Connect with us

Wayanad

കാട്ടാന ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി; പശുവിനെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചു

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി ഭീതിപരത്തിയ കാട്ടാന പറമ്പില്‍കെട്ടിയ പശുവിനെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചു. കൊളഗപ്പാറ ചൂരിമലകുന്ന് തുരുത്തുമ്മേല്‍ ഷാജിയുടെ പശുവിനെയാണ് ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്.
ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. മേയാനായി പശുവിനെ വീടിനു പുറകുവശത്തുള്ള റബ്ബര്‍ തോട്ടത്തിലായിരുന്നു കെട്ടിയിരുന്നത്. ഈ ഭാഗത്ത് എത്തിയ ആന പ്രദേശവാസികളുടെ ശ്രദ്ധയില്‍ പെട്ടതോടെ ഷാജിയുടെ വീടിനു സമീപത്തുകൂടെ റബ്ബര്‍ തോട്ടത്തില്‍ പ്രവേശിക്കുകയായിരുന്നു.
തുടര്‍ന്നാണ് തോട്ടത്തില്‍ കെട്ടിയ പശുവിനെ ആക്രമിച്ചത്. ആക്രമണത്തില്‍ പശുവിന്റെ കൊമ്പ് ഒടിഞ്ഞു. തുടര്‍ന്ന് ആന സമീപത്തെ പറമ്പിലേക്ക് കയറിപ്പോയി. ആനയുടെ ചിന്നംവിളി കേട്ട് പ്രദേശവാസികളോടൊപ്പം ഷാജിയെത്തിയപ്പോഴാണ് ആക്രമിക്കപ്പെട്ട നിലയില്‍ പശുവിനെ കണ്ടത്. കഴിഞ്ഞദിവസം കക്കടം വനമേഖലയില്‍ നിന്നും ഇറങ്ങിയ കാട്ടാനകൂട്ടത്തില്‍ നിന്നും ഒറ്റപ്പെട്ട ആനയാണ് അക്രമം നടത്തിയത്. കൂട്ടം തെറ്റിയ ആനയെ തുരത്താന്‍ വനപാലകര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
തുടര്‍ന്ന് തിങ്കളാഴ്ച രാത്രി മീനങ്ങാടി കൃഷ്ണഗിരി ഭാഗങ്ങളില്‍ ആനയെത്തി. ഇവിടെ നിന്നും വനപാലകര്‍ തുരത്തുന്നതിന്നിടെയാണ് ആന കൊളഗപ്പാറ വഴി ചൂരിമൂലകുന്നില്‍ എത്തുന്നതും പശുവിനെ ആക്രമിച്ച്് പരിക്കേല്‍പ്പിച്ചതും. വനപാലകരുടെ കഠിനപരിശ്രമത്തിന്റ ഫലമായാണ് പിന്നീട് വൈകിട്ട് മൂേന്നാടെ ആനയെ സി.സി അരിവയല്‍ ഭാഗത്തൂടെ കാട്ടിലേക്ക് തുരത്തിയത്. ഇതോടെയാണ് പ്രദേശവാസികളുടെ ഭീതി ഒഴിഞ്ഞതും.

Latest