Connect with us

Ongoing News

പങ്കുവെപ്പുകളുടെ മാസം

Published

|

Last Updated

മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണെന്നതിന്റെ അര്‍ഥം ഒരു മനുഷ്യനും ഇവിടെ ഒറ്റക്ക് ജീവിക്കാന്‍ കഴിയില്ല എന്നു കൂടിയാണ്. വസ്ത്രം, പാര്‍പ്പിടം, ഭക്ഷണം, വാഹനം തുടങ്ങി നാമനുഭവിക്കുന്ന മുഴുവന്‍ സൗകര്യങ്ങളും മറ്റു പലരുടെയും സഹായ സഹകരണങ്ങള്‍ കൊണ്ട് ലഭിക്കുന്നതാണ്. മാനവ സമൂഹത്തിന് ആവശ്യമായ വിവിധ കഴിവുകളും അഭിരുചിയുമെല്ലാം പലരിലുമായാണ് സ്രഷ്ടാവ് നിക്ഷേപിച്ചിട്ടുള്ളത്. ഈ കഴിവുകള്‍ അത് ലഭിച്ചവര്‍ക്ക് മാത്രം ഒറ്റക്ക് ഉപയോഗിക്കാനുള്ളതല്ല. മറ്റുള്ളവര്‍ക്കു കൂടി പങ്കുവെക്കാനുള്ളതാണ്. നിങ്ങള്‍ക്ക് നാം നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുക എന്ന ഖുര്‍ആന്‍ വചനം ഇതുകൂടിയാണ് അര്‍ഥമാക്കുന്നത്.
റമസാന്‍ മാസത്തെ പരിചയപ്പെടുത്തിക്കൊണ്ട് നബി (സ) പറഞ്ഞു. “ഇത് പരസ്പരം പങ്കുവെപ്പിന്റെ മാസമാണ്. ഈ മാസത്തില്‍ വിശ്വാസികള്‍ക്ക് രിസ്ഖ് വര്‍ധിക്കും” പാവപ്പെട്ടവരുടെ വീടുകളിലേക്ക് പണവും ഭക്ഷ്യവസ്തുക്കളും ഒഴുകിയെത്തുന്ന കാലമാണ് നോമ്പിന്റെ മാസം. മറ്റുള്ളവരുമായി പങ്കുവെക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഭക്ഷണം. നോമ്പുകാരന് തുറയൊരുക്കി സത്കരിക്കുക എന്നത് ഭക്ഷണത്തോടൊപ്പം സ്‌നേഹവും കൂടി പങ്കുവെക്കാന്‍ സാധിക്കുന്ന പുണ്യകര്‍മ്മമാണ്.
തിരുനബി (സ) പറഞ്ഞു: “ഒരു നോമ്പുകാരനെ ആരെങ്കിലും നോമ്പു തുറപ്പിച്ചാല്‍ അതവന്റെ പാപം പൊറുപ്പിക്കുകയും നരകവിമോചനത്തിന് കാരണമാകുകയും, നോമ്പു തുറക്കുന്നവരുടെ നോമ്പിന്റെ പ്രതിഫലം അവര്‍ക്ക് ഒട്ടും കുറക്കാതെ തുറപ്പിച്ചവന് ലഭിക്കുകയും ചെയ്യും”. റമസാനില്‍ പുണ്യം കൊയ്യാന്‍ ഏറ്റവും നല്ല മാര്‍ഗമാണിതെന്ന് സ്പഷ്ടം.
തിരുനബി (സ) യുടെ ഈ പ്രഭാഷണം കേട്ട പാവപ്പെട്ട അനുചരന്മാര്‍ സങ്കടത്തോടെ പറഞ്ഞു. ഞങ്ങള്‍ക്കെല്ലാവര്‍ക്കും നോമ്പു തുറപ്പിക്കാനുള്ള വിഭവങ്ങള്‍ ഒരുക്കാനുള്ള ശേഷിയില്ലല്ലോ. ഞങ്ങള്‍ക്ക് ഈ പ്രതിഫലം എങ്ങനെ ലഭിക്കും? ഇവരോടായി മുത്ത് റസൂല്‍ (സ) പറഞ്ഞു. “ഈ പ്രതിഫലം ഒരിറക്ക് പാല്‍, അല്ലെങ്കില്‍ ഒരു കാരക്കച്ചുള, അതുമല്ലെങ്കില്‍ ഒരിറക്ക് വെള്ളം എന്നിവ നല്‍കി നോമ്പു തുറപ്പിക്കുന്നവനും ലഭിക്കും. എന്നാല്‍ ഒരു നോമ്പുകാരനെ വിശപ്പ് മാറുവോളം ആഹാരം നല്‍കി നോമ്പ് തുറപ്പിച്ചാല്‍ അവനെ എന്റെ ഹൗളുല്‍ കൗസറില്‍ നിന്നും അല്ലാഹു കുടിപ്പിക്കും. പിന്നെ സ്വര്‍ഗത്തിലെത്തുംവരെ അവന് ദാഹമുണ്ടാകില്ല. ഇല്ലാത്തവനും ഈ പങ്കുവെപ്പില്‍ ഉള്ളതുകൊണ്ട് പങ്കാളിയാകാമെന്നാണ് നബി (സ) പഠിപ്പിക്കുന്നത്.
ആസൂത്രണമുണ്ടെങ്കില്‍ ഒരു നൂറ് പേരെയെങ്കിലും വീട്ടിലേക്ക് വിളിച്ചു വരുത്തി നോമ്പു തുറപ്പിക്കാന്‍ ഒരു പ്രയാസവുമില്ല. കല്യാണങ്ങള്‍ പോലെ വലിയ തുറ സംഘടിപ്പിക്കുന്നത് മറ്റ് പല റമസാന്‍ പ്രത്യേക ആരാധനകളും നഷ്ടപ്പെടാന്‍ കാരണമാകും. അയല്‍വാസികള്‍, സുഹൃത്തുക്കള്‍, മരുമക്കള്‍, മറ്റ് ബന്ധുക്കള്‍ ഇവരെയൊക്കെ വിവിധ ദിവസങ്ങളില്‍ ക്ഷണിക്കുക. ഒരാളെങ്കിലും എല്ലാ ദിവസവും നോമ്പു തുറക്കാന്‍ വീട്ടിലെത്തണം. ഇതിന് പ്രത്യേകമായ ഒരു ഒരുക്കവും ആവശ്യമില്ല. ഏറ്റവും മഹത്വമുള്ള ദാനമെന്താണെന്ന ചോദ്യത്തിന് തിരുനബി ദൂതരുടെ മറുപടി ഭക്ഷണമുണ്ടാക്കി ഭക്ഷിപ്പിക്കുക എന്നതായിരുന്നു. നോമ്പുതുറയൊരുക്കുന്നതും അതിന് ഭക്ഷണം പാകംചെയ്യുന്നതും വെറുതെയാകില്ല.
വീടുകള്‍ക്ക് പുറമെ ടൗണുകള്‍ കേന്ദ്രീകരിച്ചുള്ള പള്ളികളിലും നിരവധി രോഗികളും കൂടെ നില്‍ക്കുന്നവരും നോമ്പു തുറക്കാന്‍ സൗകര്യം ലഭിക്കാതെ പ്രയാസപ്പെടുന്ന ആശുപത്രി പരിസരങ്ങളിലുമൊക്കെ ഇന്ന് അഭ്യുദയകാംക്ഷികള്‍ നോമ്പുതുറ ഒരുക്കുന്നുണ്ട്. ഇതിലെല്ലാം പങ്കാളിയായി പുണ്യം കൊയ്തു ധന്യരാകാന്‍ നാം ശ്രമിക്കണം.

Latest