Connect with us

Kozhikode

കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് എ കെ പി സി ടി എ മാര്‍ച്ച്

Published

|

Last Updated

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല അധികൃതരുടെ അധ്യാപക വിരുദ്ധ നടപടികള്‍ക്കും നീതിനിഷേധത്തിനുമെതിരെ എയ്ഡഡ് കോളജ് അധ്യാപകര്‍ സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് ഈ മാസം 27 ന് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് എ കെ പി സി ടി എ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ധര്‍ണ ഡോ. കെ ടി ജലീല്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ആറാം യു ജി സി ശമ്പളപരിഷ്‌കരണം 2010 മാര്‍ച്ചില്‍ നടപ്പാക്കിയിട്ടും അതനുസരിച്ചുള്ള പ്രമോഷനുകള്‍ കോഴിക്കോട് സര്‍വ്വകലാശാലയ്ക്ക് കീഴിലെ എയ്ഡഡ് കോളജ് അധ്യാപകര്‍ക്ക് നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. 2014 ഫെബ്രുവരി 26 ന് മുമ്പ് പ്രമോഷന് യോഗ്യത നേടിയ മുഴുവന്‍ അധ്യാപകര്‍ക്കും പഴയ റഗുലേഷന്‍ അനുസരിച്ചാണ് സ്ഥാനക്കയറ്റം നല്‍കേണ്ടത്. എന്നാല്‍ മറ്റ് സര്‍വ്വകലാശാലകളുടേതില്‍ നിന്നും വ്യത്യസ്തമായി 2009 ജനുവരി 1 ന് ശേഷം പ്രമോഷന്‍ ലഭിക്കേണ്ടവര്‍ക്ക് പുതിയ റഗുലേഷന്‍ ബാധകമാക്കുകയാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അധികൃതര്‍ ചെയ്തത്. നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായ ഈ നടപടി നിരവധി പുതിയ അധ്യാപകര്‍ക്ക് ആറാം ശമ്പളപരിഷ്‌കരണത്തിന്റെ ആനൂകൂല്യങ്ങള്‍ നിഷേധിക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്. കോഴിക്കോട് സര്‍വ്വകലാശാലയില്‍ സുഗമമായി ഗവേഷണം നടത്താനുള്ള സാഹചര്യം അധികൃതര്‍ അടിയന്തിരമായി ഒരുക്കണമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ എ കെ പി സി ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഡി കെ ബാബു, സെക്രട്ടറി ഡോ. സി അബ്ദുല്‍ മജീദ്, ഡോ. യു ഹേമന്ത്കുമാര്‍, ഡോ. ജോബി കെ ജോസ് എന്നിവര്‍ പങ്കെടുത്തു.

Latest