Connect with us

Gulf

3 ഡി പ്രിന്റഡ് കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ ദുബൈ ഒരുങ്ങുന്നു

Published

|

Last Updated

ദുബൈ: അത്യാധുനിക സൗകര്യങ്ങളുള്ള 3 ഡി പ്രിന്റഡ് കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ ദുബൈ ഒരുങ്ങുന്നു. ലോകത്തിലെ ആദ്യത്തെ പൂര്‍ണ സൗകര്യങ്ങളുള്ള 3 ഡി പ്രിന്റഡ് ബില്‍ഡിംഗായി ഇത് മാറുമെന്നാണ് കരുതുന്നത്.
പദ്ധതി സാക്ഷാത്കരിക്കപ്പെടുന്നതോടെ നിര്‍മാണ, രൂപകല്‍പനാ രംഗത്തെ മുഖ്യ കേന്ദ്രമായി ദുബൈ മാറും. ജനങ്ങളുടെ ജീവിതത്തില്‍ അഭിവൃദ്ധിയുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം നൂതനമായ ആശയങ്ങളുമായി ദുബൈ മുന്നോട്ടു പോകുന്നതെന്ന് യു എ ഇ നാഷനല്‍ ഇന്നൊവേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് അല്‍ ഗര്‍ഗാവി വ്യക്തമാക്കി.
രാജ്യത്തിന്റെ കണ്ടുപിടുത്തങ്ങളുടെ മേഖലയിലെ തന്ത്രപ്രധാനമായ നീക്കങ്ങളില്‍ ഒന്നാണിത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ വീക്ഷണത്തിന്റെ ചുവടുപിടിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ നീക്കം ആരംഭിച്ചിരിക്കുന്നത്.
ദുബൈ ഭരണനേതൃത്വത്തിന്റെ വീക്ഷണമാണ് ഈ പദ്ധതിയിലൂടെ തെളിയുന്നത്. ജനങ്ങളുടെ ജീവിതം കൂടുതല്‍ ആയാസരഹിതമാക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് 3 ഡി പ്രിന്റഡ് കെട്ടിട പദ്ധതി. വിദ്യാഭ്യാസം, ആരോഗ്യം, നഗരാസൂത്രണം തുടങ്ങിയ മേഖലകളില്‍ പുതിയ കാഴ്ചപ്പാടും രൂപകല്‍പനയും ഉണ്ടാക്കിയെടുക്കാന്‍ ഇത് സഹായകമാവും. താമസക്കാരുടെ സന്തോഷം വര്‍ധിപ്പിക്കുകയും മനുഷ്യര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഫലപ്രദമായ പരിഹാരം കണ്ടെത്തുകയുമാണ് ഇത്തരം പദ്ധതിയിലൂടെ ലക്ഷ്യമെന്നും ഗര്‍ഗാവി പറഞ്ഞു. നിര്‍മാണ രംഗത്ത് 50 മുതല്‍ 70 ശതമാനം വരെ സമയം ലാഭിക്കാനും 50 മുതല്‍ 80 ശതമാനം വരെ തൊഴിലാളികളെ കുറക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഉത്പാദനക്ഷമത കൂട്ടാനും കൂടുതല്‍ സാമ്പത്തിക മെച്ചം നേടാനും സുസ്ഥിരത ഉറപ്പാക്കാനും 3 ഡി പദ്ധതി സഹായകമാവുമെന്നും മുഹമ്മദ് അല്‍ ഗര്‍ഗാവി അഭിപ്രായപ്പെട്ടു.