Connect with us

Kerala

ഓപറേഷന്‍ രുചി : റെയ്ഡുകള്‍ ശക്തമാക്കും; അന്തര്‍സംസ്ഥാന ഏകോപന യോഗം 21 ന്

Published

|

Last Updated

തിരുവനന്തപുരം: പച്ചക്കറികളിലെയും പഴങ്ങളിലെയും കീടനാശിനികളുടെ അമിതോപയോഗം, ആഹാര പദാര്‍ത്ഥങ്ങളില്‍ രുചി വര്‍ധക രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ക്രമാതീതമായി കലര്‍ത്തല്‍ എന്നിവ നിയന്ത്രിക്കുന്നതിനുള്ള, ഓപറേഷന്‍ രുചി പദ്ധതിയുടെ ഭാഗമായി, ഭക്ഷ്യസുരക്ഷാവിഭാഗം, റെയ്ഡുകള്‍ ശക്തമാക്കുവാന്‍ തീരുമാനം. പച്ചക്കറിക്കടകള്‍, ബേക്കറികള്‍, റസ്റ്റോറന്റുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് റെയ്ഡുകള്‍ നടത്താന്‍ ഇന്നലെ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായി.
റെയ്ഡുകളില്‍ ജങ്ക്ഫുഡ്, ഫാസ്റ്റ് ഫുഡ്, പാക്കറ്റ് ഫുഡ്, റെഡി ടു ഈറ്റ് ഫുഡ്, ഭക്ഷ്യ എണ്ണകള്‍, പാല്‍, പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍ മുതലായവയാണ് പരിശോധനക്ക് വിധേയമാക്കുക. ഓപറേഷന്‍ രുചിയുടെ ഭാഗമായി ജൂലായ് 10നുമുമ്പ് ജില്ലാതലങ്ങളിലും ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍, എം എല്‍ എമാരുടെ നേതൃത്വത്തില്‍, നിയമസഭാ മണ്ഡലതലങ്ങളിലും ബോധവത്ക്കരണപരിപാടികള്‍ സംഘടിപ്പിക്കും.
അന്യ സംസ്ഥാന പച്ചക്കറികളിലും പഴങ്ങളിലും കീടനാശിനികളുടെയും മറ്റു രാസവസ്തുക്കളുടെയും അമിതോപയോഗം നിയന്ത്രിക്കുന്നത് സംബന്ധിച്ച അന്തര്‍സംസ്ഥാന ഏകോപനയോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍, ജൂലായ് 21 ന് തിരുവനന്തപുരത്ത് നടത്തുമെന്ന് മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ തീരുമാനങ്ങള്‍, നടപടികള്‍, അന്തര്‍സംസ്ഥാന ഏകോപനം എന്നിവ നടന്നുവരുന്ന സാഹചര്യത്തില്‍, പച്ചക്കറികളിലും പഴങ്ങളിലും കീടനാശിനികളുടെയും മറ്റു രാസവസ്തുക്കളുടെയും അമിത സാന്നിധ്യം കുറഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കും. തമിഴ്‌നാട്ടിലെ പച്ചക്കറിത്തോട്ടങ്ങളില്‍, കേരള ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ വസ്തുതാ പഠനറിപ്പോര്‍ട്ട്, ഈമാസം നാലിന് ഡല്‍ഹിയില്‍ ചേര്‍ന്ന, കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ സെന്‍ട്രല്‍ കമ്മിറ്റി മുമ്പാകെ കേരള ഭക്ഷ്യസുരക്ഷാകമ്മീഷണര്‍ അവതരിപ്പിക്കുകയും കമ്മിറ്റി ഇത് ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. കമ്മിറ്റി ഇതേ യോഗത്തില്‍വച്ച്, തമിഴ്‌നാട് ഭക്ഷ്യസുരക്ഷാ കമ്മീഷണറോട് നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിര്‍ദേശിച്ചിട്ടുമുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വസ്തുതകള്‍ ഇതായിരിക്കെ, ഇക്കാര്യം കേരളം കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയെ അറിയിച്ചില്ലെന്ന ബിനോയ് വിശ്വത്തിന്റെ ആരോപണം ദൗര്‍ഭാഗ്യകരമായെന്ന് യോഗത്തില്‍ അറിയിച്ചു.
യോഗത്തില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍, ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ചുമതല വഹിക്കുന്ന കെ. അനില്‍കുമാര്‍, ആരോഗ്യവകുപ്പ് ഡറക്ടര്‍ ഡോ.എസ് ജയശങ്കര്‍, അഡിഷണല്‍ ഡയറക്ടര്‍ ഡോ. ആര്‍ രമേഷ്, അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ഡി ശിവകുമാര്‍, റിസര്‍ച്ച് ഓഫീസര്‍ ജി ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Latest