Connect with us

National

കേന്ദ്ര മന്ത്രിമാര്‍ക്കെതിരെ അഡ്വാനി; ആരോപണം വന്നപ്പോള്‍ രാജിവെച്ചുവെന്ന് ഓര്‍മപ്പെടുത്തല്‍

Published

|

Last Updated

ന്യൂഡല്‍ഹി: വിവിധ വിഷയങ്ങളില്‍ ആരോപണം നേടിരുന്ന കേന്ദ്ര മന്ത്രിമാര്‍ രാജിവെച്ച് മാതൃക കാട്ടണമെന്ന് പരോക്ഷമായി ആവശ്യപ്പെട്ട് മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അഡ്വാനി രംഗത്ത്. പൊതുപ്രവര്‍ത്തകരുടെ ജീവിതം സംശുദ്ധമായിരിക്കണമെന്നും ജനങ്ങളുടെ വിശ്വാസ്യതയും ധാര്‍മികതയുമാണ് രാഷ്ട്രീയക്കാര്‍ക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ വിവാദങ്ങളെ കുറിച്ച് ഒന്നും പറയുന്നില്ലെന്ന് വ്യക്തമാക്കിയ അഡ്വാനി, 1996ല്‍ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്ന ഉടന്‍ തന്നെ താന്‍ രാജിവെക്കുകയാണ് ഉണ്ടായതെന്ന് ഓര്‍മപ്പെടുത്തി. പിന്നീട് ആരോപണം വ്യാജമാണെന്ന് തെളിഞ്ഞ ശേഷം 1998ലാണ് താന്‍ വീണ്ടും മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബംഗാളി ദിനപ്പത്രമായ ആനന്ദബസാര്‍ പത്രികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഡ്വാനി തുറന്ന് പ്രതികരിച്ചത്.

ബി ജെ പി മന്ത്രിമാര്‍ രാജിവെക്കണോ എന്ന ചോദ്യത്തിന് അത് പറയാന്‍ താന്‍ ആളല്ലെന്നും ഇപ്പോള്‍ അതൊക്കെ തീരുമാനിക്കുന്നത് മറ്റു പലരുമാണെന്നുമായിയുരുന്നു അഡ്വാനിയുടെ മറുപടി.

ലളിത് മോഡി വിവാദത്തില്‍ കേന്ദ്ര മന്ത്രി സുഷമാ സ്വാരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും ആരോപണങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് അഡ്വാനിയുടെ പ്രസ്താവന.

Latest