Connect with us

Kerala

ഓപ്പറേഷന്‍ കുബേര രണ്ടാം ഘട്ടം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

Published

|

Last Updated

തിരുവനന്തപുരം; അമിതപലിശക്കാര്‍ക്കെതിരെയുള്ള ഓപ്പറേഷന്‍ കുബേരയുടെ രണ്ടാം ഘട്ടം ഫലപ്രദമായി നടപ്പാക്കുന്നതിന് സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. അമിത പലിശയും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും 8547546600 എന്ന നമ്പരില്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാവുന്നതാണ്. ഇത് എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സര്‍ക്കിള്‍, സബ്ഡിവിഷന്‍, ജില്ലാ പോലീസ് ആസ്ഥാന ഓഫീസുകളിലും പ്രദര്‍ശിപ്പിക്കണം. ഇവിടങ്ങളില്‍ ഇതിനായുള്ള പരാതിപ്പെട്ടികളും സ്ഥാപിക്കണം. എല്ലാ ജില്ലാ പോലീസ് മേധാവിമാരുടെയും നോഡല്‍ ഓഫീസര്‍മാരുടെയും ഫോണ്‍ നമ്പര്‍, ഇമെയില്‍, എസ്.എം.എസ്, വാട്‌സ്ആപ് നമ്പര്‍, തുടങ്ങിയവ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കണം. ജനമൈത്രി പോലീസ് മീറ്റിംഗുകളിലൂടെയും പരിപാടികളിലൂടെയും കുടുംബശ്രീ, റസിഡന്റ്‌സ് അസോസിയേഷന്‍ തുടങ്ങിയ ഏജന്‍സികളെ ഉപയോഗപ്പെടുത്തിയും ബ്ലെയ്ഡ് മാഫിയയെ സംബന്ധിച്ച ബോധവത്കരണം നടത്തണം. ഇതുസംബന്ധിച്ച കേസുകളുടെ അന്വേഷണം സമയബന്ധിതമായി തീര്‍ക്കണം. സര്‍ക്കിള്‍ തലങ്ങളില്‍ എല്ലാ ആഴ്ചയിലും ഇതുസംബന്ധിച്ച കേസുകളുടെ പുരോഗതി വിലയിരുത്തുന്നതിന് അര ദിവസത്തെ മീറ്റിംഗുകള്‍ നടത്തണം. ഓപ്പറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളില്‍ പ്രാഥമികാന്വേഷണം നടത്തി വസ്തുതകള്‍ പരിശോധിക്കണം. ജില്ലകളില്‍ രണ്ടാഴ്ചയിലൊരിക്കല്‍ ഇതുസംബന്ധിച്ച പെറ്റിഷന്‍ അദാലത്തുകള്‍ നടത്തണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് വിവിധ തലങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ളത്.

Latest