Connect with us

Ongoing News

യുവത്വത്തിന്റെ മഹത്വം

Published

|

Last Updated

ഒരു പുരുഷായുസ് എന്നത് എണ്ണപ്പെട്ട ദിനങ്ങളാണ്. 60 വയസ്സ് ആയുസ് ലഭിച്ച ഒരാള്‍ക്ക് 21,900 ദിവസങ്ങളാണുണ്ടാകുക. 5,25,600 മണിക്കൂറാണിത്! ഇതില്‍ തന്നെ എട്ട് മണിക്കൂര്‍ വീതം ദിവസവും ഉറങ്ങിയാല്‍ അറുപതിന്റെ മൂന്നിലൊന്ന് 20 കൊല്ലം നാം ഉറങ്ങിക്കിടക്കുകയാണ്. ബാക്കി 40 വര്‍ഷത്തില്‍ കുട്ടിക്കാലവും വാര്‍ധക്യവും കഴിച്ചാല്‍ ബാക്കി യുവത്വം എന്നത് എത്ര പരിമിതം!
ജീവിത യാത്രയിലെ ഏറ്റവും പുഷ്‌കലമായ കാലമാണ് യുവത്വം. ചോരത്തിളപ്പും ആവേശവും ഉന്മേഷവുമുള്ള സമയം. ഇതാണ് ആയുസിന്റെ അകക്കാമ്പ്. ഈ യുവത്വം ഉപയോഗിച്ച് വേണം ഭൗതികവും പാരത്രികവുമായ എല്ലാ വിജയങ്ങളും നേടിയെടുക്കാന്‍. പക്ഷേ, വികാരത്തിന് വഴിമാറുന്ന ഈ ഘട്ടത്തില്‍ യൗവ്വനം നഷ്ടമായതിന് ശേഷമാണ് പലര്‍ക്കും ബോധമുദിക്കുക. “രണ്ടനുഗ്രഹങ്ങളുടെ കാര്യത്തില്‍ അധികപേരും പരാജയത്തിലാണ്. യുവത്വവും, ഒഴിവു സമയവുമാണവ” (ബുഖാരി) എന്ന തിരുവചനം എത്ര സത്യം! ഭൗതിക ജീവിതത്തില്‍ യുവത്വംകൊണ്ട് നേടിയെടുക്കേണ്ടതാണ് സമ്പത്ത്. അനാവശ്യമായ കാര്യങ്ങള്‍ക്ക് പിന്നാലെയും, ലക്ഷ്യബോധമില്ലാത്ത കക്ഷിരാഷ്ട്രീയത്തിനുവേണ്ടിയും ഹോമിക്കാനുള്ളതല്ല യുവത്വം. അനിയന്ത്രിതമായ സ്‌പോട്‌സ്മാന്‍ സ്പിരിറ്റുമായി കളിക്കളങ്ങളില്‍ നിന്നും കളിക്കളങ്ങളിലേക്ക് നീങ്ങുന്നവരും യൗവ്വനത്തിന്റെ വിലയറിയാത്തവരാണ്. സ്വന്തം ശരീരത്തോടുള്ള ബാധ്യതയും പോറ്റിവളര്‍ത്തിയ കുടുംബത്തോടുള്ള ചുമതലയും ഈ ചോരത്തിളപ്പില്‍ മറന്നുപോകരുത്.
യുവത്വത്തിലെത്തിയാല്‍ ഏറെ വൈകാതെ വിവാഹിതനാകുന്നതാണ് ബുദ്ധി. സമ്പാദ്യത്തിന് വിലയുണ്ടാവാനും സന്താനങ്ങള്‍ ഉപകാരപ്പെടാനുമൊക്കെ നേരത്തെയുള്ള വിവാഹം വഴിയൊരുക്കും. മുപ്പത്തിയഞ്ചും നാല്‍പ്പതും കഴിഞ്ഞ് വിവാഹിതരാകുന്നവര്‍ ഒന്ന് ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴേക്കും വാര്‍ധക്യത്തിലെത്തിയിരിക്കും.
പരലോകത്തേക്കുള്ള സല്‍ക്കര്‍മങ്ങളും ഈ ഘട്ടത്തില്‍ തന്നെയാണ് ചെയ്തുവെക്കേണ്ടത്. പ്രായമായാല്‍ പിന്നെ ആരാധനകളില്‍ മുഴുകാം എന്ന് കരുതുന്നവര്‍ക്ക് ആരാണാവോ ഇങ്ങനെയൊരു ഗ്യാരണ്ടി കൊടുത്തത്? ഇനി പ്രായമാവാന്‍ ആയുസ് കിട്ടിയാല്‍ തന്നെ ആരാധനകള്‍ ചെയ്യാന്‍ ആരോഗ്യം വേണ്ടേ? പ്രായമുള്ളവരുടെ നിസ്‌കാരം ശ്രദ്ധിച്ചുനോക്കൂ. എത്ര വേദന സഹിച്ചാണ് അവര്‍ നിസ്‌കരിക്കുന്നത്. ദൈവഭക്തിക്ക് പകരം വേദനകളുടെ നീറുന്ന ചിന്തകളോടെയാവും അയാളുടെ ആരാധനകള്‍. മുത്തുനബി (സ) പറഞ്ഞു: “ഏഴ് വിഭാഗം ആളുകള്‍ക്ക് അന്ത്യദിനത്തില്‍ കത്തിജ്വലിക്കുന്ന സൂര്യന് ചുവട്ടില്‍ നിഴല്‍ നല്‍കപ്പെടും. അവരില്‍ ഒരു വിഭാഗം യുവത്വം ആരാധനകളിലായി ചെലവഴിച്ച യുവാക്കളാണ്”.

Latest