Connect with us

Gulf

അര്‍ബുദ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സക്ക് കോടി ഡോളര്‍

Published

|

Last Updated

ഷാര്‍ജ: അര്‍ബുദ രോഗം ബാധിച്ച കുട്ടികളെ ചികിത്സിക്കാന്‍ രണ്ടു വര്‍ഷത്തിനകം ഒരു കോടി ഡോളര്‍ നല്‍കുമെന്ന് ഷാര്‍ജ ഭരണാധികാരിയുടെ പത്‌നി ശൈഖാ ജവാഹിര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമി അറിയിച്ചു. ഓരോ വര്‍ഷം 7.76 ലക്ഷം കുട്ടികള്‍ അര്‍ബുദ രോഗബാധിതരാകുന്നു. രാജ്യാന്തര ബാല അര്‍ബുദ നിവാരണ സഹായ നിധിയിലേക്കാണ് തുക പോവുക. ലോകത്തെ അഭയാര്‍ഥികളെ സഹായിക്കാന്‍ രാജ്യാന്തര തലത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും യു എന്‍ എച്ച് സി ആറിന്റെ അഭയാര്‍ഥി കുട്ടികളുടെ വക്താവുമായ ശൈഖ ജവാഹിര്‍ ബിന്‍ത് അല്‍ ഖാസിമി ആവശ്യപ്പെട്ടു. യുദ്ധത്തെ തുടര്‍ന്ന് വീട് നഷ്ടപ്പെട്ട അഭയാര്‍ഥികളുടെ എണ്ണം വര്‍ധിച്ചുവരുന്നു. ഇത് തന്നെ ദുഃഖിപ്പിക്കുന്നു.
യുദ്ധത്തെ തുടര്‍ന്ന് കുടുംബങ്ങള്‍ ഛിന്നഭിന്നമാകുന്നു. പ്രതീക്ഷ നഷ്ടപ്പെട്ട പലരും വീടും സ്വത്തും ഉപേക്ഷിച്ച് അയല്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നു. രാജ്യാന്തര സമൂഹം ഉടന്‍ പ്രശ്‌നത്തില്‍ ഇടപെട്ടില്ലെങ്കില്‍ സ്ഥിതി വളരെ വഷളാകുകയും അടുത്ത തലമുറയെ കൂടി ഇത് ബാധിക്കുകയും ചെയ്യും.
അഭയാര്‍ഥികള്‍ക്ക് വേണ്ടിയുള്ള യുനൈറ്റഡ് നാഷന്‍സ് ഹൈകമ്മീഷണറുടെ റിപ്പോര്‍ട്ട് പ്രകാരം രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അഭയാര്‍ഥികളുടെ എണ്ണം 5.1 കോടിയാണ്. നാടും വീടും ഉപേക്ഷിക്കപ്പെട്ടവര്‍ വിവിധ ക്യാംപുകളിലും അഭയാര്‍ഥി കേന്ദ്രങ്ങളിലും തുറസ്സായ സ്ഥലങ്ങളിലുമാണ് ഇവര്‍ കഴിയുന്നത്.
ഇവരില്‍ 50 ലക്ഷം പലസ്തീന്‍കാര്‍, 10 ലക്ഷം സിറിയക്കാര്‍ എന്നിവരുള്‍പെടുന്നു. 75 ലക്ഷം പേര്‍ ആഭ്യന്തര കലാപങ്ങളാല്‍ അഭയാര്‍ഥികളായിത്തീര്‍ന്നു. ഇതുകൂടാതെ, 30 ലക്ഷം പേര്‍ ഇറാഖില്‍ നിന്ന് പലായനം ചെയ്യപ്പെട്ടവരാണ്. ആകെ റജിസ്റ്റര്‍ ചെയ്യപ്പെട്ട അഭയാര്‍ഥികളുടെ എണ്ണം 19.5 ദശലക്ഷം. ഇതില്‍ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്. പലരും ദശാബ്ദങ്ങളായി അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്നു. മധ്യപൂര്‍വദേശത്ത് 19.5 ദശലക്ഷം റജിസ്റ്റര്‍ ചെയ്ത അഭയാര്‍ഥികളുണ്ട്. മാനുഷിക പരിഗണന വച്ച് ഇവരെയെല്ലാം സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. സിറിയയില്‍ നിന്ന് തുര്‍ക്കിയിലേക്ക് ഈ മാസം 23,000 പേര്‍ പലായനം ചെയ്തു. കുടുംബം നഷ്ടപ്പെട്ട ദശലക്ഷക്കണക്കിന് പേരെ സഹായിക്കാന്‍ രാജ്യാന്തര സമൂഹം മുന്നോട്ടുവരണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ പറഞ്ഞു.
ശാരീരികവും മാനസികവുമായ പീഡനത്തെ തുടര്‍ന്ന് തുര്‍ക്കി, സിറിയ എന്നിവിടങ്ങളില്‍ നിന്ന് പലായനം ചെയ്ത സത്രീകളെ സഹായിക്കുന്നതിനായി ശൈഖ ജവാഹിറയുടെ ദ് ബിഗ് ഹാര്‍ട് ഫൗണ്ടേഷന്‍സ് പുതിയ പദ്ധതിക്ക് തുടക്കംകുറിച്ചിട്ടുണ്ട്. ഇതിനായി അഞ്ച് ലക്ഷം യു എസ് ഡോളര്‍ നീക്കിവച്ചു.

---- facebook comment plugin here -----

Latest