Connect with us

National

പരുക്ക് മാറ്റാന്‍ ബി ജെ പിയും ആര്‍ എസ് എസും ശ്രമം തുടങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി: ഐ പി എല്‍ ഒത്തുകളി ക്രമക്കേട് കേസില്‍ പ്രതിയായ ലളിത് മോദിക്ക് ബ്രിട്ടനില്‍ യാത്രാ രേഖകള്‍ തരപ്പെടുത്തിക്കൊടുക്കുന്നതില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വഴിവിട്ട് ഇടപെട്ടുവെന്ന വെളിപ്പെടുത്തല്‍ സൃഷ്ടിച്ച പരുക്ക് പരിഹരിക്കാന്‍ ബി ജെ പി- ആര്‍ എസ് എസ് നേതൃത്വം തിരക്കിട്ട ശ്രമം തുടങ്ങി. അതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ കൂടിക്കാഴ്ച നടത്തി. യു പിയിലെ കര്‍ഷകരുടെ പ്രതിനിധി സംഘവുമായാണ് ഷാ മോദിയെ കാണാന്‍ ചെന്നതെങ്കിലും അവര്‍ തിരിച്ചയച്ച ശേഷം ഇരുവരും ദീര്‍ഘനേരം സംസാരിച്ചു. ലളിത് മോദി വിഷയമാണ് ചര്‍ച്ചയുടെ ഉള്ളടക്കമെന്നാണ് അറിയുന്നത്.
അതിനിടെ, ലളിത് മോദിയുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് വെളിപ്പെടുത്തല്‍ വന്നതോടെ കുരുക്കിലായ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെ നേരത്തേ നിശ്ചയിച്ച പഞ്ചാബ് സന്ദര്‍ശനം ഉപേക്ഷിച്ചു. അവിടെ അമിത് ഷായുമായി മുഖാമുഖം കാണേണ്ടി വരുന്നതിനാലാണ് ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആരോഗ്യപരമായ കാരണങ്ങളാണ് വസുന്ധര മുന്നോട്ട് വെച്ചട്ടുള്ളത്. പഞ്ചാബിലെ ആനന്ദ്പൂര്‍ സാഹിബില്‍ 350 വര്‍ഷം പഴക്കമുളള ഒരു സിഖ് ആരാധാനാലയത്തിന്റെ വാര്‍ഷിക ചടങ്ങിലായിരുന്നു വസുന്ധരാ രാജെയും അമിത്ഷായും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും പങ്കെടുക്കേണ്ടിയിരുന്നത്. പുറം വേദനയുള്ളതിനാല്‍ അവരുടെ ഡോക്ടര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണെന്നും അത്‌കൊണ്ടാണ് പഞ്ചാബ് യാത്ര മാറ്റിയതെന്നുമാണ് അവരുടെ മാധ്യമ ഉപദേഷ്ടാവ് ജെയ്പൂരില്‍ പറഞ്ഞത്. തന്റെ ഭാഗം വിശദീകരിക്കാന്‍ അവര്‍ ബുധനാഴ്ച ഷായെ ഫോണില്‍ വിളിച്ചിരുന്നു. സുഷമക്കൊപ്പം വസുന്ധരാ രാജെയുടെയും രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രക്ഷോഭം ശക്തമാക്കിയിട്ടുണ്ട്. കള്ളപ്പണ കേസില്‍ അടക്കം ഉള്‍പ്പെട്ട ലളിത് മോദിയെ സഹായിച്ച ഇവര്‍ക്ക് ഒരു നിമിഷം പോലും പദവിയില്‍ തുടരാന്‍ സാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് വാദം.
വസുന്ധര രാജിവെക്കുന്ന പ്രശ്‌നമില്ലെന്ന് രാജസ്ഥാന്‍ ആരോഗ്യമന്ത്രി രാജേന്ദ്ര റാത്തോഡ് പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പാര്‍ട്ടി എം എല്‍ എമാരും കേന്ദ്ര നേതാക്കളും മുഖ്യമന്ത്രിയെ പിന്തുണക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രാജിവെക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ, മുതിര്‍ന്ന ബി ജെ പി നേതാവ് മുരളി മനോഹര്‍ ജോഷി, സുഷമാ സ്വരാജിന്റെ വസതി സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു. അരമണിക്കൂര്‍ ഇരുവരും ചര്‍ച്ച നടത്തി. ആര്‍ എസ് എസ് നേതൃത്വവുമായി അമിത് ഷാ ബന്ധപ്പെടുന്നുണ്ട്. സുഷമാ സ്വരാജിനെ സംരക്ഷിക്കുന്ന നിലപാടാണ് പൊതുവെ നേതാക്കള്‍ സ്വീകരിക്കുന്നത്. എന്നാല്‍ വസുന്ധരാ രാജെയെ പരസ്യമായി പിന്തുണക്കാന്‍ ആരും തയ്യാറായിട്ടില്ല.
ഐ പി എല്‍ വിവാദത്തിന് ശേഷം ലണ്ടനില്‍ കഴിയുന്ന ലളിത് മോദി മറ്റ് രാജ്യങ്ങളില്‍ പോകുന്നത് തടയണമെന്ന് യു പി എ സര്‍ക്കാറിന്റെ കാലത്ത് ബ്രിട്ടനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മോദിക്ക് ബ്രിട്ടന്‍ യാത്രാനുമതി നല്‍കിയിരുന്നില്ല. ഭാര്യയുടെ ചികിത്സയുടെ പേര് പറഞ്ഞ് മറ്റ് രാജ്യങ്ങളിലേക്ക് കടക്കാന്‍ യാത്രാരേഖകള്‍ കൈക്കലാക്കുകയാണ് മോദി ചെയ്തത്. ഇതിനായി ബ്രിട്ടീഷ് എം പി കീത്ത് വാസ് വഴി സുഷമ ഇടപെട്ടതിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. യാത്രാ രേഖകള്‍ നല്‍കുന്നത് സംബന്ധിച്ച് ബ്രിട്ടനിലെ നിയമം അനുസരിച്ച് തീരുമാനമെടുക്കുന്നത് ഇന്ത്യയുമായുള്ള ബന്ധത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ സുഷമാ സ്വരാജ് അറിയിച്ചത്.
ഐ പി എല്ലിലെ ഒത്തുകളിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്ന് 2010ലാണ് മോദി ലണ്ടനിലെത്തിയത്. മോദിയുടെ പാസ്‌പോര്‍ട്ട് 2011 മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നുവെങ്കിലും കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഡല്‍ഹി ഹൈക്കോടതി അത് പുനഃസ്ഥാപിച്ചിരുന്നു. വധഭീഷണി നിലനില്‍ക്കുന്നതിനാലാണ് ബ്രിട്ടനിലേക്ക് പോയതെന്നാണ് ലളിത് മോദി പറയുന്നത്.