Connect with us

Kozhikode

പേരാമ്പ്ര മേഖലയില്‍ റോഡുകള്‍ വെള്ളത്തില്‍ മുങ്ങി

Published

|

Last Updated

പേരാമ്പ്ര: രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ പേരാമ്പ്ര മേഖലയിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ഇന്നലെ വൈകീട്ടുണ്ടായ ശക്തമായ മഴയില്‍ പേരാമ്പ്ര- ചേനോളി റോഡില്‍ വെള്ളം കയറിയതിനാല്‍ ഒന്നര മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു.
ചേനോളി റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയുടെ വരാന്തവരെ വെള്ളം കയറി. റോഡ് സൈഡിലെ അഴുക്കുചാല്‍ ശുചിയാക്കുന്നതില്‍ ഗ്രാമപഞ്ചായത്ത് കാണിച്ച നിസംഗതയാണ് റോഡിലെ വെള്ളപ്പൊക്കത്തിനിടയാക്കിയത്.
കനത്ത മഴ തുടര്‍ന്നാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതത്തിനു പുറമെ, കാല്‍നട യാത്ര പോലും അസാധ്യമാകും. കളോളിപ്പൊയില്‍, ചേനോളി, പള്ളിത്താഴ, നൊച്ചാട് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ പേര്‍ ഇതു കാരണം ദുരിതമനുഭവിക്കേണ്ടിവരും.
വെള്ളപ്പൊക്കത്തോടൊപ്പം മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ചെമ്പനോട മണാര്‍ശേരി ബാബുവിന്റെ വീട് മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഭാഗികമായി തകര്‍ന്നു. ഇരുനില വീടിന്റെ അടുക്കള ഭാഗത്താണ് മണ്ണിടിഞ്ഞത്. കുത്തിയൊലിച്ച മണ്ണ് മുറിയിലേക്ക് അടിച്ചുകയറിയ നിലയിലാണ്. ഇടിഞ്ഞുവീണതിന്റെ ബാക്കി ഭാഗവും അപകടകരമായ നിലയിലാണുള്ളത്. മാത്രമല്ല മണ്ണിടിച്ചില്‍ അനുഭവപ്പെടുന്നതിന്റെ തൊട്ടു സമീപത്ത് ഒരു വീടും സ്ഥിതിചെയ്യുന്നുണ്ട്.