Connect with us

Eranakulam

പ്രമേഹരോഗം മാറ്റാന്‍ ഹൈബ്രിഡ് ശസ്ത്രക്രിയ: ഡോ. പത്മകുമാറിന്റെ കണ്ടെത്തലിന് ആഗോള അംഗീകാരം

Published

|

Last Updated

കൊച്ചി: പ്രമേഹരോഗം പൂര്‍ണ്ണമായി മാറ്റുന്നതിനുള്ള നൂതന രീതിയായ ഹൈബ്രിഡ് ശസ്ത്രക്രിയക്ക് ആഗോള അംഗീകാരം. മിനിമലി ഇന്‍വേസിവ് ഹൈബഹ്രിഡ് ഇലിയല്‍ ഇന്റര്‍ പൊസിഷന്‍ എന്ന ശസ്ത്രക്രിയ കൊച്ചി സണ്‍റൈസ് ഹോസ്പിറ്റലിലെ മെറ്റാബോളിക് സര്‍ജന്‍ ഡോ. ആര്‍ പത്മകുമാറും സംഘവുമാണ് വികസിപ്പിച്ചെടുത്തത്. ചെറുകുടല്‍ മൂന്നിടത്ത് മുറിച്ച് ആമാശയത്തോട് ചേര്‍ന്നുള്ള ഭാഗം വന്‍കുടിലിനോട് ചേര്‍ത്തും വന്‍കുടലുമായി ചേര്‍ന്നുള്ള ഭാഗം ആമാശയത്തോടു ചേര്‍ത്തും വെച്ചുപിടിപ്പിക്കുന്നതാണ് അപൂര്‍വമായ ഈ ശസ്ത്രക്രിയ. അമിതവണ്ണമുള്ള ടൈപ്പ് 2 പ്രമേഹം ബാധിച്ചവര്‍ക്കാണ് ഇത് അനുഗ്രഹമാകുക.
ആമാശയത്തില്‍ നിന്ന് ഭക്ഷണം ചെറുകുടലിലേക്ക് പ്രവേശിക്കുമ്പോഴാണ് പാന്‍ക്രിയാസില്‍ നിന്ന് ആവശ്യമായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നത്. പ്രമേഹ രോഗികളില്‍ ആമാശയത്തില്‍ നിന്ന് ചെറുകുടല്‍ തുടങ്ങുന്ന ഭാഗത്തിന് സംവേദനക്ഷമത കുറയുകയും ഇതുമൂലം ഇന്‍സുലിന്‍ ഉത്പാദനത്തിന്റെ സന്തുലനം നഷ്ടപ്പെടുകയും ചെയ്യുന്നു. വന്‍കുടലിനോട് ചേര്‍ന്ന ഭാഗത്ത് ചെറുകുടലിന് ഈ സംവേദന ക്ഷമത നഷ്ടപ്പെടാത്തതിനാല്‍ ഈ ഭാഗം മുറിച്ചെടുത്ത് ആമാശയത്തോട്് ചേരുന്ന ഭാഗത്ത് വെച്ചു പിടിപ്പിക്കുന്നതിലൂടെ ഭക്ഷണം ചെറുകുടലിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ സന്തുലിതമായി ഇന്‍സുലിന്‍ ഉത്പാദനം നടക്കും. ഇന്‍സുലിന്‍ ഉത്പാദനം സന്തുലിതമാകുന്നതോടെ പ്രമേഹത്തില്‍ നിന്നും രോഗി മോചിതനാകും.
ചെറിയ മുറിവുണ്ടാക്കിയാണ് വേദനാരഹിതമായി ശസ്ത്രക്രിയ നടത്തുന്നത്. രണ്ടു ദിവസത്തിനകം രോഗിക്ക് നടക്കാന്‍ കഴിയും. ശസ്ത്രക്രിയക്ക് വിധേയരാകുന്നവര്‍ക്ക് 15 വര്‍ഷം വരെ പ്രമേഹം ഉണ്ടാകില്ല. ഭക്ഷണ ക്രമീകരണഅനിവാര്യമാണ്. തൊണ്ണൂറു ശതമാനം പേര്‍ക്കും പ്രമേഹ മരുന്നുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കുവാനും മറ്റുള്ളവര്‍ക്ക് മരുന്നുകള്‍ ഗണ്യമായി കുറക്കാനും സാധിക്കുമെന്ന് ഡോ.പത്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശസ്ത്രക്രിയയിലൂടെ പ്രമേഹ രോഗിയുടെ ആയുസ് 20 വര്‍ഷം വരെ നീട്ടിക്കിട്ടുമെന്നും ഇത് ഒരു നാഴികക്കല്ലാണെന്നും സണ്‍റൈസ് ആശുപത്രി ചെയര്‍മാന്‍ ഡോ. ഹഫീസ് റഹ്്മാന്‍ പറഞ്ഞു. നാല് ലക്ഷം രൂപയാണ് ശസ്ത്രക്രിയാചിലവ്.
കാക്കനാട്ടെ സണ്‍റൈസ് ആശുപത്രിയിലും ദുബൈയിലെ ഇന്റര്‍നാഷണല്‍ മോഡേണ്‍ ആശുപത്രിയിലുമായി ഡോ. പത്മകുമാറിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് രോഗികളില്‍ വിജയകരമായി ഈ ശസ്ത്രക്രിയ നടത്തിവരുന്നുണ്ടെങ്കിലും സര്‍ജിക്കല്‍ ഇനോവേഷന്‍ എന്ന ഇന്റര്‍ നാഷണല്‍ ജേര്‍ണല്‍ ജൂണ്‍ എഡിഷനില്‍ വളരെ പ്രാധാന്യത്തോടെ ഈ നൂതന ശസ്ത്രക്രിയയുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതോടെയാണ് ഇതിന് വൈദ്യശാസ്ത്ര ലോകത്തിന്റെ അംഗീകാരം ലഭിച്ചത്. താക്കോല്‍ദ്വാര ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ആര്‍ പത്മകുമാറിനോടൊപ്പം ഡോ. മധുകര പൈ, ഡോ. ഫാരിഷ് ഷംസ്, ഡോ. പി.ജി.ഷാജി, ഡോ. പ്രവീണ്‍ കുമാര്‍, ഡോ. വാണി കൃഷ്ണ, ഡോ. അനിതാ ദേവി, ഡോ. സുള്‍ഫിയാ പി ജെ വാര്‍ത്താസ്‌മ്മേളനത്തില്‍ പങ്കെടുത്തു.

Latest