Connect with us

Ongoing News

യൂറോ അണ്ടര്‍ 21 ഫൈനലില്‍ പോര്‍ച്ചുഗല്‍ വീണു

Published

|

Last Updated

പ്രാഗ്: യൂറോ അണ്ടര്‍ 21 ഫുട്‌ബോള്‍ കിരീടം സ്വീഡന്. ആവേശകരമായ ഫൈനലില്‍ പോര്‍ച്ചുഗലിനെ ഷൂട്ടൗട്ടില്‍ കീഴടക്കി (4-3). ഗോള്‍കീപ്പര്‍ പാട്രിക് കാള്‍ഗ്രന്റെ രണ്ട് തകര്‍പ്പന്‍ സേവുകളാണ് സ്വീഡന് ചാമ്പ്യന്‍ഷിപ്പ് സമ്മാനിച്ചത്. പോര്‍ച്ചുഗലിന്റെ റിക്കാര്‍ഡോ എസ്ഗിയോ, വില്ല്യം കാര്‍വാലോ എന്നിവരുടെ കിക്കുകളാണ് പാട്രിക് തടുത്തിട്ടത്.
പോര്‍ച്ചുഗല്‍ ഗോളി ജോസ് സാ ഒരു കിക്ക് തടുത്തിട്ടെങ്കിലും സ്വീഡന്റെ കിരീടക്കുതിപ്പിന് തടയിടാനായില്ല. ടൂര്‍ണമെന്റിലുടനീളം ആകെ ഒരു ഗോള്‍ മാത്രമാണ് പോര്‍ച്ചുഗല്‍ ഗോളി ജോസ് സായുടെ വലയില്‍ കയറിയത്. സ്വീഡിഷ് ഫുട്‌ബോളില്‍ പുതുചരിതമെഴുതിയതിന്റെ ആവേശത്തിലായിരുന്നു എ ഐ കെ സ്റ്റോക്ക്‌ഹോം ഗോള്‍ കീപ്പര്‍ പാട്രിക് കാള്‍ഗ്രന്‍. നിശ്ചിയ സമയത്തും അധിക സമയത്തും ഗോള്‍ രഹിതമായിരുന്നു മത്സരം. ഷൂട്ടൗട്ടിലേക്ക് നീണ്ട പോരില്‍ ഗ്യൂഡെറ്റി, കീസെ തെലിന്‍, അഗസ്റ്റിന്‍സന്‍ എന്നിവരിലൂടെ ആദ്യ മൂന്ന് കിക്കും സ്വീഡന്‍ വലയിലാക്കി. ഖലീലിയെടുത്ത നാലാം കിക്കാണ് പാഴായത്. ലിന്‍ഡെലോഫ് അഞ്ചാം കിക്ക് ലക്ഷ്യത്തിലെത്തിച്ചതോടെ സ്വീഡന്‍ കിരീടത്തില്‍ മുത്തമിട്ടു. പോര്‍ച്ചുഗല്‍ മൂന്നാമത്തെയും അഞ്ചാമത്തെയും കിക്കുകളാണ് പാഴാക്കിയത്. പാസിന്‍സിയ, ടോസെ, ജോ മരിയോ എന്നിവരാണ് പോര്‍ച്ചുഗലിനായി ലക്ഷ്യം കണ്ടത്.
1994ന് ശേഷം ആദ്യമായാണ് പോര്‍ച്ചുഗല്‍ അണ്ടര്‍ 21 ഫൈനല്‍ കളിച്ചത്. സ്വീഡനാകട്ടെ 1992ന് ശേഷവും. ഫൈനലില്‍ പോര്‍ച്ചുഗലായിരുന്നു കൂടുതല്‍ ക്രിയാത്മക നീക്കങ്ങള്‍ നടത്തിയത്.രണ്ടാം മിനുട്ടില്‍ തന്നെ ഗോളിനടുത്തെത്തി. പെരേയ്‌റ റിക്കാര്‍ഡോയുടെ ഷോട്ട് നേരിയ വ്യത്യാസത്തിനാണ് പുറത്തേക്ക് പോയത്.
അഞ്ച് മിനുട്ടിനുള്ളില്‍ സ്വീഡന്റെ ക്രോസ് ബാര്‍ കുലുക്കി പോര്‍ച്ചുഗല്‍ വിറപ്പിച്ചു. സെര്‍ജിയോ ഒലിവേരയുടെ തകര്‍പ്പന്‍ ഷോട്ട് ക്രോസ് ബാറില്‍ തട്ടിമടങ്ങുകയായിരുന്നു. അമ്പത്തിരണ്ടാം മിനുട്ടിലാണ് സ്വീഡന്‍ ഒരു തുറന്ന അവസരം കണ്ടെത്തിയത്. സെല്‍റ്റിക് സ്‌ട്രൈക്കര്‍ ജോണ്‍ ഗ്യുഡെറ്റിയുടെ ഹാഫ് വോളി ഗോളിയെ കീഴടക്കിയെങ്കിലും ബാറിലുരുമ്മിക്കൊണ്ടാണ് പുറത്തേക്ക് പോയത്.
സെമിഫൈനലില്‍ ഏകപക്ഷീയ ജയങ്ങളുമായിട്ടാണ് ഇരുടീമുകളും ഫൈനലിലെത്തിയത്. പോര്‍ച്ചുഗല്‍ 5-0ന് ജര്‍മനിയെ തകര്‍ത്തപ്പോള്‍ സ്വീഡന്‍ 4-1ന് ഡെന്‍മാര്‍ക്കിനെയും ശരിപ്പെടുത്തി. പത്ത് ഗോളുകളാണ് സെമിഫൈനലില്‍ പിറന്നത്. കലാശപ്പോരില്‍ ആക്രമണോത്സുകത കാണിച്ചെങ്കിലും മിഡ്ഫീല്‍ഡും ഡിഫന്‍സും ശക്തിപ്പെടുത്തി ഇരുടീമും ജാഗ്രത പാലിച്ചു.
ഗ്രൂപ്പ് ബിയില്‍ നിന്നാണ് പോര്‍ച്ചുഗലും സ്വീഡനും ഫൈനല്‍ വരെയെത്തിയത്. ഗ്രൂപ്പില്‍ പോര്‍ച്ചുഗല്‍ ചാമ്പ്യന്‍മാരായപ്പോള്‍ സ്വീഡന്‍ രണ്ടാംസ്ഥാനത്തായിരുന്നു. ഇവര്‍ ഗ്രൂപ്പില്‍ മുഖാമുഖം വന്നപ്പോള്‍ 1-1 ആയിരുന്നു ഫലം. ഒരു കളിയും തോല്‍ക്കാതെയാണ് പോര്‍ച്ചുഗല്‍ ഫൈനലിലെത്തിയതെങ്കില്‍ സ്വീഡന്‍ ഗ്രൂപ്പ് റൗണ്ടില്‍ ഇംഗ്ലണ്ടിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റിരുന്നു.

 

Latest