Connect with us

Kerala

കോതമംഗലത്ത് സ്‌കൂള്‍ ബസിനു മുകളില്‍ മരം വീണ് അഞ്ചു കുട്ടികള്‍ മരിച്ചു

Published

|

Last Updated

കോതമംഗലത്തിന് സമീരം നെല്ലിമറ്റത്ത് അപകടത്തില്‍ പെട്ട സ്‌കൂള്‍ ബസിന് മുകളില്‍ നിന്ന് മരം നീക്കം ചെയ്യുന്നു

കൊച്ചി: കോതമംഗലത്ത് ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിനു മുകളിലേക്കു മരം വീണ് അഞ്ചു കുട്ടികള്‍ മരിച്ചു. കൃഷ്‌ണേന്ദു (5) ജോഹന്‍(13), ഗൗരി(13), അമീര്‍, നിസ എന്നിവരാണു മരിച്ചത്. കോതമംഗലം കറുകടം വിദ്യാവികാസ് സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. കോതമംഗലം നെല്ലിമറ്റം കോളനിക്കു സമീപം വൈകുന്നേരം 4.40നാണ് അപകടമുണ്ടായത്. ബസിന്റെ മുന്‍ഭാഗത്തേക്കാണു മരം ഒടിഞ്ഞുവീണത്. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും അപകടത്തില്‍ തകര്‍ന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ബസ് വെട്ടിപ്പൊളിച്ചാണു കുട്ടികളെ പുറത്തെടുത്തത്.

ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് കുട്ടികള്‍ എല്ലാവരുംതന്നെ മരിച്ചത്. മരിച്ച കുട്ടികളുടെ തലയ്ക്കും മുഖത്തുമാണു പരിക്കേറ്റത്. കുട്ടികളെ സമീപത്തുതന്നെയുള്ള ധര്‍മഗിരി, ബസേലിയോസ്, സെന്റ് തോമസ് എന്നീ ആശുപത്രികളിലാണു പ്രവേശിപ്പച്ചത്. ബസില്‍ ആകെ 12 കുട്ടികളാണുണ്ടായിരുന്നത്. ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്ന സമയത്താണ് അപകടം.

സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും ആശുപത്രികളിലെത്തിയിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥരടക്കമുള്ള സര്‍ക്കാര്‍ അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. പരുക്കേറ്റ വിദ്യാര്‍ഥികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ എംഎല്‍എ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ നടക്കുന്നു.
മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്കു നാലു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.

Latest