Connect with us

Editorial

ദളിതന്‍ മിടുക്കനാകരുതെന്നോ?

Published

|

Last Updated

ദളിത് സമൂഹത്തിന്റെ സമുദ്ധാരണത്തിനും അവരെ പൊതുധാരയിലെത്തിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് സര്‍ക്കാറുകള്‍ നിരന്തരം പ്രഖ്യാപിച്ചു കൊണ്ടിരിക്കെ തന്നെ, ദലിത് വിവേചനവും അവര്‍ക്കെതിരെയുള്ള സവര്‍ണ ആക്രമണവും രാജ്യത്ത് വര്‍ധിച്ചു വരികയാണ്. ഉത്തര്‍ പ്രദേശില്‍ ഐ ഐ ടി പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടിയ ബ്രിജേഷ്, രാജു എന്നീ ദളിത് സഹോദരങ്ങളുടെ വീടിന് നേരെ സവര്‍ണരുടെ കല്ലേറുണ്ടായത് രണ്ട് ദിവസം മുമ്പാണ്. പഠനത്തില്‍ മിടുക്കന്മാരായിരുന്ന ഇവര്‍ ഫഌക്‌സ് കൊണ്ട് മറച്ച ചെറിയ മണ്‍കൂരയിലാണ് താമസിക്കുന്നത്. എന്നാല്‍, ഒരു ദളിത് കുടുംബത്തിലെ വിദ്യാര്‍ഥികള്‍ ഉയര്‍ന്നു പഠിക്കുന്നതും ഉന്നത സ്ഥാനങ്ങളിലെത്തിപ്പെടുന്നതും നാട്ടിലെ സവര്‍ണ വിഭാഗത്തിന് പിടിച്ചില്ല. ഉന്നത സ്ഥാനങ്ങളും ഉദ്യോഗങ്ങളും തങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നാണല്ലോ സവര്‍ണരുടെ മനസ്സിലിരിപ്പ്. ദളിതുകള്‍ ഈ മേഖലകളില്‍ എത്തിപ്പെടുന്നത് അവര്‍ക്ക് സഹിക്കാനാകില്ല. ബ്രാഹ്മണര്‍ മാത്രമാണ് മന്ത്രമുച്ചരിക്കാനും വേദം പഠിക്കാനും അവകാശികളെന്നും താഴ്ന്ന ജാതിക്കാര്‍ക്ക് അവയൊന്നും പാടില്ലെന്നുമുള്ള സവര്‍ണ വിശ്വാസത്തിന് ഇന്നും മാറ്റം വന്നിട്ടില്ല രാജ്യത്തിന്റെ പല ഭാഗങ്ങളിലും. സമൂഹത്തിലെ ബുദ്ധിജീവികളും രാഷ്ട്രീയക്കാരും സാമൂഹിക സാംസ്‌കാരിക നായകരും ഇത്തരം വിശ്വാസങ്ങള്‍ ഇപ്പോഴും മുറുകെ പിടിക്കുന്നവരുടെ ഗണത്തില്‍ പെടും. തങ്ങളുടെ ജീവനക്കാര്‍ സ്ഥാപനത്തിന്റെ ഭക്ഷണശാലയില്‍ മത്സ്യ, മാംസാഹാരങ്ങള്‍ കൊണ്ടുവരാനോ കഴിക്കാനോ പാടില്ലെന്ന് നിര്‍ദേശം നല്‍കിയത് പുരോഗമന വാദത്തിന്റെ കാവലാളായി കരുതപ്പെടുന്ന ഹിന്ദു പത്രത്തിന്റെ മാനേജ്‌മെന്റായിരുന്നുവെന്നറിയുമ്പോള്‍ ഈ ഐ ടിയുഗത്തിലും ഇത്തരം അബദ്ധ ധാരണകള്‍ എത്ര ആഴത്തിലാണ് സമൂഹത്തില്‍ വേരൂന്നിയതെന്ന് ബോധ്യമാകും.
എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനി സോമ്‌നാ സാഗറിന്റെ ഹോസ്റ്റല്‍ പ്രവേശവുമായി ബന്ധപ്പെട്ടു ബീഹാറിലെ ഒരു കോളജില്‍ വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടിയത് മാസങ്ങള്‍ക്ക് മുമ്പാണ്. മൂന്ന് പേര്‍ക്ക് താമസിക്കാവുന്ന മുറിയില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട സോമ്‌നയെ താമസിപ്പിക്കാന്‍ സവര്‍ണ ജാതിക്കാരായ മറ്റു രണ്ട് വിദ്യാര്‍ഥികള്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഈ പ്രശ്‌നത്തില്‍ കോളജ് പ്രിന്‍സിപ്പലും ഹോസ്റ്റല്‍ വാര്‍ഡനും സവര്‍ണ വിദ്യാര്‍ഥികള്‍ക്കനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചതെന്നതാണ് ഈ സംഭവത്തിലെ വേദനാജനകമായ വശം. ഉത്തര്‍പ്രദേശിലെ സുര്‍പതി ജില്ലയില്‍ ഒരു വിവാഹ സത്കാരത്തില്‍ ഉയര്‍ന്ന ജാതിക്കാര്‍ക്ക് ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച അമര്‍ സിംഗ് എന്ന ദളിത് യുവാവിന്റെ മൂക്ക് മുറിച്ചത് നാല് മാസം മുമ്പാണ്. ഇതേ പ്രദേശത്ത് രണ്ട് വര്‍ഷം മുമ്പ് ഉയര്‍ന്ന ജാതിക്കാര്‍ക്കിടുന്ന പേരിട്ടതിന്റെ പേരില്‍ ഒരു ദളിത് വിദ്യാര്‍ഥിക്ക് ജീവന്‍ തന്നെ നഷ്ടമാകുകയുണ്ടായി.
ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും ഉയര്‍ന്ന ജാതിക്കാരുമായി ഇടപെടുന്നതിന് ദളിത് വിഭാഗങ്ങള്‍ക്ക് കടുത്ത വിലക്കുണ്ട്. ഉന്നത ജാതിക്കാര്‍ ഉപയോഗിക്കുന്ന കിണറ്റില്‍ നിന്നു വെള്ളം കോരാനുള്ള അവകാശം പോലും താഴ്ന്നവര്‍ക്കില്ല. കീഴ് ജാതിക്കാരായ സ്ര്തീകള്‍ കുട ചൂടിക്കൂടാ, പാദരക്ഷ ധരിക്കരുത്, സ്വര്‍ണാഭരണമണിയരുത് ഉച്ചാരണശുദ്ധിയില്‍ സംസാരിക്കരുത് എന്നൊക്കെയാണല്ലോ പഴയ കാല സവര്‍ണതയുടെ നിയമങ്ങള്‍. ഈ മനോഗതിക്ക് മാറ്റം വരാത്തവര്‍ ഇന്നുമുണ്ട് രാജ്യത്ത് ധാരാളം. സന്നദ്ധസംഘടനയായ നാഷനല്‍ കൗണ്‍സില്‍ ഓഫ് അപ്ലേഡ് റിസര്‍ച്ചും അമേരിക്കയിലെ മെരിലാന്റ് യൂനിവേഴ്‌സിറ്റിയും സംയുക്തമായി കഴിഞ്ഞ വര്‍ഷം നടത്തിയ പഠനം, ഇന്ത്യയില്‍ നിന്ന് വേരോടെ പിഴെതെറിയപ്പെട്ടു എന്നവകാശപ്പെടുന്ന ജാതീയ വിവേചനവും തൊട്ടുകൂടായ്മയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഉത്തരേന്ത്യയിലെ ഹൈന്ദവരില്‍ മിക്ക പേരും തങ്ങള്‍ ഇപ്പോഴും തൊട്ടുകൂടായ്മ ആചരിക്കുന്നതായി വെളിപ്പെടുത്തുകയുണ്ടായെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
നിയമ നിര്‍മാണങ്ങളേക്കാള്‍, സവര്‍ണ മനസ്സുകളുടെ പരിവര്‍ത്തനമാണ് ഇതിന് പരിഹാരം. മനുഷ്യനെ മനുഷ്യനായി കാണാനുള്ള വിവേകവും അറിവുകള്‍ നേടുന്നത് ജാതിമതഭേദമന്യേ എല്ലാ മനുഷ്യരുടെയും അവകാശമാണെന്നു തിരിച്ചറിയാനുള്ള വിശാലമനസ്‌കതയും കൈവരിക്കണം. എന്നാല്‍ സതിയും നരബലിയും അയിത്തവും ഇന്നും ആഘോഷമാക്കി മാറ്റുന്ന ഉത്തരേന്ത്യന്‍ സവര്‍ണ മേധാവിത്വം എല്ലാ തരം മാറ്റങ്ങളെയും അസഹ്യതയോടെയാണ് കാണുന്നത്. ഹൈന്ദവമതത്തില്‍ നിന്ന് മറ്റു മതങ്ങളിലേക്കുള്ള കൂട്ടപരിവര്‍ത്തനത്തിന് കാരണമായത് ഇത്തരം സാഹചര്യമാണ്. ഈ സത്യം കാണാതെ അല്ലെങ്കില്‍ അതിന് നേരെ കണ്ണടച്ച് ഘര്‍വാപസികള്‍ സംഘടിപ്പിക്കുന്ന പ്രതിലോമ നിലപാടുകളില്‍ നിന്ന് സവര്‍ണ മേധാവിത്വം പിന്തിരയാത്ത കാലത്തോളം രാജ്യത്ത് ദളിതരുടെ ഭാവി ശോഭനമായിരിക്കില്ല.

Latest