Connect with us

Kerala

സ്വാശ്രയ സീറ്റിന് അംഗീകാരം നഷ്ടപ്പെട്ടതോടെ മെഡിക്കല്‍ പ്രവേശനം അനിശ്ചിതത്വത്തില്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ 550 എം ബി ബി എസ് സീറ്റുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം റദ്ദാക്കിയതും സര്‍ക്കാറിന്റെ പുതിയ മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതി കിട്ടാത്തതും മെഡിക്കല്‍ പ്രവേശനം അനിശ്ചിതത്വത്തിലാക്കുന്നു. നിലവില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ 28 കോളജുകളാണ് കേരളത്തിലുള്ളത്. ഇവയില്‍ 14 എണ്ണത്തിലാണ് ആദ്യഘട്ടത്തില്‍ പ്രവേശനം സാധ്യമാകുക.
സ്വകാര്യ സ്വാശ്രയ കോളജുകളില്‍ അംഗീകാരമുളള 12 കോളജുകളില്‍ നാല് ക്രിസ്ത്യന്‍ കോളജുകള്‍ മാത്രമാണ് സര്‍ക്കാറിന് സീറ്റ് നല്‍കുന്നത്. ബാക്കിയുള്ള കരുണ, എം ഇ എസ് , കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ എന്നിവ കഴിഞ്ഞ വര്‍ഷം സര്‍ക്കാറിന് സീറ്റ് നല്‍കിയിരുന്നില്ല. കൂടാതെ അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരുമില്ലാത്ത കാരണങ്ങളാല്‍ വയനാട് ഡി എം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, തൊടുപുഴ അല്‍ അസര്‍ മെഡിക്കല്‍ കോളജ്, പാലക്കാട് പി കെ ദാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവയുടെ 150 എം ബി ബി എസ് സീറ്റുകളും പത്തനംതിട്ട മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജിന്റെ 100 എം ബിബിഎസ് സീറ്റും നഷ്ടമായി.
പുതുതായി തുടങ്ങാനിരുന്ന സര്‍ക്കാര്‍ മേഖലയിലെ തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളജ് , കോന്നി, പാരിപ്പള്ളി എന്നിവിടങ്ങളിലേയും സ്വാശ്രയ മേഖലയില്‍ വര്‍ക്കല അകത്തുമുറി എസ് ആര്‍ എജ്യൂക്കേഷനല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, പാലക്കാട് റോയല്‍ മെഡിക്കല്‍ ട്രസ്റ്റ്, മലപ്പുറം ശ്രീവല്‍സം എജ്യുക്കേഷന്‍ ട്രസ്റ്റ് എന്നിവയുടെ അപേക്ഷ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ചില്ല. സീറ്റുകളുടെ എണ്ണം കൂട്ടാനുള്ള ശ്രീഗോകുലം മെഡിക്കല്‍ കോളജ് , കെ എം സി ടി മെഡിക്കല്‍ കോളജ് , കാരക്കോണം സിഎസ് ഐ മെഡിക്കല്‍ കോളജ് എന്നിവയുടെ അപേക്ഷകള്‍ മെഡിക്കല്‍ കൗണ്‍സില്‍ നിരസിക്കുകയും ചെയ്തു. ഇതോടെ മെഡിക്കല്‍ പ്രവേശനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Latest