Connect with us

Gulf

'ഹാപ്പി ഹോളിഡേയ്‌സ്' വിദ്യാര്‍ഥികള്‍ക്കിനി ആഘോഷ നാളുകള്‍

Published

|

Last Updated

ഷാര്‍ജ: രണ്ടുമാസത്തെ വേനലവധിക്കു രാജ്യത്തെ വിദ്യാലയങ്ങള്‍ അടച്ചു തുടങ്ങി. വിദ്യാര്‍ഥികള്‍ക്കിനി ആഘോഷ ദിനങ്ങള്‍.
ഇന്ത്യന്‍ വിദ്യാലയങ്ങളില്‍ മിക്കതും ഇതിനകം അടച്ചു. ശേഷിക്കുന്നവ അടുത്ത ദിവസങ്ങളില്‍ അടക്കും. ജൂലൈ ആദ്യവാരത്തോടെ മുഴുവന്‍ വിദ്യാലയങ്ങളും പൂട്ടും. അതേ സമയം പൊതു വിദ്യാലയങ്ങള്‍ നേരത്തെ അടച്ചിരുന്നു. ഇന്ത്യന്‍ വിദ്യാലയങ്ങളടക്കമുള്ള സ്വകാര്യ വിദ്യാലയങ്ങളെ അപേക്ഷിച്ചു പൊതുവിദ്യാലയങ്ങള്‍ക്കു അവധി ദിനങ്ങള്‍ കൂടുതലാണ്.
ഔദ്യോഗികമായി ഷാര്‍ജ അടക്കമുള്ള വടക്കന്‍ എമിറേറ്റുകളില്‍ സ്വകാര്യ വിദ്യാലയങ്ങള്‍ അടക്കേണ്ടത് ജൂലൈ രണ്ടിനാണ്. എന്നാല്‍ വിശുദ്ധ റമസാനിനെ തുടര്‍ന്നു നേരത്തെ അടക്കുകയായിരുന്നു. കുട്ടികള്‍ക്കു ക്ലാസുകള്‍ കഴിഞ്ഞുവെങ്കിലും വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കും. ജൂലൈ ഒമ്പതിനാണ് അധ്യാപക-അധ്യാപകേതര ജീവനക്കാര്‍ക്കു അവധി ആരംഭിക്കുക. എന്നാല്‍ എട്ടിനു തന്നെ അധികം പേരും നാട്ടിലേക്കു പറക്കും. അടുത്ത ദിവസങ്ങള്‍ വാരാന്ത്യദിനങ്ങളായതിനാലാണിത്.
കുരുന്നുകളടക്കമുള്ള വിദ്യാര്‍ഥികള്‍ ആഹ്ലാദത്തോടെയും സന്തോഷത്തോടെയുമാണ് വിദ്യാലയ മുറ്റങ്ങളോട് വിടപറഞ്ഞത്. “ഹാപ്പി ഹോളിഡേയ്‌സ്” എന്നവര്‍ പരസ്പരം ആശംസിച്ചു. അധ്യാപകരും, സ്‌കൂള്‍ അധികൃതരും സന്തോഷകരമായ അവധി ദിനങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു ആശംസിച്ചു.
അടക്കുന്നതിനു മുമ്പ് പരീക്ഷയായിരുന്നു വിദ്യാര്‍ഥികള്‍ക്ക്. രണ്ടാം പാദ പരീക്ഷയാണ് നടന്നത്. ഈ പരീക്ഷയുടെ പിരിമുറുക്കത്തിലായിരുന്നു വിദ്യാര്‍ഥികള്‍. പരീക്ഷാ ഭാരം ഒഴിഞ്ഞ് അവധി ദിനങ്ങളിലേക്ക് പ്രവേശിച്ചതോടെ അവര്‍ തീര്‍ത്തും ആഹ്ലാദഭരിതരായി. പരീക്ഷാ ഫലം ഓപ്പണ്‍ ഹൗസുകള്‍ ചേര്‍ന്ന് വിദ്യാര്‍ഥികളെ അറിയിക്കും. ഓരോ വിദ്യാലയത്തിലും വിത്യസ്ത തിയ്യതികളിലായിരിക്കും ഓപ്പണ്‍ ഹൗസുകള്‍. ചില വിദ്യാലയങ്ങളില്‍ ഇതിനകം നടന്നു. ശേഷിക്കുന്നവക്കു പല രക്ഷിതാക്കളും കാത്തിരിക്കുകയാണ്. കഴിയുന്നതോടെ കൂട്ടത്തോടെ നാട്ടിലേക്കു യാത്രതിരിക്കും. വിമാന ടിക്കറ്റും ബുക്കു ചെയ്തു മക്കളുടെ അവധിക്കാലവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു നാട്ടിലേക്കു പറക്കാന്‍ തയ്യാറെടുത്ത പല രക്ഷിതാക്കളും. തൊഴില്‍ സ്ഥാപനങ്ങളില്‍ നിന്നു അവധിയെടുത്താണ് കുടുംബ സമേതം മിക്കവരും നാട്ടിലേക്ക് തിരിക്കുന്നത്.
അതേസമയം, ദുബൈയില്‍ ജൂണ്‍ അവസാനത്തോടെ വിദ്യാലയങ്ങള്‍ അടച്ചിരുന്നു. പല കുടുംബങ്ങളും ഇതിനകം നാട്ടിലേക്കു തിരിച്ചിട്ടുണ്ട്.
നല്ലൊരു ശതമാനം പ്രവാസികളും അവധിക്ക് നാട്ടില്‍പോകുന്നതോടെ വ്യാപാര രംഗത്തും മറ്റും മാന്ദ്യം അനുഭവപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, ഇന്ത്യയിലേക്കുള്ള വിമാനങ്ങളില്‍ ഇനിയുള്ള നാളുകളില്‍ യാത്രക്കാരുടെ വന്‍ തിരക്കായിരിക്കും അനുഭവപ്പെടുക. വിമാനത്താവളങ്ങളും യാത്രക്കാരെ കൊണ്ട് നിറയും. കേരളമടക്കം ഇന്ത്യയിലേക്കുള്ള മുഴുവന്‍ വിമാനങ്ങളിലും ടിക്കറ്റുകള്‍ക്കു ക്ഷാമം അനുഭവപ്പെടുന്നുണ്ട്. നിരക്കാകട്ടെ സാധാരണക്കാരനു കൈയെത്താദൂരത്തുമാണ്. റമസാനും, പെരുന്നാളും വേനലവധിയും ഒക്കെ ഒന്നിച്ചെത്തിയത് വിമാനക്കമ്പനികള്‍ക്കു കൊയ്ത്താവുകയായിരുന്നു. ഭീമമായ ടിക്കറ്റ് നിരക്കിനെ തുടര്‍ന്നു പല മലയാളികളും മുംബൈ ഉള്‍പടെയുള്ള വിമാനത്താവളം വഴിയാണ് കേരളത്തിലേക്ക് പോകുന്നത്. നേരത്തെ ബുക്കു ചെയ്തവര്‍ക്കു കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിച്ചിരുന്നു. വേനലവധി കഴിഞ്ഞ് ആഗസ്റ്റ് 30നു വിദ്യാലയങ്ങള്‍ തുറക്കും. എന്നാല്‍ അധ്യാപക-അധ്യാപകേതര ജീവനക്കാര്‍ 23നു ജോലിക്കു ഹാജരാകണം.