Connect with us

National

ടി ആര്‍ എസില്‍ ചേരാന്‍ ചന്ദ്രശേഖര റാവു സമ്മര്‍ദം ചെലുത്തിയെന്ന് തെലുങ്കുദേശം എം എല്‍ എ മാര്‍

Published

|

Last Updated

ഹൈദരാബാദ്: വോട്ടിന് പകരം നോട്ട് കേസില്‍ നടപടികള്‍ തുടരവേ തെലങ്കാനയിലെ തെലുങ്കുദേശം പാര്‍ട്ടി എം എല്‍ എമാര്‍ പുതിയ ആരോപണവുമായി രംഗത്ത്. തെലങ്കാനാ രാഷ്ട്ര സമിതി(ടി ആര്‍ എസ്) നേതാക്കളായ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അടക്കമുള്ളവര്‍ പാര്‍ട്ടി വിട്ട് ടി ആര്‍ എസില്‍ ചേരാന്‍ തങ്ങള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദം ചെലുത്തിയെന്ന് ആരോപണവുമായി രംഗത്തെത്തി. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആന്റി കറപ്ഷന്‍ ബ്യൂറോയെ സമീപിച്ചിരിക്കുകയാണ് അവര്‍. തെലങ്കാനാ ലെജിസ്‌ലേറ്റീവ് കൗണ്‍സിലിലേക്ക് നടന്ന വോട്ടെടുപ്പില്‍ ടി ഡി പി- ബി ജെ പി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ നോമിനേറ്റഡ് അംഗത്തിന് കൈക്കൂലി കൊടുക്കാന്‍ ശ്രമിക്കവേ ടി ഡി പി എം എല്‍ എ അറസ്റ്റിലായതോടെയാണ് സംഭവപരമ്പരകള്‍ക്ക് തുക്കമായത്. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള വടം വലിയായി സംഭവം വളര്‍ന്നിരിക്കുകയാണ്.
ടി ആര്‍ എസില്‍ ചേരാന്‍ ചന്ദ്രശേഖര റാവു അടക്കമുളളവര്‍ സമ്മര്‍ദം ചെലുത്തിയെന്ന് കാണിച്ച് ടി ഡി പി. എം എല്‍ എമാരായ കെ വിവേക് ഗൗഡ്, എസ് രാജേന്ദര്‍ റെഡ്ഡി എന്നിവരാണ് എ സി ബിക്ക് പരാതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമേ സംസ്ഥാന മന്ത്രിമാരായ കെ താരക രാമ റാവു, ടി ഹരീഷ് റാവു എന്നിവര്‍ 2014 ആഗസ്റ്റ് മുതല്‍ അവരുടെ പാര്‍ട്ടിയില്‍ ചേരാന്‍ പ്രേരിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്ന് എ സി ബി ഡയറക്ടര്‍ ജനറല്‍ എ കെ ഖാന്‍ മുമ്പാകെ നല്‍കിയ പരാതിയില്‍ പറയുന്നു. ആദ്യം പണം വാഗ്ദാനം ചെയ്തു. പിന്നീട് ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ തരാമെന്നും ഏത് തരം സംരംഭവുമായി വന്നാലും സര്‍ക്കാര്‍ തലത്തില്‍ പിന്തുണയുണ്ടാകുമെന്നും വാഗ്ദാനം ചെയ്യപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു.
“അവരുടെ പ്രലോഭനത്തില്‍ ഞങ്ങള്‍ വീഴില്ലെന്ന് കണ്ടതോടെ ഭീഷണിയുടെ സ്വരം പുറത്തെടുക്കാന്‍ തുടങ്ങി. തെലങ്കാനയിലെ ഞങ്ങളുടെ സംരംഭങ്ങള്‍ തകര്‍ത്തു കളയുമെന്നും വന്‍ നഷ്ടം വരുത്തിവെക്കുമെന്നുമായി ഭാഷണി. ആര്‍ക്കും സംശയം തോന്നാത്ത വിധം ഞങ്ങളുടെ കുടംബാംഗങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന് വരെ ഭീഷണിയുയര്‍ന്നു. ജനക്കൂട്ടത്തെ ഇളക്കി വിട്ട് വീട് ആക്രമിക്കുമെന്നും വന്‍ മാനഹാനി വരുത്തിവെക്കുമെന്നു”മെല്ലാം പരാതിയില്‍ പറയുന്നുണ്ട്. ഇത് തങ്ങലുടെ മാത്രം അനുഭവമല്ലെന്നും കൂടുതല്‍ ടി ഡി പി. എം എല്‍ എമാര്‍ ഇത്തരത്തില്‍ സമ്മര്‍ദത്തിന് വിധേയമായിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു. തെലങ്കാനയില്‍ ടി ഡി പിയെ തതര്‍ക്കുക മാത്രമാണ് ലക്ഷ്യം. അതിനായി എത്ര പണം വേണമെങ്കിലും ഒഴുക്കാന്‍ ടി ആര്‍ എസ് തയ്യാറായി. അഴിമതി തടയല്‍ നിയമത്തിന്റെ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ പര്യാപ്തമായ കുറ്റകൃത്യമാണ് ടി ഡി പി നേതാക്കള്‍ ചെയ്തതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
തെലങ്കാനാ അഴിമതി വിരുദ്ധ ബ്യൂറോ രണ്ട് ടി ഡി പി നേതാക്കള്‍ക്ക് കഴിഞ്ഞ ദിവസം സമന്‍സ് അയച്ചിരുന്നു. ടി ഡി പി മേധാവിയും ആന്ധ്രാ മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്ര ബാബു നായിഡുവിനും സമന്‍സ് അയക്കുമെന്നാണ് അറിയുന്നത്. വെങ്കട്ട വീരയ്യ, വി നരേന്ദര്‍ റെഢ്ഡി എന്നിവര്‍ക്കാണ് സമന്‍സ് അയച്ചിരുക്കുന്നത്. നരേന്ദര്‍ റെഡ്ഡി കഴിഞ്ഞ ലെജ്‌സ്‌ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പി- ടി ഡി പി സംയുക്ത സ്ഥാനാര്‍ഥി ആയിരുന്നു.
ഇദ്ദേഹത്തിന് വേണ്ടി വോട്ട് ഉറപ്പിക്കാനായി നോമിനേറ്റഡ് അംഗത്തിന് കൈക്കൂലി നല്‍കിയ കേസിലാണ് ടി ഡി പി. എം എല്‍ എയായ രേവന്ദ് റെഡ്ഡി അറസ്റ്റിലായത്.
കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ടി ഡി പി- ബി ജെ പി സംയുക്ത സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുന്നതിനായി നോമിനേറ്റഡ് എം എല്‍ എ എല്‍വിസ് സ്റ്റീഫന് കൈക്കൂലി നല്‍കിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 31 നാണ് രേവന്ദ് റെഡ്ഡിയും ഇടനിലക്കാരും അറസ്റ്റിലായത് എല്‍വിസ് സ്റ്റീഫനുമായുള്ള ചന്ദ്രബാബു നായിഡുവിന്റെ ഫോണ്‍ സംഭാഷണം പുറത്ത് വന്നതോടെ സംഭവത്തിന്റെ മാനം വലുതാകുകയായിരുന്നു.

Latest