Connect with us

Ongoing News

തിളക്കം നഷ്ടപ്പെട്ട് ഫാല്‍കോ ചെല്‍സി വാതില്‍ അടയ്ക്കുമോ?

Published

|

Last Updated

സാന്റിയാഗോ/ലണ്ടന്‍ : കോപയില്‍ പ്രതീക്ഷിച്ചത്ര നിലവാരത്തിലേക്കുയരാന്‍ പെക്കര്‍മാന്റെ കൊളംബിയക്ക് സാധിച്ചിട്ടില്ല. അര്‍ജന്റീനയുമായി ക്വാര്‍ട്ടര്‍ കളിക്കാന്‍ യോഗ്യത നേടിയെടുത്തത് മികച്ച മൂന്നാം സ്ഥാനക്കാരില്‍ രണ്ടാമനായിട്ടാണ്. ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തില്‍ പെറുവിന്റെ പ്രതിരോധ നിരയെ മറികടക്കാന്‍ പേരുകേട്ട കൊളംബിയന്‍ മുന്നേറ്റനിരക്ക് സാധിച്ചില്ല. ചെല്‍സിയുമായി കരാറൊപ്പിടുമെന്ന് കരുതപ്പെടുന്ന റഡാമല്‍ ഫാല്‍കോയുടെ പരാജയമാണ് ശ്രദ്ധേയം.
ടൂര്‍ണമെന്റിലുടനീളം മങ്ങിയ ഫാല്‍കോയെ പെറുവിനെതിരെ രണ്ടാം പകുതിയില്‍ കോച്ചിന് തിരിച്ചുവിളിക്കേണ്ടി വന്നു. ഏതാനും സീസണുകള്‍ക്ക് മുമ്പ് യൂറോപ്പിലെ ഒന്നാം നിര സ്‌ട്രൈക്കറായിരുന്ന ഫാല്‍കോക്ക് എഫ് സി പോര്‍ട്ടോ, അത്‌ലറ്റിക്കോ മാഡ്രിഡ് ക്ലബ്ബുകള്‍ക്കായി പുറത്തെടുത്ത മാസ്മരികത കൈമോശം വന്നിരിക്കുന്നു. മൊണാക്കോയില്‍ നിന്ന് കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തിയ ഫാല്‍കോ തികഞ്ഞ പരാജയം. 26 മത്സരങ്ങളില്‍ നാല് ഗോളുകള്‍ മാത്രമാണ് ഫാല്‍കോക്ക് നേടാനായത്.
സീസണോടെ മാഞ്ചസ്റ്റര്‍ ഒഴിവാക്കിയ ഫാല്‍കോ കോപയില്‍ മികച്ച പ്രകടനം പുറത്തെടുത്ത് പുതിയ ക്ലബ്ബുകളെ ആകര്‍ഷിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. ഇതിനിടെ, ചെല്‍സി കോച്ച് ജോസ് മൗറിഞ്ഞോ അവസരം നല്‍കാമെന്നറിയിച്ചത് താരത്തിന് ആത്മവിശ്വാസമേകി. പക്ഷേ, അതൊന്നും കോപയില്‍ കണ്ടില്ല. ഇങ്ങനെ പരാജയപ്പെട്ട ഒരു താരത്തെ ചെല്‍സിയില്‍ എടുക്കേണ്ടതില്ലെന്ന് ക്ലബ്ബ് ആരാധകര്‍ കോച്ച് മൗറിഞ്ഞോയോട് സോഷ്യല്‍മീഡിയയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നു. 26ന് അര്‍ജന്റീനയുമായുള്ള ക്വാര്‍ട്ടറില്‍ ഏറ്റവും മികച്ച ഫോമിലേക്കുയരാതെ ഫാല്‍കോക്ക് രക്ഷയില്ല.