Connect with us

National

വരുണ്‍ ഗാന്ധി സഹായം വാഗ്ദാനം ചെയ്‌തെന്ന് ലളിത് മോദി

Published

|

Last Updated

ന്യൂഡല്‍ഹി: ഐ പി എല്‍ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സോണിയാ ഗാന്ധി തന്നെ സഹായിക്കുമെന്ന് ബി ജെ പി. എം പി വരുണ്‍ ഗാന്ധി വാഗ്ദാനം ചെയ്തതായി ലളിത് മോദിയുടെ വെളിപ്പെടുത്തല്‍. 2014ല്‍ ലണ്ടനില്‍വെച്ച് വരുണ്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും ഈ കൂടിക്കാഴ്ചക്ക് ഒരു പ്രശസ്ത ജ്യോത്സ്യന്‍ സാക്ഷിയാണെന്നും മോദി ട്വീറ്റ് ചെയ്തു.
ഇറ്റലിയില്‍ താമസിക്കുന്ന സോണിയയുടെ സഹോദരിയെ കാണണമെന്ന് വരുണ്‍ നിര്‍ദേശിച്ചതായി മറ്റൊരു ട്വീറ്റില്‍ ലളിത് മോദി അവകാശപ്പെടുന്നു. ഒരു സുഹൃത്ത് മുഖേനെ ഇവരെ കണ്ടെങ്കിലും സോണിയയെ ഇടപെടുവിച്ച് പ്രശ്‌നങ്ങള്‍ നിയമപരമായി പരിഹരിക്കുന്നതിന് 60 മില്യന്‍ ഡോളര്‍ പ്രതിഫലമായി ആവശ്യപ്പെട്ടു. പ്രതിഫലം നല്‍കാന്‍ താന്‍ തയ്യാറായില്ലെന്നും ലളിത് മോദി പറയുന്നു.
അതേസമയം, മൂന്ന് വര്‍ഷം മുന്‍പ് ലണ്ടനില്‍ വെച്ച് ലളിത് മോദിയുമായി കൂടിക്കാഴ്ച നടത്തിയെന്ന കാര്യം വരുണ്‍ ഗാന്ധി സ്ഥിരീകരിച്ചു. പക്ഷേ, ഐ പി എല്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ സഹായിക്കാമെന്ന് മോദിക്ക് ഉറപ്പുനല്‍കിയിട്ടില്ല. അനാവശ്യമായി പല പേരുകളും വലിച്ചിട്ട് സംഭവത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ലളിത് മോദി ശ്രമിക്കുന്നത്. തനിക്കെതിരെ നടത്തിയിരിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും വരുണ്‍ പറഞ്ഞു. ഇതേ സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രിയങ്കാ ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര എന്നിവരുടെ പേരുകളും ലളിത് മോദി പരാമര്‍ശിച്ചിരുന്നു. ഇക്കാര്യം പ്രിയങ്ക നിഷേധിക്കുകയും ചെയ്തിരുന്നു.

Latest