Connect with us

Kozhikode

ബീച്ചിലെ ടോയ്‌ലറ്റുകളുടെ മേല്‍ക്കൂര തകര്‍ന്നിട്ട് മാസങ്ങള്‍ പിന്നിട്ടു; നിസ്സംഗരായി അധികൃതര്‍

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ ടോയ്‌ലറ്റ് കെട്ടിടങ്ങളുടേയും റെയ്ന്‍ ഷെല്‍ട്ടറുകളുടേയും മേല്‍കൂര തകര്‍ന്നിട്ട് മാസങ്ങളായി. എന്നാല്‍ ഇതു വരെ ഇവിടെക്ക് തിരിഞ്ഞു നോക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നതോടെ ബീച്ച് ഓപ്പണ്‍ സ്റ്റേജിന് പിറകിലെ ടോയ്‌ലറ്റുകള്‍ വെള്ളം നിറഞ്ഞ് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി അഞ്ച് ടോയ്‌ലറ്റുകളാണ് ഇവിടെയുള്ളത്. അഞ്ചും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. മഴക്ക് മുമ്പ് ഈ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്തുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ കാലവര്‍ഷം തുടങ്ങിയിട്ടും മഴവെള്ളം വീണ് തുരുമ്പ് പിടിച്ചു തുടങ്ങിയ കെട്ടിട ഭാഗങ്ങള്‍ അറ്റകുറ്റപ്പണി നടത്താന്‍ തയ്യാറായിട്ടില്ല. കടലോരത്ത് ഉപ്പ് കാറ്റേല്‍ക്കുന്ന സ്ഥലത്ത് ഇരുമ്പ് ഷീറ്റും മറ്റും ഉപയോഗിച്ച് കെട്ടിടം നിര്‍മിച്ചതാണ് നിര്‍മാണം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുള്ളില്‍ നശിക്കാനിടയാക്കിയിരിക്കുന്നത്.
ലക്ഷങ്ങള്‍ മുടക്കിയാണ് കോഴിക്കോട് ബീച്ചിന്റെ സൗന്ദര്യവത്കരണം നടത്തിയിരുന്നത്. ജലധാരകളെല്ലാം കൊതുകു വളര്‍ത്തു കേന്ദ്രങ്ങളുമായിരിക്കുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനാണ് സംരക്ഷണ ചുമതല. അതേസമയം കനത്തമഴയിലും കാറ്റിലും ബീച്ചിലെ റെയ്ന്‍ ഷെല്‍ട്ടറുകളും ടോയ്‌ലറ്റുകളും കാറ്റില്‍ തെറിച്ചുവീഴുകയാണ്. ഇത് ബീച്ചിലെത്തുന്ന സഞ്ചാരികള്‍ക്ക് ഭീഷണിയാവുകയാണ്.
അതേസമയം അധികൃതര്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്. ബീച്ച് ഓപ്പണ്‍ സ്റ്റേജിന്റെ പിറകിലെ നവീകരിച്ച ഭാഗത്തേയും ഭട്ട് റോഡിലേയും റെയ്ന്‍ഷെല്‍ട്ടറുകളും കഫ്‌ററീരിയയും ടോയ്‌ലറ്റുകളുമെല്ലാം ഇന്ന് ഉപയോഗ ശൂന്യമായിരിക്കുകയാണ്.