Connect with us

Education

എം ജി. യൂനിവേഴ്‌സിറ്റിയില്‍ ഓണ്‍ലൈന്‍ ലേണിംഗ് പദ്ധതി

Published

|

Last Updated

കോട്ടയം: എം ജി യൂനിവേഴ്‌സിറ്റിയില്‍ ഓഫ് ക്യാമ്പസ് സെന്റുകളുടെ പ്രവര്‍ത്തനം ഗവര്‍ണര്‍ ഇടപെട്ട് പൂട്ടിയതോടെ വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യമൊരുക്കാന്‍ ഓണ്‍ലൈന്‍ ലേണിംഗ് പദ്ധതി നടപ്പാക്കുന്നു. ഓഫ് ക്യാമ്പസുകള്‍ക്കു പകരമായി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനിലൂടെ ഡിജിറ്റല്‍ നോട്ടുകളും വീഡിയോ ക്ലാസുകളും നല്‍കും. അധ്യയന വര്‍ഷത്തില്‍ എഴുത്തു പരീക്ഷ നടത്താനുമാണ് തീരുമാനം. പദ്ധതിക്കായി സര്‍വകലാശാല എഡ്യൂക്കേഷന്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്റര്‍ ആരംഭിക്കാനും ലക്ഷ്യമിടുന്നു. ഓണ്‍ലൈന്‍ വഴിയാണ് കോഴ്‌സുകള്‍ റജിസ്റ്റര്‍ ചെയ്യേണ്ടത്. റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് യൂസര്‍ നെയിമും പാസ്‌വേര്‍ഡും നല്‍കും. സര്‍വകലാശാലയുടെ സൈറ്റില്‍ ഇവ ഉപയോഗിച്ചു പാഠാവലികള്‍ മനസിലാക്കാനും നോട്ടുകള്‍ തയാറാക്കാനും കഴിയും. മൊബൈലിലും ലഭിക്കും. റജിസ്റ്റര്‍ ചെയ്തവര്‍ക്ക് മെമ്മറി ചിപ്പില്‍ അടക്കം ചെയ്തിരിക്കുന്ന സിലബസും നോട്ടുകളും അയച്ച് കൊടുക്കും. മൂന്ന് വര്‍ഷം കൊണ്ടു നൂറുകോടി രൂപയാണ് പുതിയ പദ്ധതിയിലൂടെ സര്‍വകലാശാല ലക്ഷ്യമിടുന്നത്. പദ്ധതിക്കായി സര്‍വകലാശാല എഡ്യൂക്കേഷന്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്റര്‍ ആരംഭിക്കുന്നുണ്ട് . ആദ്യ ഘട്ടത്തില്‍ എം ബി എ, ബി ബി എ, ബി കോം, എം കോം, എം സി എ, ബി സി എ കോഴ്‌സുകളാണ് ഉണ്ടാവുക.
ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് പി എസ് സ്സിയുടെ അംഗീകാരം ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാലാണ് എഴുത്ത് പരീക്ഷ നടത്തുന്നത്. ഓഫ് ക്യാമ്പസ് സെന്റുകള്‍ പൂട്ടിയതോടെ സര്‍വകലാശാല സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങിയിട്ടില്ലെന്നു വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ പറഞ്ഞു. രണ്ടും മൂന്നും വര്‍ഷ വിദ്യാര്‍ഥികള്‍ക്കു പഠനം തുടരാനും അവസരം ഒരുക്കും. സെന്ററുകളില്‍ നിന്നും ഒരു വിദ്യാര്‍ഥിയുടെ അന്‍പത് ശതമാനം ഫീസായിരുന്നു സര്‍വകലാശാലക്കു ലഭിച്ചിരുന്നത്. ഈ ഫീസ് പൂര്‍ണമായും സര്‍വകലാശാലക്കു ലഭിക്കും. പഠനസാമഗ്രികള്‍ വിദ്യാര്‍ഥികള്‍ക്കു നേരിട്ട് അയച്ചു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Latest