഞു. പ്രത്യേകം കെട്ടിപ്പൊക്കിയ കൂടാരങ്ങളിലും മസ്ജിദുകളുടെ മുറ്റത്തും അറബികള്‍ നോമ്പ് തുറ(ഇഫ്ത്വാര്‍)ക്കുള്ള ഒരുക്കം തുടങ്ങി. അലീസയുടെയും ബിരിയാണിയുടെയും വലിയ ചെമ്പുകള്‍ നാനാഭാഗത്തുകൂടിയും വന്നിറങ്ങിക്കൊണ്ടിരിക്കുന്നു. ആയിരങ്ങള്‍ക്ക് സൗകര്യമൊരുക്കി, പായ വിരിച്ച്, ഭക്ഷണസാധനങ്ങള്‍ നിറച്ച തളികകള്‍ നിരത്തി, അതിഥികളെ കാത്തിരിക്കുകയാണ് ശൈഖുമാരും ഉന്നതരായ അറബികളുമെല്ലാം. കുറേപേര്‍ റോഡരികിലും വണ്ടികള്‍ നിറുത്താന്‍ സാധ്യതയുള്ള സിഗ്നലുകളുടെ സമീപവും ബിരിയാണി നിറച്ച സഞ്ചികളും ജ്യൂസും പഴങ്ങളുമായും കാത്തിരിക്കുന്നു. ആരാണ് അതിഥികള്‍..? ജീവിക്കാന്‍ ഗതിയില്ലാതെ തൊഴില്‍തേടിയെത്തിയ പാവം വിദേശികള്‍, യാത്രക്കാര്‍,.. ഇത് ഗള്‍ഫിലെ അവിസ്മരണീയ റമസാന്‍ കാഴ്ച.

റമസാന്‍ അറബികള്‍ക്ക് ആഘോഷമാണ്. ഭക്തിയിലും തഖ്‌വയിലും(സൂക്ഷ്മത) അധിഷ്ഠിതമായ ആഘോഷം.
സല്‍ക്കാരത്തിന്റെയും ആതിഥ്യത്തിന്റെയും പാരമ്പര്യവും പൈതൃകവുമുളള അറബികള്‍ റമസാനില്‍ കൂടുതല്‍ വെച്ചുവിളമ്പി വിരുന്നൂട്ടുന്നു. എല്ലാ പള്ളികളിലും സമുഹ നോമ്പുതുറ(ഇഫ്ത്വാര്‍ പാര്‍ട്ടി)യുണ്ടാകും. റമസാനില്‍ നോമ്പു തുറക്ക് ആരും ഭക്ഷണം ഉണ്ടാക്കേണ്ട. അടുത്തുള്ള പള്ളിയിലെത്തിയാല്‍മതി. വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പിവെച്ച് അറബികള്‍ കാത്തിരിക്കുന്നുണ്ടാകും. സ്വന്തമായി കൂടാരങ്ങള്‍ കെട്ടിയുണ്ടാക്കി നൂറുകണക്കിനാളുകള്‍ക്ക് റമസാന്‍ മുഴുവന്‍ ഇഫ്ത്വാര്‍ ഒരുക്കുന്ന അറബികള്‍ ധാരാളമുണ്ട് ഗള്‍ഫ് നാടുകളില്‍. മതകാര്യവകുപ്പും (ഔഖാഫ്) ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യുന്നു.

വൈകൂന്നേരമാകുമ്പോഴേക്ക് പള്ളികളുടെ മുറ്റത്ത് വലിയ ഭക്ഷണച്ചെമ്പുകള്‍ വന്നിറങ്ങും. മുന്തിയ ഭക്ഷണമാണ് നോമ്പുകാരെ സല്‍ക്കരിക്കാന്‍ അറബികള്‍ തയാറാക്കുന്നത്. ആട്ടിറച്ചിയും ഗോതമ്പും നെയ്യില്‍ വേവിച്ച് വറുത്തെടുത്ത അലീസയാണ് മുഖ്യം. ആട് ബിരിയാണിയും കോഴി ബിരിയാണിയുമുണ്ടാകും. ഈത്തപ്പഴം, മുന്തിരി, ആപ്പിള്‍, മാങ്ങ, നാരങ്ങ തുടങ്ങി വിവിധ ഇനം പഴങ്ങളും മധുരശീതള പാനീയങ്ങളും പലഹാരങ്ങളും..മതിയാവോളം തിന്നാം..കുടിക്കാം.

സമുഹ നോമ്പുതുറ സൗഹൃദ സംഗമവേദി കൂടിയാണ്. ജാതി മത ദേശ ഭാഷ വ്യത്യാസമില്ലാതെ എല്ലാവരും ഇതില്‍ പങ്കാളികളാകുന്നു. അറബിയും ഇന്ത്യനും പാക്കിസ്ഥാനിയും ബംഗാളിയും ഇറാനിയും ഇറാഖിയും ഇംഗ്ലീഷുകാരുമെല്ലാം ഒരു തളികക്ക്ചുറ്റും വട്ടമിട്ടിരുന്ന് ഒരേ പാത്രത്തില്‍നിന്ന് ഭക്ഷിക്കുന്നത്കണ്ട് നല്ലവരായ അറബികള്‍ സായൂജ്യമടയുന്നു. ഉന്നതരായ അറബികളും ഇവരോടൊന്നിച്ചിരുന്ന് നോമ്പുതുറക്കുന്നു. ഇപ്പോള്‍ സാംസ്‌കാരിക സംഘടനകളും അസോസിയേഷനുകളും ഇഫ്താര്‍ പാര്‍ട്ടി സംഘടിപ്പിച്ചുവരുന്നു.ണ്ട്

മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് അറബികളോടൊപ്പമുള്ള നോമ്പും പെരുന്നാളും പ്രത്യേക അനുഭൂതിയും വിശുദ്ധിയും പകരുന്നു. ഒരു ജനതയല്ല ഒരു രാജ്യം തന്നെ നോമ്പെടുക്കുന്ന മട്ടാണിവിടെ. യു.എ.ഇയില്‍ വ്രതമനുഷ്ഠിക്കുന്ന ധാരാളം അമുസ്‌ലിം സ്ത്രീ പുരുഷന്മാരുണ്ട്. ഇവരെല്ലാം ഇഫ്താര്‍ പാര്‍ട്ടിയില്‍ പങ്കാളികളാകുന്നു.

രാവിനെ “ഹയാത്താക്കു”ന്ന(ജീവസ്സുറ്റതാക്കുന്ന) കാലമാണ് റമസാന്‍. അറബികള്‍ “മജ്‌ലിസു”കളിലും റമാസാനോടനുബന്ധിച്ച് കെട്ടിയുണ്ടാക്കിയ “ഖൈമ”കളിലും ഒത്തുചേരുന്നു. രാത്രി ഏറെനേരം ഇവിടെ ചെലവഴിക്കും. എന്നാല്‍ പകല്‍സമയം ആരും നിഷ്‌ക്രിയരാകുന്നുമില്ല. യു.എ.ഇയില്‍ റമസാന് പ്രത്യേകം അവധിയില്ല. വിദ്യാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും വ്യവസായശാലകളുമെല്ലാം പ്രവര്‍ത്തിക്കും. പ്രവൃത്തി സമയത്തില്‍ ചില്ലറ മാറ്റങ്ങളുണ്ടാകുമെന്നേയുള്ളൂ. അതേസമയം റമസാന്റെ പവിത്രതക്ക് മങ്ങലേല്‍പ്പിക്കുന്നതൊന്നും പാടില്ല. ഭക്ഷണശാലകളും വിനോദകേന്ദ്രങ്ങളും പകലില്‍ തുറന്ന് പ്രവര്‍ത്തിച്ചുകൂടാ. വ്രതനുഷ്ഠിക്കാത്തവര്‍ പരസ്യമായി തിന്നാനും കുടിക്കാനും പാടില്ല.

നോമ്പുതുറയുടെ തൊട്ടുമുമ്പ് കഫറ്റേരിയകള്‍ക്ക് മുമ്പിലും പള്ളികള്‍ക്ക് സമീപവും വഴിയോരങ്ങളിലും പലവിധ പലഹാരങ്ങള്‍ നിരത്തപ്പെടും. കോഴിക്കോട്, കണ്ണൂര്‍, തലശ്ശേരി വിഭവങ്ങള്‍ക്കൊന്നും ദുബായില്‍ യാതൊരു പഞ്ഞവുമില്ല. എല്ലാ അപ്പത്തരങ്ങളും ഇവിടെ റെഡി. അതിനാല്‍ നാട്ടിലെപ്പോലെ പെണ്ണുങ്ങള്‍ക്ക് അടുക്കളയിലെ ബേജാറും സമയക്കുറവും ഇവിടെയില്ല. വേണ്ടതെല്ലാം വാങ്ങാന്‍ കിട്ടും.

റമാസാനോടനുബന്ധിച്ച് യു.എ.ഇയില്‍ സര്‍ക്കാരിന്റെ പല പരിപാടികളുമുണ്ടാകും. ഷാര്‍ജ റമദാന്‍ ഫെസ്റ്റിവല്‍ ഇതില്‍ ശ്രദ്ധേയമാണ്. മതം, സംസ്‌കാരം, പാരമ്പര്യം, കല, ആരോഗ്യം, കായികം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരിപാടികളും വിനോദ പ്രകടനങ്ങളും കച്ചവട സ്റ്റാളുകളും ഉണ്ടാകും.
നോമ്പും പെരുന്നാളുമായാല്‍ ഗള്‍ഫ് മലയാളികള്‍ക്ക് ഒരൊറ്റ ബേജാറേയുള്ളൂ. നാട്ടില്‍ കൂടുതല്‍ പണം ആവശ്യമായ സമയമാണെന്ന ബേജാറ്.

Latest