Connect with us

Kozhikode

സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍; പരാതി പറയാന്‍ മൊബൈല്‍ ആപ്പ്

Published

|

Last Updated

കോഴിക്കോട്: നൂതന സാങ്കേതികവിദ്യയിലൂടെ പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കി കലക്ടറേറ്റില്‍ പുതിയ നാല് പദ്ധതികള്‍ക്ക് തുടക്കമായി.
പി ജി ഓണ്‍ലൈന്‍ പദ്ധതി, ആര്‍ ഡി ഒ കോര്‍ട്ട് കേസ് ഓണ്‍ലൈന്‍ പദ്ധതി, സര്‍വേ ഡിജിറ്റലൈസേഷന്‍ സെന്റര്‍ എന്നീ പദ്ധതികള്‍ റവന്യു മന്ത്രി അടൂര്‍ പ്രകാശും ജില്ലാ കലക്ടറുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍ മന്ത്രി ഡോ. എം കെ മുനീറും ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ സേവനങ്ങള്‍ കാലതാമസമില്ലാതെ ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.
Collector Kozhikode എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ക്കുള്ള പരാതികള്‍ മൊബൈലിലൂടെ നല്‍കാനും അപ്പോയിന്റ്‌മെന്റ് എടുക്കാനും സാധിക്കും. കൂടാതെ ജില്ലാ ഭരണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും അഭിപ്രായങ്ങളും കലക്ടറെ അറിയിക്കാനും ഇതിലൂടെ കഴിയും. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകളിലെ ആപ്ലിക്കേഷന്‍ സ്റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
പി ജി ഓണ്‍ലൈന്‍ പദ്ധതിയിലൂടെ കലക്ടറേറ്റിലേക്കുള്ള പൊതുജനങ്ങളുടെ പരാതികള്‍ അക്ഷയസെന്ററുകള്‍ മുഖേനയും നേരിട്ടും ഓണ്‍ലൈനായി edistrict.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന നല്‍കാന്‍ സാധിക്കും. ബന്ധപ്പെട്ട അധികാരികളുടെ ഡിജിറ്റല്‍ ഒപ്പോടുകൂടിയ മറുപടിയാണ് ഓണ്‍ലൈനായി അപേക്ഷകന് ലഭിക്കുക. പദ്ധതി ഉദ്ഘാടനത്തിന് ശേഷം മന്ത്രി നേരിട്ട് അപേക്ഷ സ്‌കാന്‍ ചെയ്ത് ഓണ്‍ലൈന്‍ ഫയലാക്കി.
ആര്‍ ഡി ഒ കോര്‍ട്ട് കേസ് ഓണ്‍ലൈന്‍ പദ്ധതിയിലൂടെ കോഴിക്കോട് സബ് കലക്ടര്‍ ഓഫീസിലേക്കുള്ള കോര്‍ട്ട് കേസ് അപേക്ഷകള്‍ അക്ഷയ സെന്ററുകള്‍ വഴിയും edistrict.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയും നല്‍കാം. മറുപടി ബന്ധപ്പെട്ട അധികാരികളുടെ ഡിജിറ്റല്‍ ഒപ്പോടുകൂടി ഓണ്‍ലൈനായി ലഭിക്കും.
സര്‍വേ ഡിജിറ്റലൈസേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ജില്ലയിലെ റീസര്‍വേ ചെയ്ത വില്ലേജുകളിലെ സര്‍വേ സ്‌കെച്ചുകളും എഫ് എം ബികളും സ്‌കാന്‍ ചെയ്ത് ഡിജിറ്റല്‍ ഫയലാക്കി ഓണ്‍ലൈനായി നിശ്ചിത ഫീസ് ഈടാക്കി ആവശ്യക്കാര്‍ക്ക് ലഭ്യമാക്കും.

Latest