Connect with us

International

യമന്‍ സംഘര്‍ഷം: അനുരഞ്ജനത്തിന് പഴുതില്ലാതെ ജനീവ ചര്‍ച്ച

Published

|

Last Updated

സന്‍ആ/ജനീവ: യമന്‍ പ്രസിസന്ധി സംബന്ധിച്ച് ജനീവയില്‍ നടക്കുന്ന ചര്‍ച്ചയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ തുടരുന്നു. പലായനം ചെയ്ത പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദി നേതൃത്വം നല്‍കുന്ന ഔദ്യോഗിക വിഭാഗവും അവരെ പിന്തുണക്കുന്ന അറബ് സഖ്യവും ഒരു ഭാഗത്തും വിമത വിഭാഗമായ ഹൂതികളും അവരെ പിന്തുണക്കുന്ന ഗ്രൂപ്പുകളും മറുഭാഗത്തും നിലയറപ്പിക്കവേ സമവായത്തിനുള്ള സാധ്യത ചര്‍ച്ചയുടെ മൂന്നാം ദിവസവും അകന്നു നില്‍ക്കുകയാണ്.
ചര്‍ച്ച പൊളിയാതിരിക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് യു എന്‍ സംഘം. ഇരുപക്ഷത്തേയും ചര്‍ച്ചയുടെ അന്തരീക്ഷത്തിലേക്ക് കൊണ്ടുവരാന്‍ പോലും സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
രണ്ടാഴ്ചത്തേക്കെങ്കിലും മാനുഷിക പരിഗണന വെച്ചുള്ള വെടിനിര്‍ത്തല്‍ അനിവാര്യമായ സ്ഥിതിയാണ് യമനില്‍ ഉള്ളത്. ഈ സാഹചര്യത്തില്‍ സമവായമുണ്ടാക്കാനുള്ള ശ്രമം യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ നേരിട്ട് തന്നെ നടത്തുകയാണ്. ചര്‍ച്ച തുടരുന്നു എന്നത് മാത്രമാണ് ഇപ്പോള്‍ പോസിറ്റീവായ കാര്യം. ഒരു സംഘവും ചര്‍ച്ചക്കുള്ള വാതില്‍ അടച്ചില്ലെന്നത് പ്രതീക്ഷ പകരുന്നതാണെന്ന് ഒരു പാശ്ചാത്യ നയതന്ത്രജ്ഞന്‍ പറഞ്ഞു.
വിമതരുടെ പ്രതിനിധി സംഘത്തിന്റെ വലിപ്പം തന്നെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നേരത്തേ നിശ്ചയിച്ചത് 10 പേരാണെന്നിരിക്കെ 22 പേരാണ് പങ്കെടുക്കുന്നത്. ഇവരുടെ എണ്ണം കുറക്കാനുള്ള ചര്‍ച്ചയിലാണ് യമന്‍ കാര്യങ്ങളുടെ ചുമതലയുള്ള യു എന്‍ പ്രതിനിധി ഇസ്മാഈല്‍ ശൈഖ് അഹ്മദ് ഏര്‍പ്പെട്ടിരിക്കുന്നത്. ഇരു സംഘവും തമ്മില്‍ തുല്യതയുണ്ടെങ്കിലേ ചര്‍ച്ച ശരിയായി മുന്നോട്ട് പോകുകയുള്ളൂ. ഇക്കാര്യത്തില്‍ വിമത സംഘം വഴങ്ങിയേ തീരൂ. അതിനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്- ഇസ്മാഈല്‍ പറഞ്ഞു. യമന്‍കാര്‍ പരസ്പരം ചര്‍ച്ച ചെയ്യാതെ യു എന്നിന് ഒന്നും ചെയ്യാനാകില്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അവര്‍ തമ്മില്‍ ഒരു സമവായത്തില്‍ എത്താതെ മറ്റാര്‍ക്കും ഒന്നും ചെയ്യാനാകില്ല. വിമതര്‍ എല്ലാ ഭാഗത്ത് നിന്നും പിന്‍വാങ്ങാതെ ഒരു ചര്‍ച്ചയും സാധ്യമല്ലെന്ന നിലപാടില്‍ ഔദ്യോഗിക പക്ഷം ഉറച്ച് നില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ തീരുമാനമായിട്ട് മതി ചര്‍ച്ചയെന്നാണ് യമന്‍ വിദേശകാര്യ മന്ത്രി റിയാദ് യാസീന്‍ പറയുന്നത്. അവര്‍ ആദ്യം എല്ലാ പ്രവിശ്യയില്‍ നിന്നും പിന്‍വാങ്ങട്ടെ. തുടര്‍ന്ന് രക്ഷാ സമിതിയുടെ 2216 പ്രമേയം അനുസരിച്ച് വെടിനിര്‍ത്തലാകാം- റിയാദ് യാസീന്‍ പറഞ്ഞു.
എന്നാല്‍ വിമതപക്ഷം നേരെ വിപരീതമായ വാദമാണ് മുന്നോട്ട് വെക്കുന്നത്. സഊദി അറേബ്യ സമാധാന ചര്‍ച്ചകളെ തകര്‍ക്കുകയാണെന്നും പുറത്താക്കപ്പെട്ട സര്‍ക്കാര്‍ യു എന്നിന് മേല്‍ സ്വന്തം അജന്‍ഡ അടിച്ചേല്‍പ്പിക്കുകയാണെന്നും അവര്‍ വാദിക്കുന്നു. തലസ്ഥാനമായ സന്‍ആയടക്കം നിരവധി പ്രവിശ്യകള്‍ വിമതരുടെ നിയന്ത്രണത്തിലാണ്.
യു എന്‍ നിഷ്പക്ഷമായി കാര്യങ്ങള്‍ തീരുമാനിക്കട്ടെ. നിങ്ങള്‍ നിങ്ങളുടെ അഭിപ്രായം അടിച്ചേല്‍പ്പിക്കുന്നത് അവസാനിപ്പക്കണമെന്ന് വിമത നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂതി ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഇറാന്റെ പിന്തുണയോടെ നീങ്ങുന്ന ഹൂതി വിമതര്‍ രാജ്യത്ത് പിടിമുറുക്കിയതോടെ പ്രിസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദി ഫെബ്രുവരിയിലാണ് സഊദിയിലേക്ക് പലായനം ചെയ്തത്.
അദ്ദേഹത്തെ പുനരവരോധിക്കാനും ഹൂതികളെ തുരത്താനുമായി മാര്‍ച്ചില്‍ സംയുക്ത സേന വ്‌യോമാക്രമണം തുടങ്ങി. മാസങ്ങള്‍ പിന്നിട്ടിട്ടും സംയുക്ത സൈന്യത്തിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ ട്ടില്ല. രാജ്യത്ത് നിലനില്‍ക്കുന്ന അരാജകത്വവും സംഘര്‍ഷാവസ്ഥയും വലിയ മാനുഷിക പ്രതിസന്ധി സൃഷിടിച്ചിരിക്കുകയാണ്.
പക്ഷേ, ഇത് മാത്രമല്ല പാശ്ചാത്യരുടെ ആശങ്കക്ക് കാരണം. മേഖലയില്‍ ശക്തമായ അല്‍ഖാഇദ സാന്നിധ്യമുണ്ട്. നിലവിലെ അരാജകത്വത്തിനിടെ അവര്‍ മാരകമായ പ്രഹര ശേഷി കൈവരിക്കുമെന്ന് അവര്‍ വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് തിരക്കിട്ട ചര്‍ച്ചകള്‍ അവര്‍ നേതൃത്വം നല്‍കുന്നത്. രാഷ്ട്രീയ പരിഹാരമാണ് ഏറ്റവും നല്ല വഴിയെന്ന് യു എസ് വിദേശകാര്യ മന്ത്രാലയത്തിലെ പ്രസ് ഡയറക്ടര്‍ ജെഫ് റാത്‌കേ പറഞ്ഞു. സഊദി നേതൃത്വത്തിലുള്ള സൈനിക നടപടി തുടങ്ങിയ ശേഷം യമനില്‍ 279 കുട്ടികള്‍ മരിച്ചുവെന്നാണ് യു എന്‍ കണക്ക്.

---- facebook comment plugin here -----

Latest