Connect with us

Gulf

വിദേശികള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ അതാത് ഭാഷകളറിയുന്ന ഇമാമുമാര്‍

Published

|

Last Updated

ദുബൈ ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. ഹമദ് അല്‍ ശൈബാനി വാര്‍ത്താസമ്മേളനത്തില്‍. ഡയറക്ടര്‍ ശൈഖ സുല്‍ത്താന്‍ അല്‍ മര്‍റി സമീപം

ദുബൈ;വിദേശികള്‍ ധാരാളമുള്ള പ്രദേശങ്ങളിലെ മസ്ജിദുകളില്‍ അതാത് ഭാഷ അറിയാവുന്ന ഇമാമുമാരെ നിയമിക്കുമെന്ന് ദുബൈ ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപാര്‍ട്‌മെന്റ് മാനവ ശേഷി വിഭാഗം ഡയറക്ടര്‍ ശൈഖ സുല്‍ത്താന്‍ അല്‍ മര്‍റി പറഞ്ഞു. ദുബൈ ഇസ്‌ലാമിക് അഫയേഴ്‌സില്‍ തൊഴില്‍ പദവികള്‍ പുനഃക്രമീകരിച്ചതുമായി ബന്ധപ്പെട്ട് ഇസ്‌ലാമിക് അഫയേഴ്‌സ് ഡയറക്ടര്‍ ജനറല്‍ ഡോ. ഹമദ് ബിന്‍ അല്‍ ശൈഖ് അഹ്മദ് അല്‍ ശൈബാനി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സോനാപൂര്‍, ദേര, തുടങ്ങിയ സ്ഥലങ്ങളില്‍ മഹാ ഭൂരിപക്ഷം ഇന്ത്യക്കാര്‍ എത്തുന്ന മസ്ജിദുകളില്‍ ഇന്ത്യക്കാരായ ഇമാമുമാരെയും മുഅദ്ദിനുകളെയും നിയമിക്കും. അതാത് സ്ഥലങ്ങളില്‍ നിന്ന് ഇതിനായി ആവശ്യം ഉയര്‍ന്നു വരണം.
ദുബൈയില്‍ ഏതാണ്ട് ആയിരത്തിലധികം മസ്ജിദുകളുണ്ട്. ഇതില്‍ ചുരുക്കം ചില സ്വകാര്യ മസ്ജിദുകളും ഉള്‍പെടും. ഇവയെല്ലാം ഘട്ടം ഘട്ടമായി ഇസ്‌ലാമിക് അഫയേഴ്‌സിന്റെ കീഴിലേക്ക് കൊണ്ടുവരണമെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശമുണ്ട്. അത് നടപ്പാക്കും.
ഇസ്‌ലാമിക് അഫയേഴ്‌സില്‍ 477 ജീവനക്കാരുടെ പദവികള്‍ പുനക്രമീകരിച്ചിരിക്കുകയാണ്. ആദ്യമായാണ് ഇങ്ങനെ ചെയ്യുന്നത്. സ്വദേശികളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയാണ് പദവികള്‍ നല്‍കുന്നത്. 23 പദവികളാണ് നിര്‍ണയിച്ചിരിക്കുന്നത്. മസ്ജിദുകളുമായി ബന്ധപ്പെട്ട് 10 പദവികള്‍ ഉണ്ടായിരിക്കും. നേരത്തെ ഇത് ഏഴ് പദവികളായിരുന്നു. നിരവധി പഠനങ്ങളുടെയും ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലാണ് പുനക്രമീകരണം നടത്തിയിരിക്കുന്നത്.
ഇമാമുമാരുടെയും ജീവനക്കാരുടെ ആനുകൂല്യം വര്‍ധിപ്പിക്കും. ഇഫ്താഅ്, മാര്‍ഗനിര്‍ദേശം നല്‍കല്‍, ഗവേഷണം, മതപരമായ നിലപാടുകള്‍ എന്നിങ്ങനെ നാല് വ്യത്യസ്ത വിഭാഗങ്ങളിലായാണ് ജീവനക്കാരുള്ളത്. പുതിയ ക്രമീകരണം ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അംഗീകരിച്ചിട്ടുണ്ട്. മസ്ജിദ് കാര്യ വകുപ്പ് എന്ന പേരില്‍ വേറെ തന്നെ ഒരു വകുപ്പും ഇസ്‌ലാമിക് അഫയേഴ്‌സിന്റെ കീഴില്‍ രൂപപ്പെടുത്തി.
ഇസ്‌ലാമിക് അഫയേഴ്‌സിലെ നവീകരണത്തിന്റെ രണ്ടാം ഘട്ടമാണിത്. ഉയര്‍ന്ന തലത്തില്‍ സ്വദേശിവല്‍കരണം നൂറ് ശതമാനമാണ്. അതേസമയം, മറ്റു വിഭാഗങ്ങളില്‍ 18 ശതമാനം മാത്രമാണ് സ്വദേശി വത്കരണം. ഈ മേഖലകളിലേക്ക് സ്വദേശികളെ ആകര്‍ഷിക്കുകയാണ് മറ്റൊരു ലക്ഷ്യമെന്നും ശൈഖ സുല്‍ത്താന്‍ അല്‍ മര്‍റി അറിയിച്ചു.