Connect with us

Gulf

ദുബൈ ആംബുലന്‍സ് നഗരവാസികള്‍ക്ക് സി പി ആര്‍ പരിശീലനം നല്‍കി

Published

|

Last Updated

ദുബൈ: ദിവയുമായി സഹകരിച്ച് ദുബൈ കോര്‍പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസസ്(ഡി സി എ എസ്) പ്രാഥമിക പുനരുജ്ജീവന ചികിത്സയായ കാര്‍ഡിയോപള്‍മനറി റെസ്യൂസിറ്റേഷന്‍(സി പി ആര്‍) പരിശീലനം നല്‍കി. സബീല്‍ ഈസ്റ്റിലെ ദിവയുടെ ആസ്ഥാനത്തായിരുന്നു പൊതുജനങ്ങള്‍ക്കായി പരിശീലനം സംഘടിപ്പിച്ചത്. സമൂഹത്തില്‍ ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയെന്ന ദിവയുടെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗം കൂടിയായിരുന്നു പരിശീലന പരിപാടി. ശ്വാസ തടസമോ, ശ്വാസം പെട്ടെന്ന് നിലയ്ക്കുകയോ ചെയ്യുന്ന കേസുകളില്‍ ആ വ്യക്തിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഉടനടി സി പി ആര്‍ നല്‍കിയാല്‍ സാധിക്കും. ഡി സി എ എസ് ലഭ്യമാക്കിയ ഡമ്മികള്‍ ഉപയോഗപ്പെടുത്തിയായിരുന്നു പാരാമെഡിക്കല്‍, എമര്‍ജന്‍സി വിഭാഗം ജീവനക്കാരുടെ സഹായത്തോടെ സി പി ആര്‍ പരിശീലനം നടത്തിയത്. മികച്ച രീതിയില്‍ സി പി ആര്‍ പരിശീലനം നടത്തിയ ഡി സി എ എസ് അധികൃതരോട് ദിവ നന്ദി പറഞ്ഞു.
ഇത്തരം പരിശീലനങ്ങളിലൂടെ പ്രാഥമിക ചികിത്സയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് ദിവ മാര്‍ക്കറ്റിംഗ് ആന്‍ഡ് കോര്‍പറേഷന്‍ കമ്മ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് കൗലഅല്‍ മുഹൈരി അഭിപ്രായപ്പെട്ടു. ദിവയുടെ മുന്‍ഗണനാ ക്രമത്തിലുള്ള കാര്യമാണ് ആരോഗ്യസുരക്ഷയും പരിസ്ഥിതി സംരക്ഷണവും. ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ രാജ്യാന്തര നിലവാരത്തിലുള്ള ഉപകരണങ്ങളും രീതിയുമാണ് ദിവ പിന്തുടരുന്നത്. ജനങ്ങള്‍ക്കിടയില്‍ ആരോഗ്യം ഉറപ്പാക്കിയുള്ള ജീവിതം പടുത്തുയര്‍ത്താനാണ് ദിവയുടെ പരിശ്രമം. 88 ശതമാനം ഹൃദയാഘാതങ്ങളും വീടുകളില്‍ സംഭവിക്കുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പൊതുജനങ്ങള്‍ക്ക് ശരിയായ സി പി ആര്‍ പരിശീലനം ലഭിച്ചാല്‍ ഇതില്‍ നല്ലൊരു ശതമാനം ഒഴിവാക്കാന്‍ സാധിക്കും. പരിശീലനം വളരെ ലളിതമായി ആര്‍ക്കും ആര്‍ജിക്കാന്‍ സാധിക്കുന്നതാണെന്ന് ഡി സി എ എസ് സാമൂഹിക ബോധവത്ക്കരണ വിഭാഗം ഹെഡ് മറിയം ഖമീസ് അല്‍ അൗഫിയും അഭിപ്രായപ്പെട്ടു.