Connect with us

Kozhikode

നഗരത്തിന്റെ രുചിക്കൂട്ടുകള്‍ ഒരുക്കി ഫൂഡ് ഓണ്‍ വീല്‍സ് ഭക്ഷണ വണ്ടി ആഗസ്റ്റ് മുതല്‍

Published

|

Last Updated

കോഴിക്കോട്: നഗരത്തിലെത്തുന്ന ഭക്ഷണ പ്രിയര്‍ക്കും രാത്രിസഞ്ചാരികള്‍ക്കും ഒരു സന്തോഷ വാര്‍ത്ത. നഗരത്തിന്റെ രുചി വൈവിധ്യങ്ങള്‍ അറിയാന്‍ സാമൂഹിക നീതിവകുപ്പും കുടുംബശ്രീയും കൈകോര്‍ക്കുന്ന ഫൂഡ് ഓണ്‍ വീല്‍സ് ഭക്ഷണ വണ്ടി ആഗസ്റ്റ് മാസത്തോടെ പ്രയാണം തുടങ്ങും.
മന്ത്രി എം കെ മുനീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. കോര്‍പറേഷന്‍ പങ്കാളിത്തത്തോടെ രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ രണ്ടുവരെ സജീവമാകുന്ന ഭക്ഷ്യവണ്ടി ആദ്യഘട്ടത്തില്‍ വലിയങ്ങാടി ചുങ്കത്ത് നിന്ന് തുടങ്ങി വലിയങ്ങാടി ഓവര്‍ ബ്രിഡ്ജ് പരിസരത്ത് യാത്ര അവസാനിപ്പിക്കും.
റോഡരികില്‍ തുറക്കുന്ന മൊബൈല്‍ ഭക്ഷണശാലയില്‍ മേശയും കസേരയുമൊക്കെ ഉണ്ടാകും. വെളിച്ചവും നേര്‍ത്ത സംഗീതവും പശ്ചാത്തലമൊരുക്കും. ഭക്ഷണം തയ്യാറാക്കുന്നത് വെള്ളിമാടുകുന്ന് ജെന്‍ഡര്‍ പാര്‍ക്കാണ്. വെജ്, നോണ്‍ വെജ് വിഭവങ്ങള്‍ക്ക് പുറമേ ഐസ്‌ക്രീമും ജ്യൂസുമെല്ലാം ഉണ്ടായിരിക്കും. ജെന്‍ഡര്‍പാര്‍ക്ക് അധികൃതര്‍ മേല്‍നോട്ടം വഹിക്കും. ജില്ലാ ശുചിത്വമിഷനാണ് ഭക്ഷണ വണ്ടിയുടെ ശുചീകരണച്ചുമതല.
ഫൂഡ് ഓണ്‍ വീല്‍സിന്റെ സുഗമമായ നടത്തിപ്പിനായി ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് യോഗത്തിന് ശേഷം മന്ത്രി എം കെ മുനീര്‍ പറഞ്ഞു.