Connect with us

International

അത്യുഷ്ണത്തില്‍ വെന്തുരുകി പാക്കിസ്ഥാന്‍; മരണം 700 ആയി

Published

|

Last Updated

പാക്കിസ്ഥാനിലെ കറാച്ചിയില്‍ പൊതുടാപ്പില്‍ നിന്ന് വെള്ളമെടുത്ത് ശരീരം തണുപ്പിക്കുന്ന യുവാക്കള്‍

ഇസ്‌ലാമാബാദ്: കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ തെക്കന്‍ പാക്കിസ്ഥാനില്‍ അത്യുഷ്ണം മൂലം മരിച്ചവരുടെ എണ്ണം 700 നടുത്തായി. തെക്കന്‍ തുറമുഖ നഗരമായ കറാച്ചിയിലാണ് കൂടുതല്‍ മരണങ്ങളും. കഴിഞ്ഞ ദിവസം ഇവിടെയും സിന്ധ് പ്രവിശ്യയിലും 45 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. അടിയന്തരസാഹചര്യം നേരിടുന്നതിന്റെ ഭാഗമായി കറാച്ചിയിലെ തെരുവുകളിലെല്ലാം മെഡിക്കല്‍ ഏജന്‍സികളെ തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിര്‍ജലീകരണം, സൂര്യാഘാതം തുടങ്ങിയ കേസുകളില്‍ പെട്ട് എത്തുന്നവരെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. ഇതിനിടെ ഇടക്കിടെ ഉണ്ടാകുന്ന വൈദ്യുതി തടസ്സം മൂലം എയര്‍കണ്ടീഷണറുകള്‍ പ്രവര്‍ത്തിക്കാത്തത് പലസ്ഥലങ്ങളിലും ദുരിതം വര്‍ധിപ്പിച്ചു. വേണ്ടത്ര ജലവിതരണവും നടക്കുന്നില്ല. അത്യൂഷ്ണം മൂലം കൂടുതല്‍ പേര്‍ എയര്‍കണ്ടീഷണറുകളും ഫാനുകളും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ഇലക്ട്രിക് കമ്പനിയും പ്രതിസന്ധി നേരിടുകയാണ്. റമസാന്‍ മാസമായതിനാല്‍ പാചക ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവും കൂടിയതായി കമ്പനി വ്യക്തമാക്കി.
മരണപ്പെട്ടവരുടെ ഔദ്യോഗിക കണക്ക് ഇതുവരെ വ്യക്തമല്ല. നിരവധി പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. നേരത്തെ കറാച്ചി ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുമ്പോള്‍ തന്നെ നിരവധി പേരുടെ അവസ്ഥ പരിതാപകരമായിരുന്നുവെന്ന് മെഡിക്കല്‍ വിഭാഗം ചൂണ്ടിക്കാട്ടി.
തെരുവുകളില്‍ ജീവിക്കുന്ന പ്രായമായവരാണ് അത്യുഷ്ണത്തില്‍ കൂടുതല്‍ മരിച്ചത്. സാഹചര്യം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന കുറ്റപ്പെടുത്തലുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ പ്രതിസന്ധി നേരിടുന്ന സിന്ധ് പ്രവിശ്യ പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിലാണെന്ന് സര്‍ക്കാര്‍ പ്രതികരിച്ചു.
സിന്ധ് പ്രവിശ്യയില്‍ മണ്‍സൂണ്‍ എത്തുന്നതോടെ അത്യൂഷ്ണത്തിന് കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.

Latest