Connect with us

Ongoing News

നിസ്‌കാരത്തില്‍ ഭക്തിയുണ്ടാകാന്‍

Published

|

Last Updated

ഹൃദയം പിടഞ്ഞോടുന്ന കുതിരയെപ്പോലെയാണ്. അതിനെ കടിഞ്ഞാണിട്ട് പിടിക്കാനുള്ള പരിശീലനമാണ് നോമ്പ്. മനസ്സിനെ സ്വാധീനിച്ച എല്ലാ ശീലങ്ങളെയും ഹൃദയത്തില്‍ തീരുമാനിക്കുന്ന നിയ്യത്ത് കൊണ്ട് മാറ്റിവെക്കാനാകുന്നു. അതുവഴി മനസ്സിനെ നിയന്ത്രിക്കാന്‍ നാം പ്രാപ്തരാകുന്നു. റമസാനിലും അല്ലാത്ത മാസങ്ങളിലും നാം നിര്‍വഹിക്കുന്ന നിസ്‌കാരം മനസ്സാന്നിധ്യത്തോടെ ചെയ്യാനായാല്‍ അത് നമ്മുടെ ജീവിതത്തില്‍ അത്ഭുതകരമായ മാറ്റമുണ്ടാക്കും. നിശ്ചയം നിസ്‌കാരം നീചവും നികൃഷ്ടവുമായ സര്‍വ കാര്യങ്ങളില്‍ നിന്നും തടയും എന്ന ഖുര്‍ആന്‍ വചനം ഇതാണ് പഠിപ്പിക്കുന്നത്.
ആത്മാര്‍ഥമായി രണ്ട് റക്അത്ത് നിസ്‌കരിച്ചാല്‍ മനസ്സിനെ അലട്ടുന്ന ഏത് ടെന്‍ഷനും അപ്രത്യക്ഷമാകും. കാരണം സര്‍വശക്തനായ റബ്ബിന്റെ മുമ്പില്‍ സങ്കട ഹരജി നല്‍കുകയാണ് നിസ്‌കാരത്തിലൂടെ. ഭൗതികവും പാരത്രികവുമായ എല്ലാ ആവശ്യങ്ങളും യജമാനന്റെ മുമ്പില്‍ സമര്‍പ്പിക്കുകയാണ്. അതുകൊണ്ട് മുത്ത് നബി (സ)ക്ക് എന്ത് പ്രതിസന്ധിയുണ്ടായാലും ആദ്യത്തെ പരിഹാരക്രിയ നിസ്‌കാരമായിരുന്നു. ഹുദൈഫ (റ) പറയുന്നു: “”തിരുനബി (സ)യെ എന്തെങ്കിലുമൊരു പ്രശ്‌നം അലട്ടിയാല്‍ അവിടുന്ന് നിസ്‌കാരത്തിലേക്ക് ഉളരുമായിരുന്നു”” (അഹ്മദ്).
ഭക്തിയുള്ള നിസ്‌കാരം കൊണ്ട് മാത്രമേ ഗുണമുള്ളൂ. ശരീരത്തോടൊപ്പം മനസ്സും പങ്കെടുക്കുകയും സ്രഷ്ടാവിന്റെ മുമ്പിലാണ് എന്ന ബോധത്തോടെ തികഞ്ഞ അച്ചടക്കം പാലിക്കുകയും ചെയ്യുമ്പോഴാണ് ഭക്തിയുണ്ടാകുന്നത്. ഭക്തിയുടെ ഉറവിടം ദൈവ വിശ്വാസമാണ്. ഭക്തി വര്‍ധിക്കാന്‍ ചില കാര്യങ്ങള്‍ പരിഗണിക്കുന്നത് ഫലമുണ്ടാക്കും.
ഒന്നാമതായി നിസ്‌കാരത്തിനു വേണ്ടി പൂര്‍ണ വുളു ഉറപ്പാക്കുക, എല്ലാ സുന്നത്തുകളും ആദാബുകളും പരിഗണിച്ചാല്‍ വുളു പൂര്‍ണമാകും. രണ്ടാമത്തെ കാര്യം ഫര്‍ള് നിസ്‌കാരമാണെങ്കില്‍ പുരുഷന്‍മാര്‍ ബാങ്കും ഇഖാമത്തും കൊടുക്കുക. സ്ത്രീകള്‍ ഇഖാമത്ത് മാത്രം കൊടുത്താല്‍ മതി. മൂന്നാമത്തെ കാര്യം എല്ലാ റക്അത്തിലും ഫാതിഹക്ക് മുമ്പ് അഊദു ഓതുക എന്നതാണ്. ഒന്നാമത്തെ റക്അത്തില്‍ ഇത് തീരെ ഒഴിവാക്കരുത്. ഈ മൂന്ന് കാര്യങ്ങളും ശ്രദ്ധിച്ചാല്‍ നിസ്‌കാരത്തില്‍ പിശാചിന്റെ ശല്യം ഏറെക്കുറെ ഒഴിവായിക്കിട്ടും.
നാലാമത്തെ കാര്യം നബി (സ) പറഞ്ഞു. നീ നിസ്‌കരിക്കുമ്പോഴെല്ലാം ഈ ലോകത്തോട് വിട ചോദിക്കുന്നവന്റെ മനോഭാവത്തോടെ നിസ്‌കരിക്കുക (ഇബ്‌നുമാജ). ഇത് എന്റെ ജീവിതത്തിലെ അവസാന നിസ്‌കാരമായിരിക്കും. ഇനിയൊരു നിസ്‌കാരത്തിനു കൂടി എനിക്ക് ആയുസ്സ് ബാക്കിയുണ്ടോ എന്നറിയില്ല. ഇങ്ങനെ ഓരോ നിസ്‌കാരത്തിലേക്ക് പ്രവേശിക്കുമ്പോഴും ചിന്തിച്ചാല്‍ ഭക്തി തുളുമ്പും.
അഞ്ചാമതായി നിസ്‌കാരമെന്നത് തന്റെ റബ്ബുമായുള്ള അഭിമുഖമാണ്. അവന്‍ എന്റെ മുന്നിലുണ്ട് എന്ന ബോധം മനസ്സില്‍ കൊണ്ടുവരലാണ്. “ഇഹ്‌സാന്‍” എന്താണെന്ന ചോദ്യത്തിന് നബി (സ) പറഞ്ഞ മറുപടി ഇതാണ്: നിന്റെ റബ്ബിനെ നീ ആരാധിക്കലാണ്. നീ അവനെ നേരില്‍ കാണുന്നവനെപ്പോലെ. എന്നാല്‍, നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ടല്ലോ.
ആറാമത്തെ കാര്യം ബാഹ്യമായ അച്ചടക്കങ്ങള്‍ പാലിക്കുക എന്നതാണ്. കാല്‍വെക്കുന്ന ക്രമം, കൈ ഉയര്‍ത്തേണ്ട രീതി, പൂര്‍ണ വസ്ത്രം ധരിക്കല്‍, നോട്ടം സുജൂദിന്റെ സ്ഥാനത്തേക്ക് മാത്രാമാക്കല്‍. ഇവയെല്ലാം ശ്രദ്ധിച്ച് നിസ്‌കരിച്ചു നോക്കൂ. ആവാച്യമായ ഒരനുഭൂതി നമുക്ക് ലഭിക്കും. നബി(സ) പറഞ്ഞു. ഒരാള്‍ അശ്രദ്ധയില്ലാതെ രണ്ട് റക്അത്ത് നിസ്‌കരിച്ചാല്‍ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങളെല്ലാം അല്ലാഹു പൊറുത്തു കൊടുക്കും. (അഹ്മദ്).

Latest