Connect with us

National

വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി എ എ പിയുടെ കന്നി ബജറ്റ്

Published

|

Last Updated

ന്യൂഡല്‍ഹി: വിദ്യാഭ്യാസ മേഖലക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയുള്ള എ എ പി സര്‍ക്കാറിന്റെ കന്നി ബജറ്റ് ഡല്‍ഹി നിയമസഭയില്‍ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ അവതരിപ്പിച്ചു. വിദ്യാഭ്യാസ മേഖലയില്‍ അനുവദിക്കുന്ന തുകയില്‍ 106 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. 9836 കോടി രൂപയാണ് വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി ബജറ്റില്‍ അനുവദിച്ചത്.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടി വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ സമാന്തര വായ്പ അനുവദിക്കും. പത്ത് ലക്ഷം രൂപവരെയായിരിക്കും വായ്പ അനുവദിക്കുക. മുഴുവന്‍ കോളജുകളിലും സ്‌കൂളുകളിലും വൈ ഫൈ സംവിധാനം യാഥാര്‍ഥ്യമാക്കുമെന്നും ബജറ്റ് പറയുന്നു. ഇതിന്റെ ആദ്യ ഘട്ടമായി 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇരുപതിനായിരം പുതിയ അധ്യാപകരെ നിയമിക്കുമെന്നും സിസോദിയ തന്റെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
മുന്‍സിപ്പല്‍ കോര്‍പറേഷനുകള്‍ക്ക് 5,908 കോടി അനുവദിക്കും. ആരോഗ്യ മേഖലക്ക് 4787 കോടിയാണ് ബജറ്റില്‍ അനുവദിച്ചിട്ടുള്ളത്. പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ സംസ്ഥാനത്ത് 100 പുതിയ ആശുപത്രികള്‍ ആരംഭിക്കും.
പുതിയ നികുതികളോ അവശ്യവസ്തുക്കളിന്‍മേല്‍ അധിക വാറ്റോ ഏര്‍പ്പെടുത്തില്ലെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഡി ടി സി, ക്ലസ്റ്റര്‍ ബസുകളില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കും. 10,000 പുതിയ ബസുകള്‍ നിരത്തിലിറക്കും. യമുനാ നദിയുടെ പുനരുദ്ധാരണത്തിനും സൗന്ദര്യവത്കരണത്തിനും 3,656 കോടി രൂപ അനുവദിക്കുന്നതായും ബജറ്റില്‍ വ്യക്തമാക്കുന്നു. വൈദ്യുതി, കുടിവെള്ളം എന്നിവക്ക് സബ്‌സിഡി നല്‍കുന്നതിനായ 1690 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് എ എ പി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു കുറഞ്ഞ നിരക്കിലുള്ള കുടിവെള്ളവും വൈദ്യുതിയും.
താന്‍ അവതരിപ്പിച്ചത് സാധാരണക്കാരുടെ ബജറ്റാണെന്ന് പറഞ്ഞ സിസോദിയ ഡല്‍ഹിയെ ലോകനിലവാരത്തിലുള്ള നിപുണ കേന്ദ്രമാക്കുമെന്നും പ്രഖ്യാപിച്ചു. പൂര്‍ണ സംസ്ഥാന പദവിയെന്നത് വെറുമൊരു സ്വപ്‌നമല്ലെന്നും അതിന് വേണ്ടി കേന്ദ്രവുമായി സംസാരിച്ചുവരികയാണെന്നും ഡല്‍ഹിയെ പൂര്‍ണ അഴിമതിരഹിത സംസ്ഥാനമാക്കുകയാണ് ലക്ഷ്യമെന്നും ബജറ്റ് പ്രസംഗത്തില്‍ മനീഷ് സിസോദിയ പറഞ്ഞു.

Latest