Connect with us

Eranakulam

നെടുമ്പാശ്ശേരിയില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവാക്കി 27 ജീവനക്കാരെ തിരിച്ചുവിളിച്ചു

Published

|

Last Updated

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിലെ എമിഗ്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഇരുപത്തിമൂന്ന് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന്‍ അവസാനിപ്പിക്കുവാന്‍ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ച ഉദ്യോഗസ്ഥരെയാണ് ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് ആഭ്യന്തരവകുപ്പ് തിരിച്ച് വിളിച്ചിരിക്കുന്നത്.
വിമാനത്താവളങ്ങള്‍ വഴി മനുഷ്യക്കടത്ത്, സ്വര്‍ണ്ണകടത്ത് തുടങ്ങിയവ വര്‍ധിച്ചതിനെ തുടര്‍ന്ന് എടുത്ത തീരുമാനപ്രകാരമാണ് എമിഗ്രേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥരെ അഞ്ച് വര്‍ഷം കഴിയുമ്പോള്‍ മാറ്റുന്നത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട എമിഗ്രേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ഡെപ്യൂട്ടേഷനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവസാനിപ്പിക്കുവാന്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് കഴിഞ്ഞ ദിവസം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിന് ലഭിച്ചു.
എമിഗ്രേഷനില്‍ പ്രവര്‍ത്തിക്കുന്ന 25 ലധികം ഉദ്യോഗസ്ഥര്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ വന്നവരാണ്. പുതിയ ഉദ്യോഗസ്ഥര്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി എമിഗ്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞാല്‍ ഡെപ്യൂട്ടേഷനുകള്‍ അവസാനിച്ചവര്‍ പഴയ ജോലി സ്ഥലങ്ങളിലേക്ക് തിരിച്ചുപോകും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മനുഷ്യക്കടത്ത് സജീവമായത് പുറംലോകം അറിഞ്ഞതിനെ തുടര്‍ന്നാണ് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ പ്രവര്‍ത്തനം ഐ ബി ഏറ്റെടുത്തത്.
ആവശ്യത്തിന് ഉദ്യോഗസ്ഥര്‍ ഇല്ലാത്തത് മൂലമാണ് സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളില്‍നിന്നും ഡെപ്യൂട്ടേഷനില്‍ ഉദ്യോഗസ്ഥരെ നിയമിച്ചത്. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതുകാരണം കൊച്ചി അന്താരാഷ്ട്ര വിമാനതത്താവളത്തിലെ എമിഗ്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയാണ് നടക്കുന്നത്.

Latest