Connect with us

Gulf

നോണ്‍ മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ടുകളില്‍ നവംബര്‍ മുതല്‍ വിസ ലഭ്യമാവില്ലെന്ന്

Published

|

Last Updated

ദുബൈ: നോണ്‍ മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ടുകളില്‍ നവംബര്‍ 24 മുതല്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ സാധിക്കില്ലെന്ന് ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍(ഇക്കാഒ) മുന്നറിയിപ്പ് നല്‍കി. നവംബര്‍ 24 മുതല്‍ ഇത്തരം പാസ്‌പോര്‍ട്ടുകള്‍ ഉപയോഗത്തില്‍ ഉണ്ടാവില്ലെന്നും ഇക്കാഒ വ്യക്തമാക്കി. ഇത് സാധാരണ പാസ്‌പോര്‍ട്ടുകള്‍ക്കൊപ്പം നയതന്ത്ര പാസ്‌പോര്‍ട്ടുകള്‍ക്കും സര്‍വീസ് പാസ്‌പോര്‍ട്ടുകള്‍ക്കും ബാധകമായിരിക്കും. എല്ലാ നോണ്‍ റീഡബിള്‍ പാസ്‌പോര്‍ട്ടുകളും അതാത് രാജ്യങ്ങള്‍ നവംബറിന് മുമ്പായി മെഷിന്‍ റീഡബിള്‍ ആക്കി മാറ്റണമെന്നും ഇക്കാഒ അഭ്യര്‍ഥിച്ചു. വിസയുമായി ബന്ധപ്പെട്ട് നോണ്‍ റീഡബിളായതോ, കൈകൊണ്ട് എഴുതിയതോ ആയ പാസ്‌പോര്‍ട്ടുകളില്‍ 24ന് ശേഷം വിസ സ്റ്റാമ്പ് ചെയ്യേണ്ടെന്ന് നിരവധി രാജ്യങ്ങള്‍ നിലപാട് സ്വീകരിച്ച സ്ഥിതിക്കാണ് ഇക്കാഒയുടെ മുന്നറിയിപ്പ്. ഭാവിയില്‍ ഇത്തരം പാസ്‌പോര്‍ട്ടുകളില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നത് ദൈര്‍ഘ്യമേറിയ പ്രക്രിയയാവുമെന്നതും വിസ അനുവദിക്കാത്തതിന് കാരണമാണ്.
നോണ്‍ റീഡബിള്‍ പാസ്‌പോര്‍ട്ട് കാലാവധിക്ക് ശേഷവും കൈവശം വെക്കുന്നവര്‍ക്ക് കടുത്ത സാമ്പത്തിക നഷ്ടവും നേരിടും. വിസ ലഭിക്കാന്‍ കാലതാമസം, അപേക്ഷ തിരിച്ചയക്കുക, യാത്ര റദ്ദാവുക തുടങ്ങിയവയിലൂടെയാവും സാമ്പത്തിക നഷ്ടം സംഭവിക്കുക. ബംഗ്ലാദേശ്, സുഡാന്‍ തുടങ്ങിയ ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളാണ് ഇപ്പോഴും കൈകൊണ്ട് എഴുതിയ പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യുന്നതെന്ന് ഷാര്‍ജയിലെ ഒരു ഹ്യൂമണ്‍ റിസോഴ്‌സസ് എക്‌സിക്യൂട്ടീവ് വ്യക്തമാക്കി. എമര്‍ജന്‍സി കേസുകളില്‍ പോലും കൈകൊണ്ട് എഴുതിയ പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യില്ലെന്ന് യു എ ഇയിലെ പാക്കിസ്ഥാന്‍ എംബസി അധികൃതര്‍ ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. ലോകത്തെ 120 രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് ഇ-പാസ്‌പോര്‍ട്ടാണ് നല്‍കുന്നതെന്ന് അവകാശപ്പെടുന്നുണ്ട്. നിലവില്‍ 50 കോടി ഇ-പാസ്‌പോര്‍ട്ടുകളാണ് ലോകത്തുള്ളത്. ഇതിന്റെ സംഖ്യ ദിനേന വര്‍ധിച്ചുവരികയാണ്. ഇക്കാഒയുടെ പബ്ലിക് കി ഡയറക്ടറിയില്‍ നിലവില്‍ 45 രാജ്യങ്ങള്‍ അംഗങ്ങളാണ്. പൊതുജനങ്ങള്‍ക്ക് ഇ-പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്നതിനുള്ള ആഗോള ബ്രോക്കര്‍മാരായാണ് ഇക്കാഒ പ്രവര്‍ത്തിക്കുന്നത്.