Connect with us

National

രാജേന്ദ്ര പ്രസാദ് രാഷ്ട്രപതിയാകുന്നത് നെഹ്‌റു എതിര്‍ത്തെന്ന് വെളിപ്പെടുത്തല്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഡോ. രാജേന്ദ്ര പ്രസാദ് ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയാകുന്നതിനെ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു എതിര്‍ത്തിരുന്നതായി വെളിപ്പെടുത്തല്‍. മുന്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്‍ ആര്‍ എന്‍ പി സിംഗാണ് തന്റെ പുതിയ പുസ്തകമായ നെഹ്‌റു: ട്രബിള്‍ഡ് ലെജസി (നെഹ്‌റു: അശാന്ത പൈതൃകം) യിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിട്ടുള്ളത്. ഇതിന്റെ തെളിവിലേക്കായി നെഹ്‌റു ഡോ. രാജേന്ദ്രപ്രസാദിന് എഴുതിയ ഒരു കത്ത് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സി രാജഗോപാലാചാരിയെ പ്രഥമ പ്രസിഡന്റായി തിരഞ്ഞെടുക്കുന്നതാണ് സുരക്ഷിതവും ഉചിതവുമായതെന്ന് താനും സര്‍ദാര്‍ പട്ടേലും തീരുമാനിച്ചിട്ടുണ്ടെന്നാണ് കത്തില്‍ നെഹ്‌റു പറയുന്നത്. 1949 സെപ്തംബര്‍ 10ന് എഴുതിയതാണ് ഈ കത്ത്. ഈ കത്ത് ലഭിച്ചതിന് പിറ്റേന്ന് രാജേന്ദ്ര പ്രസാദ് തന്റെ നിരാശയും വിഷമവും പ്രകടിപ്പിച്ചിരുന്നു. സര്‍ദാര്‍ പട്ടേലും അസംബ്ലിയിലെ ഭൂരിപക്ഷം അംഗങ്ങളും തന്നെ എതിര്‍ക്കുന്നു എന്നതിലായിരുന്നു രാജേന്ദ്രപ്രസാദിന്റെ നിരാശ.
പക്ഷേ, കത്തിന്റെ പകര്‍പ്പ് അദ്ദേഹം പട്ടേലിന് അയച്ചുകൊടുത്തപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതി മനസ്സിലായതെന്ന് പുസ്തകം പറയുന്നു. ഈ വിഷയം താനും നെഹ്‌റുവും ചര്‍ച്ച ചെയ്തിട്ടില്ലെന്നു പറഞ്ഞ പട്ടേല്‍ നെഹ്‌റുവിന്റെ കത്തില്‍ ആശ്ചര്യം പ്രകടിപ്പിക്കുകയായിരുന്നെന്നും പുസ്തകം അവകാശപ്പെടുന്നു.
സെപ്തംബര്‍ 11ന് തന്നെ നെഹ്‌റുവിന് രാജേന്ദ്ര പ്രസാദ് മറുപടി നല്‍കി. പാര്‍ട്ടിയില്‍ തന്റെ സ്ഥാനമെന്താണെന്ന് വ്യക്തമാക്കണമെന്നും കുറച്ചുകൂടി നല്ല സമീപനം അര്‍ഹിക്കുന്നുണ്ടെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. ഈ കത്ത് കിട്ടിയതോടെ നെഹ്‌റു അസ്വസ്ഥനായെന്നും തന്റെ വിശ്വാസ്യതക്ക് അവസാനമുണ്ടായതായി അദ്ദേഹം ഭയപ്പെട്ടുവെന്നും പുസ്തകത്തില്‍ ആര്‍ എന്‍ പി സിംഗ് വിവരിക്കുന്നു.
ഇതേത്തുടര്‍ന്ന് രാജേന്ദ്ര പ്രസാദിനോടും സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിനോടും നെഹ്‌റു ക്ഷമ ചോദിച്ചിരുന്നുവെന്നും പുസത്കത്തിലുണ്ട്.

Latest