Connect with us

Articles

നാര്‍ബല്‍ മുതല്‍ സോപൂര്‍വരെ; ഇരകള്‍ സിവിലിയന്‍മാര്‍ തന്നെ

Published

|

Last Updated

കാശ്മീരില്‍ പി ഡി പി-ബി ജെ പി സഖ്യസര്‍ക്കാര്‍ രൂപവത്കരണം നടന്ന് നൂറ് ദിവസം പിന്നിടുമ്പോള്‍ ഭരണാനുകൂലവും വിരുദ്ധവുമായ തരംഗങ്ങള്‍ നിലനില്‍ക്കുകയാണ്. നൂറ് ദിവസത്തെ ഭരണ പരാജയം ഉയര്‍ത്തിക്കാട്ടി നാഷനല്‍ കോണ്‍ഫറന്‍സ് കാശ്്മീരിന് പുറമെ ജമ്മുവിലും വിവിധ പരിപാടികള്‍ സഘടിപ്പിച്ചുവരികയാണ്. കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും വലിയ ഒറ്റ കക്ഷിയായ പി ഡി പിക്ക് അധികാരത്തിലേറുമ്പോള്‍ പ്രളയ ബാധിതരുടെ പുനരധിവാസവും ദുരിതാശ്വാസ ഫണ്ട് വിതരണവുമായിരുന്നു മുന്നിലുണ്ടായിരുന്ന പ്രഥമ ദൗത്യം. എന്നാല്‍ ചരിത്രത്തിലാദ്യമായി ബി ജെ പിക്ക് ഭരണത്തിലേക്കുള്ള അവസരം നല്‍കി പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷവും മാറ്റമില്ലാതെ തുടര്‍ന്നു കൊണ്ടിരിക്കുന്ന വേദനാജനകമായ ഒരു യാഥാര്‍ഥ്യമാണ് കാശ്മീരില്‍ സിവിലിയന്‍മാര്‍ കൊല്ലപ്പെടുന്ന സംഭവം. വിശാലമായി കിടക്കുന്ന കാശ്മീരില്‍ ഏറ്റവും കുറഞ്ഞത് ഒന്നോ രണ്ടോ സിവിലിയന്‍മാര്‍ ഒരോ ദിവസവും വെടിയേറ്റു മരിക്കുന്നു എന്നതാണ് നഗ്ന സത്യം. അതിര്‍ത്തിയിലെ ഏറ്റുമുട്ടലോ സൈനിക നീക്കങ്ങളോ പ്രതിഷേധ പ്രകടനങ്ങളോ എന്തുമാകട്ടെ, അവിടങ്ങളില്‍ പോലീസിന്റെ തോക്കിനും സുരക്ഷാ ഉദ്യോഗസ്ഥരുടെ ബുള്ളറ്റുകള്‍ക്കും ഇരയായി ജീവിതം അറുത്തുമാറ്റപ്പെടുന്നത് കാശ്മീരിലെ നിരപരാധികളുടേതാണെന്ന് വ്യക്തമാകുന്നതാണ് അടുത്ത കാലത്ത് നടന്ന സംഭവങ്ങളൊക്കെയും.
രണ്ട് മാസങ്ങള്‍ക്കു മുമ്പാണ് ശ്രീനഗര്‍ ടൗണില്‍ നിന്നും പതിനഞ്ച് കിലോമറ്റര്‍ അകലെ ഗുല്‍മര്‍ഗ് റോഡില്‍ സ്ഥിതിചെയ്യുന്ന നാര്‍ബല്‍ എന്ന കൊച്ചുഗ്രാമം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. സങ്കീര്‍ണമായ കാശ്മീര്‍ പ്രശ്‌നത്തിന്റെയും അപരിഹാര്യമായി തുടരുന്ന തര്‍ക്കവിതര്‍ക്കങ്ങളുടെയും ബലിയാടായി മുഹമ്മദ് സോഫി എന്ന പത്താം ക്ലാസുകാരന്‍ വെടിയേറ്റുമരിച്ചതോടെ ബാരാമുല്ല, കുപ്പുവാഡ, ഉറി, പുഞ്ച്, സാമ്പ തുടങ്ങിയ സംഘര്‍ഷഭരിതവും സൈനിക-മിലിറ്റന്റ്‌സ് ഏറ്റുമുട്ടലുകളെ തുടര്‍ന്ന് നിരന്തരം കേള്‍ക്കാറുള്ളതുമായ സ്ഥലങ്ങളോടൊപ്പം നാര്‍ബല്‍ എന്ന കൊച്ചു ഗ്രാമവും ഇടം നേടുകയായിരുന്നു. തെക്കന്‍ കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ സൈനികരുടെ വെടിയേറ്റു മരിച്ച ഖാലിദിന്റെ വിയോഗം തീര്‍ത്ത വികാരവും ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് നേതവ് അലിഷാ ഗീലാനി ഉള്‍പ്പടെയുള്ള വിഘടനവാദികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലും കാശ്മീരിനെ അസ്വസ്ഥമാക്കുന്നതിനിടെയാണ് നാര്‍ബല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പഠിക്കുന്ന മുഹമ്മദ് സോഫി പോലീസുദ്യോഗസ്ഥന്റെ വെടിയേറ്റു മരിക്കുന്നത്. ഉമറാബാദ്, എച്ച് എം എ ടി ഏരിയകളില്‍ നിന്നും കാല്‍നടയായി എത്താവുന്ന നാര്‍ബല്‍ ഗ്രമാത്തില്‍ പ്രതിഷേധ പ്രകടനത്തിനായി ഒരുമിച്ചു കൂടിയവവര്‍ വെടിയേറ്റ ഉടനെ സോഫിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതിര്‍ത്തിയിലെ സൈനികരുടെ ക്രൂരമായ പൗരാവകാശ ലംഘനങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും രോഷമായി കാശ്മീരികള്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്‌കൂളുകളും അശാസ്ത്രീയമായി ചലിച്ചുകൊണ്ടിരിക്കുന്ന ഈ ഗ്രമാത്തില്‍ ഇരുട്ടടിയായി സോഫി കൊല്ലപ്പെടുന്നത്. തുടര്‍ന്ന് അക്രമാസക്തരായ ജനങ്ങള്‍ സോഫിയുടെ ഭൗതിക ശരീരം നാര്‍ബല്‍ ചൗക്കില്‍ കൊണ്ടുവന്ന് ചുറ്റുഭാഗത്തും കൂടിനിന്ന് അത്യുച്ചത്തില്‍ ആസാദി ആസാദി എന്ന മുദ്യാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പിന്നീട് തുടര്‍ച്ചയായി നാല് ദിവസത്തേക്ക്് കര്‍ഫ്യു പ്രഖ്യാപിച്ചത് നാര്‍ബല്‍ ഗ്രാമവാസികള്‍ക്ക് മാത്രമല്ല, കേരളം ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ സഞ്ചാരികള്‍ക്ക് വിനയാവുകയും ചെയ്തു. ശക്തമായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വീടുകള്‍ നഷ്ടപ്പെട്ട നൂറുക്കണക്കിന് കുടുംബങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോഴാണ് ഈ ഗ്രാമത്തിലെ സമാധാനവും സ്വസ്ഥജീവിതവും തകര്‍ത്ത് പതിനാലുകാരന്‍ കൊല്ലപ്പെടുന്നത്. അതിരാവിലെ സ്‌കൂളിലേക്ക് പാഠപുസ്തകവുമായി റോഡരികിലൂടെ നടന്നു എന്നതാണ് സോഫി ചെയ്ത മഹാപാതകം! പ്രതിഷേധിക്കാനായി ഒരുമിച്ചു കൂടിയവര്‍ കല്ലെറിഞ്ഞു എന്നാരോപിച്ച് പത്താം ക്ലാസുകരാനായ ഒരു ബാലനെ വെടിവെച്ചുകൊന്ന് ഒരു കുഗ്രമമാകെ ഭീകരത സൃഷ്ടിക്കാന്‍ മാത്രം അപരമാധമൊന്നും നാര്‍ബലില്‍ തമാസിക്കുന്ന ഗ്രാമീണര്‍ ചെയ്തിട്ടില്ല. പ്രശ്‌ന സാധ്യത മനസ്സിലാക്കിയ പോലീസുദ്യോഗസ്ഥര്‍ സോഫിയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിവിധ നേതാക്കളെ തടഞ്ഞ് വിണ്ടും പ്രകോപനം സൃഷ്ടിച്ചു. എന്നും ഭീതിയുടെ നിഴലില്‍ ജീവിതം കഴിക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരായി മാറുകയാണ് കാശ്മീരലെ ഒരോ ഗ്രാമാവാസിയും.
നാര്‍ബലിലില്‍ അരങ്ങേറിയ ഈ ദാരുണാമായ സംഭവത്തില്‍ കാലങ്ങളായി വഷളായിക്കൊണ്ടിക്കുന്ന കാശ്മീരികളും-പോലീസും അല്ലെങ്കില്‍ കാശ്മീരികളും-സൈനികരും എന്ന ശത്രുതയുണ്ട്. തൊണ്ണൂറുകളില്‍ കലാപഭൂമിയാക്കി കശ്മീരിനെ മാറ്റിയെടുത്തും സിവിലിയന്‍മാരെ കൊന്നൊടുക്കിയും 1991 ഫെബ്രുവരി രണ്ടിന് 13 മുതല്‍ 60 വയസ്സുവരെ പ്രായമുള്ള സ്ത്രീകളെ അര്‍ധരാത്രി രാജ്പുതാന റൈഫിള്‍സിലെ സൈനിക ഭടന്മാര്‍ ക്രൂരമായി ബലാത്സഗം ചെയ്തതും കാശ്മീരില്‍ സൈനികര്‍ക്കെതിരെ ഉയര്‍ന്നുവന്ന വൈകാരികതയുടെ മൂലകാരണങ്ങളാണെന്നതില്‍ സംശയമില്ല. സൈനികരുടെ സമാനതകളില്ലാത്ത നെറികേടുകളോട് സന്ധിചെയ്യാനാകാതെ ജീവിതം വെടിഞ്ഞ് മുമ്പേ നടന്നവരുടെ പിന്‍തലമുറക്കാര്‍ക്ക് ആ അരുതായ്മക്ക് മാപ്പു നല്‍കാന്‍ സാധിക്കുന്നില്ല. അത്തരമൊരു ശത്രുതാ മനോഭാവമാണ് കാശ്മീരികളും സൈനികരും തമ്മിലുള്ള പൊരുത്തക്കേടിന്റെ പൊരുള്‍. നാര്‍ബലില്‍ സംഭവിച്ചതും ഇടക്കിടെ ലാല്‍ ചൗക്ക്, നൗഹട്ട ഏരിയകളില്‍ നടക്കുന്ന പ്രതിഷേധ രോഷാഗ്നിക്കെതിരെ സൈനികര്‍ നടത്തുന്ന വെടിവെപ്പിലും ഒളിഞ്ഞ് കിടക്കുന്നത് ഈയൊരു ശത്രുത തന്നെയാണ്. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി സോപൂരില്‍ നടക്കുന്ന ഭീകരമായ ആക്രമങ്ങള്‍ക്ക്് പിന്നില്‍ ആരാണെന്ന ഇതുവരെയും വ്യക്തമായിട്ടില്ല. സോപൂരില്‍ സര്‍പഞ്ചിന്റ മകന്‍ വീട്ടുവളപ്പില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാനായി അംഗീകാരം കൊടുത്തതിന്റെ പിറ്റേന്ന് അജ്ഞാതരുടെ വെടിയേറ്റ് മരിക്കുകയായിരുന്നു. സോപൂരില്‍ അടുത്തിടെ നടന്ന ആദ്യ സംഭവമായിരുന്നു അത്. ശേഷം നിരവധി ടവറുകള്‍ക്കുനേരെ അക്രമങ്ങള്‍ നടന്നു. അതോടെ മൊബൈല്‍ മാര്‍ഗമുള്ള ആശയവിനിമയം പാടെ നിലച്ചു. പരസ്പരം ബന്ധപ്പെടാനുള്ള മാര്‍ഗം അടഞ്ഞതോടെ കാശ്മീര്‍ റീജ്യനിലുള്ള മുഴുവന്‍ പേരെയും ടവര്‍ ആക്രമണം ബാധിച്ചു. അക്രമകാരികള്‍ ആരാണെന്ന അവ്യക്തത തുടര്‍ന്നതോടെ ഒരുതരം ടവര്‍വിരുദ്ധ ഭീകരത എന്ന നിഗമനത്തിലെത്താനേ എല്ലാവര്‍ക്കും സാധിച്ചുള്ളു. എന്നാല്‍ ടവറുകള്‍ക്കെതിരെയുള്ള ആക്രമണത്തെ തുടര്‍ന്ന് ഇരുചക്രവാഹനങ്ങളില്‍ കര്‍ശനമായ പരിശോധനയാണ് പോലീസ് ഏര്‍പ്പെടുത്തിയത്. നിരപരാധികളുടെ വാഹനവും പരിശോധനക്കെന്ന പേരില്‍ ബട്ട്മാലു പോലീസ് സ്‌റ്റേഷനില്‍ മണിക്കൂറുകളോളം പിടിച്ചിട്ടത് നേരിയ സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ടവര്‍വിരുദ്ധ ആക്രമണം കെട്ടടങ്ങുന്നതിനിടെയാണ് സോപൂരില്‍ കഴിഞ്ഞ തിങ്ങളാഴ്ച മൂന്ന് മുന്‍ മിലിറ്റന്റ്‌സുകള്‍ അജ്ഞാതരുടെ വെടിയേറ്റ് മരിക്കുന്നത്. ഇതോടെ സോപൂര്‍ വീണ്ടും അശാന്തമായിരിക്കുകയാണ്.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ മുഖംമൂടി ധരിച്ചെത്തിയ സംഘം സോപൂരില്‍ അഞ്ച് പേരെയാണ് വെടിവെച്ചു കൊന്നത്. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട സംഘത്തെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അവസാനമായി കൊല്ലപ്പെട്ട സോപൂര്‍ സ്വദേശി അജാസ് അഹ്മദ് റിഷിക്ക് വെടിയേല്‍ക്കുമ്പേള്‍ സംഭവസ്ഥലത്ത് നിന്ന് തെരുവു നായ കുരച്ച് ശബ്ദം വെച്ചതോടെ നായയേയും വെടിവെച്ചു കൊന്നു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. യാസീന്‍ മലിക്ക് ഉള്‍പ്പെടെയുള്ള ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ നേതാക്കളും വിഘടനവാദികളും ഹര്‍ത്താലിന് ആഹ്വനം ചെയതു എന്ന് മാത്രമല്ല അജ്ഞാത അക്രമി സംഘം ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരും പോലീസുകാരുമാണെന്ന് അരോപിക്കുകയും ചെയ്തു. കാരണം മിലിറ്റന്റ്‌സുകളുടെ പാരമ്പര്യ ശത്രുക്കള്‍ അവരാണല്ലോ. എന്നാല്‍ അക്രമകാരികള്‍ പുതിയ ഏതോ മിലിറ്റന്റ് ഗ്രൂപ്പോ വിഘടനവാദികളോ ആയിരിക്കാം എന്ന നിഗമനത്തിലാണ് പോലീസ്. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടാന്‍ ഹര്‍ത്താല്‍ ദിനത്തിലും സി ആര്‍ പി എഫ് ജവാന്മാരും പോലീസും സംയുക്തമായി തന്നെ രംഗത്തെത്തിയുട്ടുണ്ട്. സോപൂര്‍ അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപയും കാശ്മീര്‍ പോലീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ആരോപണ പ്രത്യാരോപണങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്നതുപോലെ സോപൂര്‍ അക്രമത്തിന് പിന്നില്‍ ഇന്ത്യന്‍ ഭടന്മാരോ പോലീസുകാരോ ആണെങ്കില്‍ ഭീകരവാദികളെ പോലെ വേഷപ്രച്ഛന്നരായി കൊന്നൊടുക്കി എന്ന ഗുരുതരമായ പ്രശ്‌നം മാത്രമല്ല, മിലിറ്റന്റ്‌സുകള്‍ അവരുടെ തെറ്റായ പാതയില്‍ നിന്നും മാറി സമാധാന മാര്‍ഗം തേടിയിട്ടും കൊന്നൊടുക്കി എന്നു വരും. മറിച്ചാണെങ്കില്‍ ഭീകരവാദികള്‍ക്ക് മുമ്പില്‍ എല്ലാവരും ശത്രുക്കളാണെന്നും മുന്‍ ഭീകരര്‍ സത്യം മനസ്സിലാക്കിയതിലെ അമര്‍ഷമാണെന്നും മനസ്സിലിാക്കേിണ്ടിവരും. ഹിസ്ബുല്‍ മുജാഹിദീന്റെ ഗറില്ലാ ഗ്രൂപ്പാണ് അക്രമത്തിന് പിന്നിലെന്ന പോലീസുദ്യോഗസ്ഥന്റെ പ്രസ്താവന ഉണ്ടായിരുന്നു. അക്രമവും വെടിവെപ്പും അജ്ഞാത നീക്കങ്ങളും നടക്കുന്നത് ആര് തമ്മിലായാലും ദയനീയമായി ഓരോ ഗ്രാമങ്ങളിലും കൊല്ലപ്പെടുന്നത് കാശ്മീരിലെ നിരപരാധികളായ സിവിലിയന്‍മാരാണെന്നതാണ് ദുഃഖകരമായ സത്യം. അക്രമികള്‍ക്കും കലാപകാരികള്‍ക്കും താത്പര്യങ്ങളും തെറ്റായ പ്രത്യയശാസ്ത്രത്തിന്റെ പിന്തുണയുമുണ്ടാകാം. എന്നാല്‍ പിടഞ്ഞുവീണ് രക്തം വാര്‍ന്നുപോകുന്നവരുടെ കുടുംബത്തിനും സമൂഹത്തിനും ആരുടെ പിന്തുണയാണുള്ളത്?

Latest