Connect with us

National

മഹാരാഷ്ട്രാ ശിശുക്ഷേമ മന്ത്രിക്കെതിരെ 206 കോടിയുടെ അഴിമതിയാരോപണം

Published

|

Last Updated

മുംബൈ: മഹാരാഷ്ട്ര വനിതാ ശിശുക്ഷേ മന്ത്രിയും ഗോപിനാഥ് മുണ്ടെയുടെ മകളുമായ പങ്കജ മുണ്ടെക്കെതിരെ 206 കോടിയുടെ അഴിമതിയാരോപണം. മറ്റൊരു മന്ത്രി വിനോദ് താവ്‌ദെയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം കെട്ടടങ്ങും മുമ്പാണ് ബി ജെ പി- ശിവസേന സഖ്യത്തിന്റെ ദേവേന്ദ്ര ഫദ്‌നവീസ് സര്‍ക്കാര്‍ വീണ്ടും ആരോപണങ്ങള്‍ നേരിടുന്നത്.
നിയമങ്ങള്‍ പാലിക്കാതെ 206 കോടിയുടെ 24 കരാറുകള്‍ക്ക് അനുമതി കൊടുത്തു എന്നതാണ് പങ്കജക്ക് എതിരെയുള്ള ആരോപണം. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ത് അഴിമതി വിരുദ്ധ ബ്യൂറോക്ക് (എ സി ബി) പരാതി നല്‍കി. ടെന്‍ഡര്‍ പോലും ക്ഷണിക്കാതെ സര്‍ക്കാര്‍ സ്‌കൂളുകളുകളിലെ പട്ടികവിഭാഗം വിദ്യാര്‍ഥികള്‍ക്കായി കടലമിഠായി പോലുള്ള ഭക്ഷ്യവസ്തുക്കള്‍, പുസ്തകങ്ങള്‍, പായ തുടങ്ങിയവ വാങ്ങിയതില്‍ അഴിമതി നടന്നുവെന്നാണ് ആരോപണം. സംസ്ഥാനത്ത് മൂന്ന് ലക്ഷം രൂപക്ക് മുകളിലുള്ള എല്ലാ വാങ്ങലുകള്‍ക്കും ടെന്‍ഡര്‍ വിളിക്കണമെന്ന വ്യവസ്ഥ നിലനില്‍ക്കെയാണ് കോടികളുടെ ഇടപാട് നിയമവിരുദ്ധമായി നടത്താന്‍ ഒറ്റ ദിവസം കൊണ്ട് മന്ത്രി അനുമതി നല്‍കിയത്. പട്ടികവിഭാഗം വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്ത കടലമിഠായി (ചിക്കി) യുടെ ഗുണനിലവാരം സംബന്ധിച്ച് നേരത്തെ ആരോപണമുണ്ടായിരുന്നു. സര്‍ക്കാര്‍ നേരത്തെ കരിമ്പട്ടികയില്‍പ്പെടുത്തിയ ഒരു സന്നദ്ധസംഘടനയുടെ കീഴിലാണ് ഇവ നിര്‍മിച്ചത് എന്നതായിരുന്നു ആരോപണം.
അതേസമയം, യു എസിലുള്ള പങ്കജ അഴിമതി ആപോപണങ്ങള്‍ നിഷേധിച്ചു. സര്‍ക്കാര്‍ ചട്ടങ്ങള്‍ അനുസരിച്ച് മാത്രമേ പര്‍ച്ചേസ് നടത്തിയിട്ടുള്ളൂവെ ന്നും അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളോട് ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുത്താന്‍ ഇടയാക്കുമെന്നും അവര്‍ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവിസ് ഇതിനോട് ഇപ്പോഴും പ്രതികരിച്ചിട്ടില്ല. ആരോപണത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേ ണമെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ ആവശ്യപ്പെട്ടു. മന്ത്രിയെ പുറത്താക്കണമെന്നും മാക്കന്‍ ആവശ്യപ്പെട്ടു.