Connect with us

Kozhikode

നരിക്കുനിയില്‍ അടുത്ത മാസം മുതല്‍ ട്രാഫിക് പരിഷ്‌കാരം

Published

|

Last Updated

നരിക്കുനി: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി ട്രാഫിക് സംവിധാനം പരിഷ്‌കരിക്കുന്നു. അടുത്ത മാസം ഒന്ന് മുതല്‍ നടപ്പില്‍ വരും.
മെയിന്‍ റോഡില്‍ പടനിലം റോഡ് ജംഗ്ഷന്‍ മുതല്‍ കുമാരസ്വാമി റോഡ് ജംഗ്ഷന്‍ വരെയും പൂനൂര്‍ റോഡില്‍ ബസ് -സ്റ്റാന്‍ഡ്് വരെയും റോഡിന്റെ ഇരുവശത്തും ഇരുചക്ര വാഹന പാര്‍ക്കിംഗ് നിരോധിക്കും. നരിക്കുനി-കൊടുവള്ളി റോഡില്‍ ഇരുചക്ര വാഹന പാര്‍ക്കിംഗ് വലത് വശത്ത് മാത്രമായും കുമാരസ്വാമി റോഡില്‍ ഇടതുവശത്ത് മാത്രമായും പാര്‍ക്ക് ചെയ്യുന്നതിന് അനുവാദം നല്‍കും.
ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെടുന്ന ബസുകള്‍ നിയന്ത്രിത സ്‌റ്റോപ്പുകളില്‍ മാത്രമെ നിര്‍ത്താവൂ. പടനിലം റോഡിലെ ബസ് സ്‌റ്റോപ്പ് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന് മുമ്പിലേക്ക് മാറ്റും.
ടൗണില്‍ വാഹനം പാര്‍ക്ക് ചെയ്ത് ചരക്ക് കയറ്റുന്നതും ഇറക്കുന്നതും രാവിലെ 10.30 മുതല്‍ ഉച്ചക്ക് 3.30 വരെയായി പരിമിതപ്പെടുത്തും.
ബസ് സ്റ്റാന്‍ഡിന് മുന്നിലെ ഓട്ടോ പാര്‍ക്കിംഗ് രണ്ട് വരിയായി നിജപ്പെടുത്തും. പടനിലം റോഡ് ജംഗ്ഷന് സമീപത്തെ ഓട്ടോ സ്റ്റാന്‍ഡ് പുനക്രമീകരിക്കും. പള്ള്യാറക്കോട്ടക്ക് മുന്‍വശം ഗുഡ്‌സ് വാഹനങ്ങളുടെ പാര്‍ക്കിംഗ് ഒരു വരിയായും ക്രമീകരിക്കും.