Connect with us

Editorial

വി ഐ പികള്‍ക്കും വേഗപ്പൂട്ട്

Published

|

Last Updated

മന്ത്രിമാര്‍, പോലീസുദ്യോഗസ്ഥര്‍ തുടങ്ങി ഉന്നതര്‍ക്ക് വേണ്ടി ട്രാഫിക് നിയമങ്ങള്‍ ലംഘിക്കരുതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഡി ജി പി സെന്‍കുമാറും കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ചുവന്ന സിഗ്നലുകള്‍ കത്തുമ്പോള്‍ തന്നെ ട്രാഫിക് പോലീസുകാര്‍ മറ്റു വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി മുതിര്‍ന്ന പോലീസുേദ്യാഗസ്ഥരെ കടത്തിവിടാറുണ്ട്. ഒരു കാരണവശാലും ഇത് അനുവദിക്കില്ലെന്നാണ് ഡി ജി പിയുടെ പ്രഖ്യാപനം. ഗതാഗത നിയമങ്ങള്‍ സാധാരണക്കാര്‍ക്ക് മാത്രമല്ല ഉദ്യോഗസ്ഥര്‍ക്കും ബാധകമാണെന്നും ശുഭയാത്ര പദ്ധതി വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ അദ്ദേഹം ഓര്‍മിപ്പിക്കുകയുണ്ടായി. അമിതവേഗത്തില്‍ പായുന്നത് മന്ത്രിമാരുടെ വാഹനങ്ങളായാലും നടപടിയെടുക്കുമെന്നാണ് ആഭ്യന്തരമന്ത്രിയുടെ മുന്നറിയിപ്പ്.
വി ഐ പികളുടെ നിയമലംഘനം ഗതാഗത പ്രശ്‌നങ്ങളും മന്ത്രിമാരുടെ വാഹനങ്ങള്‍ നിരന്തരം അപകടങ്ങളും സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രിയുടെയും ഡി ജി പിയുടെയും ഈ പ്രഖ്യാപനങ്ങള്‍. വി ഐ പികളുടെ വാഹനങ്ങള്‍ക്കും വേഗപ്പൂട്ട് ഇടണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഇതിനകം ഉയര്‍ന്നതുമാണ്. മന്ത്രിമാരുടെയും എം എ എല്‍മാരുടെയും വാഹനങ്ങള്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ നാല് പേരുടെ ജീവനപഹരിക്കുകയും നിരവധി അപകടങ്ങള്‍ വരുത്തി വെക്കുകയുണ്ടായി. മന്ത്രി കെ സി ജോസഫിന്റെ കാറിടിച്ചു അങ്കമാലിയില്‍ രണ്ട് കാല്‍നട യാത്രക്കാരും കെ മുരളീധരന്‍ എം എല്‍ എയുടെ കാറിടിച്ചു തൃശൂരില്‍ സൈക്കിള്‍ യാത്രക്കാരനും മന്ത്രി അനൂപ് ജേക്കബിന്റെ കാറിടിച്ചു 72 വയസ്സുള്ള വയോധികനും മരിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മറ്റും വാഹനങ്ങള്‍ സൃഷ്ടിച്ച അപകടങ്ങളില്‍ പലര്‍ക്കും പരിക്കേറ്റു. മന്ത്രിമാരുടെ വാഹനങ്ങള്‍ക്ക് അകമ്പടി സേവക്കാരും അപകടങ്ങള്‍ സൃഷ്ടിക്കാറുണ്ട്. അമിത വേഗമാണ് മിക്കതിനും കാരണം. സാധാരണക്കാര്‍ 40-50 കി. മീറ്റര്‍ സ്പീഡില്‍ വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ 100 കി. മീറ്റര്‍ വേഗത്തിന് പുറത്താണ് മന്ത്രിമാരുടെ വാഹനങ്ങള്‍ ചീറിപ്പായുന്നത്. നഗരപരിധിയില്‍ മണിക്കൂറില്‍ 40 കിലോമീറ്ററും ഹൈവേയില്‍ 70 കിലോമീറ്ററുമാണ് കാറുകളുടെ വേഗപരിധിയെങ്കിലും വി ഐ പികളുടെ വാഹനങ്ങള്‍ പലപ്പോഴും ഇത് പാലിക്കാറില്ല.
സാധാരണക്കാര്‍ക്കും വി ഐ പികള്‍ക്കും രണ്ട് തരത്തിലുള്ള റോഡ് നിയമങ്ങളാണ് കണ്ടുവരുന്നത്. എയര്‍ ഹോണ്‍ മൊത്തത്തില്‍ നിരോധിച്ചിട്ടുണ്ടെങ്കിലും മിക്ക മന്ത്രിമാരുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും വാഹനങ്ങളില്‍ എയര്‍ ഹോണ്‍ ഘടിപ്പിട്ടുണ്ട്. തുടരെത്തുടരെ ഇത് മുഴക്കി ജനത്തിന് ശല്യം സൃഷ്ടിച്ചും പേടിപ്പിച്ചുമാണ് ഇവരുടെ യാത്ര. മോട്ടോര്‍ വാഹനനിയമത്തിലെ 112-ാം വകുപ്പനുസരിച്ച് റോഡുകളില്‍ വേഗപരിധി മറികടക്കുന്നതും 119-ാം വകുപ്പനുസരിച്ച് ട്രാഫിക് സിഗ്‌നല്‍ ലംഘിക്കുന്നതും നിയമവിരുദ്ധമാണെങ്കിലും മന്ത്രിമാരുടെ വാഹനങ്ങള്‍ ഇത് പാലിക്കുന്നത് അപൂര്‍വമാണ്. മന്ത്രിമാരുടെ വാഹനവ്യൂഹം വരുന്നതായി അറിയിപ്പ് കിട്ടുമ്പോള്‍ തന്നെ ട്രാഫിക് സിഗ്‌നല്‍ ഓഫാക്കുന്നതും പതിവാണ്. വേലി തന്നെ വിളവ് തിന്നുന്നതിനാല്‍ കുറ്റവും ശിക്ഷയും ഉണ്ടാകാറുമില്ല. മന്ത്രിവാഹനമോ അകമ്പടി വാഹനമോ ഇടിച്ചു മരണപ്പെടുകയോ ഗുരുതരമായി പരിക്കേല്‍പ്പിക്കപ്പെടുകയോ ചെയ്ത സംഭവങ്ങളിലൊന്നും ആരും ശിക്ഷിക്കപ്പെട്ടതായി കേട്ടിട്ടില്ല. വി ഐ പികള്‍ക്ക് വഴിയൊരുക്കാനായി പൊലീസ് നടപ്പിലാക്കുന്ന ഗതാഗതനിയന്ത്രണം ആംബുലന്‍സില്‍ വരുന്ന രോഗികളെ പോലും വലയ്ക്കാറുണ്ട്. അവരുടെ വാഹനങ്ങള്‍ കടന്നുപോകുന്ന ഭാഗങ്ങളില്‍ ഇരുചക്രവാഹന യാത്രികരും മറ്റും പൊരിവെയിലേറ്റ് ഊഴം കാത്തുകിടക്കുന്ന കാഴ്ച പതിവാണ്. പോലീസ് വാഹനങ്ങള്‍ പാര്‍ക്കിംഗ് നിരോധിത മേഖലകളില്‍ പാര്‍ക്ക് ചെയ്യലും ചുവന്ന ലൈറ്റ് കത്തിക്കൊണ്ടിരിക്കെ റോഡ് മുറിച്ചു കടക്കലും അസാധാരണമല്ല. ഡി ജി പി സെന്‍കുമാര്‍ അഭിപ്രായപ്പെട്ടത് പോലെ ഇത്തരം പരസ്യമായ നിലമലംഘനങ്ങള്‍ പോലീസുദ്യോഗസ്ഥരെക്കുറിച്ചു ജനങ്ങള്‍ക്കിടയില്‍ അവജ്ഞയും അവമതിപ്പും സൃഷ്ടിക്കാനേ ഇടയാക്കൂ.
വി ഐ പികളുടെ ഗതാഗത ലംഘനം കര്‍ശനമായി തടയുമെന്ന് ഡി ജി പിയും നിയമലംഘനം നടത്തിയാല്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രിയും പ്രഖ്യാപിച്ചെങ്കിലും പൂച്ചക്ക് ആര് മണികെട്ടുമെന്നതാണ് പ്രശ്‌നം. ഋഷിരാജ്‌സിംഗ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ ഇതുപോലൊരു പ്രഖ്യാപനം നടത്തിയതാണ്. അദ്ദേഹത്തിന്റെ ശ്ലാഘനീയമായ നീക്കത്തിന് സഹകരണം പ്രഖ്യാപിക്കുന്നതിന് പകരം അതിനെതിരെ ഗതാഗത മന്ത്രിയോട് പരാതിപ്പെടുകയും സിംഗിന്റെ വായക്കും കൈകള്‍ക്കും തടയിടണമെന്നാവശ്യപ്പെടുകയുമായിരുന്നു ചില മന്ത്രിമാര്‍ അന്ന് ചെയ്തത്. ഈ സാഹചര്യത്തില്‍ രമേശ് ചെന്നിത്തലയുടെയും സെന്‍കുമാറിന്റെയും പ്രഖ്യാപനങ്ങള്‍ പാഴ്‌വാക്കായി അവശേഷിക്കാനേ സാധ്യതയുള്ളു.

Latest