Connect with us

Kozhikode

ബാധ്യതകള്‍ തളര്‍ത്തിയ ബാല്യത്തിന് മര്‍കസിന്റെ തണല്‍

Published

|

Last Updated

മുക്കം: ബാല്യത്തിന്റെ നിസ്സഹായതയില്‍ കുടുംബ ഭാരം താങ്ങേണ്ടി വന്ന വിദ്യാര്‍ഥിക്ക് മര്‍കസ് തണലൊരുക്കി. ഏക സഹോദരിയുടെ വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം കുടുംബത്തിന്റെ അത്താണിയായ പിതാവിന്റെ ആകസ്മിക മരണം മൂലം അനാഥത്വത്തിലും ദു:ഖത്തിലും അമര്‍ന്ന ചേന്ദമംഗല്ലൂര്‍ പൊറ്റശ്ശേരി മുഹമ്മദ് ആദില്‍ എന്ന 11 കാരനെയാണ് കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ ഏറ്റെടുത്തത്.
ഈ മാസം 15 ന് മരണപ്പെട്ട പൊറ്റശ്ശേരി കുന്നത്ത് കോയയുടെ രണ്ട് മക്കളില്‍ ഇളയവനാണ് മുഹമ്മദ് ആദില്‍. ഈ മാസം 13ന് ആയിരുന്നു സഹോദരിയുടെ വിവാഹം. ഈ വിവാഹത്തില്‍ ലക്ഷങ്ങളുടെ കടബാധ്യത ബാക്കിവെച്ചാണ് കോയ കുടുംബത്തെ പിരിഞ്ഞത്. ഭാരിച്ച കടബാധ്യതക്കു പുറമേ ദൈനം ദിന ചെലവുകള്‍ക്ക് കടുത്ത പ്രയാസം അനുഭവിക്കുന്ന കുടുംബത്തിന് ആശ്വാസം പകര്‍ന്നാണ മുഹമ്മദ് ആദിലിന്റെ ജീവിത പഠന ചെലവുകള്‍ മുഴുവനും മര്‍കസ് ഏറ്റെടുത്തത്.
മര്‍കസിന്റെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവനും നേതൃത്വം നല്‍കുന്ന ആര്‍ സി എഫ് ഐയുടെ കീഴിലുള്ള ഹോം കെയര്‍ പദ്ധതി പ്രകാരമാണ് ആദിലിന്റെ ചിലവുകള്‍ ഏറ്റെടുത്തത്. ഇന്നലെ വൈകുന്നേരം വീട്ടുമുറ്റത്തു നടന്ന ചടങ്ങില്‍ വെച്ച് പതിനായിരം രൂപയും വസ്ത്രങ്ങളും പഠന സാമഗ്രികളും മറ്റ് അവശ്യവസ്തുക്കളുമടങ്ങിയ കിറ്റ് മര്‍കസ് അധികൃതര്‍ മുഹമ്മദ് ആദിലിനെ ഏല്‍പ്പിച്ചു.
ചേന്ദമംഗല്ലൂര്‍ യൂനിറ്റ് എസ് വൈ എസ് കമ്മിറ്റിയുടെ ആവശ്യപ്രകാരമാണ് ആദിലിനെ മര്‍കസ് ഏറ്റെടുത്തത്. ചടങ്ങില്‍ മര്‍കസ് ആര്‍ സി എഫ് ഐ പ്രൊജക്ട് കോഡിനേറ്റര്‍ ഷാഫി നൂറാനി, സ്വലാഹുദ്ദീന്‍ സഖാഫി, മുഹമ്മദ് ത്വാഹ, മര്‍കസ് ഹോം കെയര്‍ കോഡിനേറ്റര്‍ അബ്ദുല്‍ ലത്വീഫ്, ചേന്ദമംഗല്ലൂര്‍ മസ്ജിദുദ്ദഅ്‌വ മുദരിസ് വി എം മൂസ സഖാഫി, മഹല്ല് സെക്രട്ടറി ഇ എം അലവി, കെ അഹമദ് ഷാഫി, എം കെ ഹമീദ്, പി ഹുസ്സന്‍, എ അബ്ദുല്‍ അസീസ് എന്നിവര്‍ സംബന്ധിച്ചു.