Connect with us

Articles

പേടിപ്പെടുത്തുന്ന വിഭജനം

Published

|

Last Updated

പ്രതികൂലമായ രാഷ്ട്രീയ സാഹചര്യങ്ങളെല്ലാം അതിജീവിച്ച് അരുവിക്കരയില്‍ തകര്‍പ്പന്‍ വിജയം നേടിയിരിക്കുകയാണ് യു ഡി എഫ്. സംസ്ഥാന രാഷ്ട്രീയം വരും നാളുകളില്‍ എങ്ങോട്ട് നീങ്ങുമെന്നതിന്റെ വ്യക്തമായ ചില സൂചനകളെങ്കിലും നല്‍കുന്നതാണ് ഈ ഫലം. പാര്‍ട്ടി ചിഹ്നത്തില്‍ ആദ്യമായി മത്സരിച്ചതിന്റെ ആവേശവും ഭരണവിരുദ്ധ വികാരത്തിന്റെ ആനുകൂല്യവും ചേര്‍ത്തുവെക്കുമ്പോള്‍ നേരിയ ഭൂരിപക്ഷത്തിനെങ്കിലും ജയിക്കുമെന്ന പ്രതീക്ഷയാണ് സി പി എം വെച്ചുപുലര്‍ത്തിയിരുന്നത്. ഫലം വന്നപ്പോള്‍ ഈ കണക്കുകള്‍ എല്ലാം തെറ്റിയിരിക്കുന്നു. കനത്ത ഭൂരിപക്ഷത്തില്‍ തന്നെ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ജി കാര്‍ത്തികേയന്റെ മകന്‍ കെ എസ് ശബരീനാഥന്‍ അരുവിക്കരയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഇത്രയും വാശിയേറിയ മത്സരം നടന്നിട്ടും ഫലം വീക്ഷിക്കുമ്പോള്‍ യു ഡി എഫിന്റെ വിജയം അനായാസമെന്ന് വിലയിരുത്തേണ്ടി വരുന്നു. വോട്ടെണ്ണല്‍ നിരീക്ഷിച്ചവര്‍ക്കെല്ലാം കാണാനായത് കൃത്യമായ ലീഡ് നില ശബരീനാഥന്‍ ഉയര്‍ത്തുന്നതായാണ്.
അരുവിക്കര ഫലം വിശകലനം ചെയ്യുമ്പോള്‍ ഉള്‍ക്കൊള്ളേണ്ട ചില വസ്തുതകളുണ്ട്. ശബരീനാഥന്‍ നേടിയ ഭൂരിപക്ഷത്തേക്കാള്‍ ബി ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ കാഴ്ച വെച്ച പ്രകടനമാണ് വിലയിരുത്തേണ്ടത്. മതേതര പാരമ്പര്യം കൊട്ടിഘോഷിക്കുന്ന കേരളത്തില്‍ ബി ജെ പിക്ക് ഇത്ര വലിയ മുന്നേറ്റം നടത്താന്‍ എങ്ങനെ സാധിച്ചു? തോല്‍വിയുടെ രുചിയറിഞ്ഞ സി പി എമ്മും വിജയശ്രീലാളിതരായ കോണ്‍ഗ്രസും ഈ രണ്ട് പാര്‍ട്ടികളും നേതൃത്വം നല്‍കുന്ന മുന്നണിയും ഗൗരവത്തോടെ ആത്മപരിശോധന നടത്തേണ്ടതുണ്ട്. ഈ നിലയിലൊരു സാമുദായിക ധ്രുവികരണം കേരളത്തിലെ ബഹുസ്വര സമൂഹത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
ഹിന്ദുവോട്ടുകള്‍ വര്‍ഗീയമായി ഏകീകരിക്കുന്നതിന് ബി ജെ പി നടത്തിയ നീക്കങ്ങള്‍ തടയുന്നതില്‍ കോണ്‍ഗ്രസും സി പി എമ്മും ഒരുപോലെ പരാജയപ്പെട്ടുവെന്നാണ് അരുവിക്കര ഫലം തെളിയിക്കുന്നത്. മുന്നണി സമവാക്യങ്ങള്‍ മാറ്റിനിര്‍ത്തുമ്പോള്‍ കക്ഷിയടിസ്ഥാനത്തില്‍ ഏറ്റവുമധികം വോട്ട് നേടിയ പാര്‍ട്ടിയായി ബി ജെ പി മാറുകയാണ്. 34,145 വോട്ടാണ് ബി ജെ പി സ്വന്തമാക്കിയത്. ബി ജെ പിയുടെ സ്വാധീന കേന്ദ്രത്തില്‍ അല്ല ഈ മുന്നേറ്റമെന്നതാണ് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്. 1991ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 3,149, 1996ല്‍ 6138, 2006ല്‍ 1834, 2011ല്‍ 7694 എന്നിങ്ങനെയാണ് ബി ജെ പി നേടിയിരുന്ന വോട്ട്. ഇതാണ് ഒറ്റയടിക്ക് നാലിരട്ടിയായി വര്‍ധിച്ചിരിക്കുന്നത്. 2001ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പി മത്സരിക്കാന്‍ പോലും തയ്യാറാകാത്ത മണ്ഡലമാണ് അരുവിക്കരയെന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്.
രണ്ട് മുന്നണികളുടെയും വോട്ട് ബി ജെ പിയിലേക്ക് മാറിയിട്ടുണ്ടെന്നത് വസ്തുതയാണ്. കൂടുതല്‍ സി പി എമ്മില്‍ നിന്ന് തന്നെയാണെന്നതും ഒരു യാഥാര്‍ഥ്യമാണ്. സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചതിന്റെ ഒരു പങ്ക് സ്വാഭാവികമായും ബി ജെ പിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇതിനപ്പുറമാണ് ബി ജെ പി വര്‍ഗീയമായി അഴിച്ചു വിട്ട പ്രചാരണം. രണ്ട് മുന്നണികളും ഒരു പോലെ അരങ്ങൊരുക്കി. ന്യൂനപക്ഷ പ്രീണനം എന്ന പ്രചാരണം ബി ജെ പി അഴിച്ചുവിട്ടു. അതിലൂടെ ഭൂരിപക്ഷ വോട്ടുകള്‍ സ്വന്തമാക്കുകയായിരുന്നു ലക്ഷ്യം. യു ഡി എഫിനെതിരെയാണ് ന്യൂനപക്ഷ പ്രീണനമെന്ന ആരോപണം പ്രധാനമായും ഉയര്‍ത്തിയത്. ഈ അവസരം ബി ജെ പി നല്ല രീതിയില്‍ മുതലെടുത്തു.
സി പി എമ്മിനോട് ചേര്‍ന്നിരുന്ന ഈഴവ വോട്ടുകളും കോണ്‍ഗ്രസിനെ തുണച്ച നായര്‍ വോട്ടുകളില്‍ ഒരു പങ്കും ഇതിലൂടെ രാജഗോപാല്‍ സ്വന്തമാക്കുകയായിരുന്നു. 40,000 വോട്ടുകള്‍ നേടുമെന്നായിരുന്നു തിരഞ്ഞെടുപ്പിനു ശേഷം ബി ജെ പി നേതൃത്വം അവകാശപ്പെട്ടിരുന്നതെങ്കിലും ഇതിനോട് ഏകദേശം അടുത്തു നില്‍ക്കുന്ന പ്രകടനം തന്നെ രാജഗോപാലിന് കാഴ്ചവെക്കാനായി എന്നത് ശ്രദ്ധേയമാണ്. ബി ജെ പിയുടെ ഈ വിജയം വിലയിരുത്തുമ്പോള്‍ തന്നെ ഒ രാജഗോപാലിന്റെ വ്യക്തിപരമായ നേട്ടം കൂടിയാണിതെന്ന് കാണാതെ പോകരുത്. കാരണം മുമ്പ് തിരുവനന്തപുരം പാര്‍ലിമെന്റ് സീറ്റില്‍ രാജഗോപാല്‍ മത്സരിച്ച ഘട്ടത്തില്‍ രണ്ടാംസ്ഥാനത്തെത്തുകയും പി കെ വിയുടെ നിര്യാണത്തെ തുടര്‍ന്ന് സി കെ പത്മനാഭന്‍ മത്സരിച്ചപ്പോള്‍ എട്ടു നിലയില്‍ പൊട്ടുകയും ചെയ്ത ചരിത്രവും ബി ജെ പിക്കുണ്ട്.
തിരിച്ചടിയില്‍ നിന്ന് സി പി എം ഉള്‍ക്കൊള്ളേണ്ട പാഠങ്ങളേറെയുണ്ട്. ഭൂരിപക്ഷ സമുദായത്തിലെ മേല്‍ത്തട്ടിലുള്ള വോട്ടാണ് മുമ്പ് ബി ജെ പിക്ക് ലഭിച്ചിരുന്നതെങ്കില്‍ പട്ടിക വിഭാഗം ഉള്‍പ്പെടെ ഇപ്പോള്‍ താഴെ തട്ടിലേക്ക് കൂടി കടന്നുകയറാന്‍ ബി ജെ പിക്ക് കഴിഞ്ഞിട്ടുണ്ട്. ഇവിടെയാണ് സി പി എം ആഴത്തിലുള്ള പരിശോധന നടത്തേണ്ടത്. കേരളത്തിന്റെ സാമൂഹിക വ്യവസ്ഥിതിയില്‍ കീഴാളനും മേല്‍ത്തട്ടുകാരനും തുല്യഅവകാശം ചാര്‍ത്തിക്കിട്ടുന്നതില്‍ നേതൃപരമായ പങ്കുവഹിച്ച സി പി എം എന്തുകൊണ്ട് ഇവരില്‍ നിന്ന് അകലുന്നുവെന്ന ചിന്ത സി പി എമ്മിനെ ഇനിയെങ്കിലും അസ്വസ്ഥമാക്കണം. അത് പോലെ തന്നെ ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കാന്‍ എന്തുകൊണ്ട് കഴിയുന്നില്ലെന്ന വിശകലനം നടത്തുകയും വേണം. അമ്പലക്കമ്മിറ്റികളിലൊന്നും പാര്‍ട്ടിക്കാര്‍ അംഗമാകാന്‍ പാടില്ലെന്നും പാര്‍ട്ടി അംഗങ്ങള്‍ക്ക് മതവിശ്വാസമാകാം എന്നും പറയുന്നതിലെ വൈരുധ്യം ഇനിയെങ്കിലും തിരിച്ചറിയണം. പാര്‍ട്ടി സെമിനാറുകളില്‍ നിസ്‌കാരപ്പായ വിരിച്ചതു കൊണ്ട് ന്യൂനപക്ഷം പാര്‍ട്ടിയോട് അടുക്കുമെന്ന ചിന്തയും ഉപേക്ഷിക്കണം. മത-സാമൂഹിക സംഘടനകള്‍ കേരളത്തില്‍ ഒരു യാഥാര്‍ഥ്യമാണെന്നും അവരെ കൂടി ഉള്‍ക്കൊള്ളുന്നതിന് പകരം അതിലെ അണികളെ കൂടി പാര്‍ട്ടി അംഗങ്ങളാക്കണമെന്ന ശാഠ്യം ഉപേക്ഷിക്കുകയും വേണം.
യു ഡി എഫിന്റെ വര്‍ഗീയ പ്രീണന നയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ബി ജെ പി ഹിന്ദു വര്‍ഗീയത കുത്തിയിളക്കുന്നത്. തങ്ങള്‍ പിന്തുടരുന്ന, തീര്‍ത്തും സങ്കുചിതമായ സാമുദായിക താത്പര്യങ്ങള്‍ കേരളത്തെ എവിടെക്കൊണ്ടെത്തിക്കുമെന്ന് യു ഡി എഫും ചിന്തിക്കണം. അമ്പലങ്ങളെയും മതചിഹ്നങ്ങളെയും ബി ജെ പി രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതിനെ ആശയപരമായും പ്രായോഗികമായും ചെറുക്കുന്നതിനുളള മാര്‍ഗങ്ങള്‍ ചര്‍ച്ചക്ക് വിധേയമാക്കണം.