Connect with us

Kozhikode

റോഡ് ചളിക്കുളമായി; യാത്രക്കാന്‍ ദുരിതത്തിലായി

Published

|

Last Updated

താമരശ്ശേരി: കാഞ്ഞിരമുക്ക് ആരാമ്പ്രം റോഡില്‍ പന്നൂര്‍ ഭാഗം ചളിക്കുളമായി. പന്നൂര്‍ അങ്ങാടി മുതല്‍ കുറുന്താറ്റില്‍ വരെയുള്ള പ്രദേശത്താണ് റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടത്. റോഡരികിലെ ഓവുചാല്‍ മഴക്കുമുമ്പ് ശുചീകരിക്കാത്തതും റോഡിന് കുറുകെയുള്ള കള്‍വര്‍ട്ട് മണ്ണിട്ട് മൂടിയതുമാണ് റോഡ് തകരാനുള്ള കാരണം.
മഴ തുടങ്ങിയതു മുതല്‍ വെള്ളം റോഡിലൂടെ പരന്നൊഴുകി റോഡില്‍ കെട്ടിക്കിടക്കുകയാണ്. തുടക്കത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതിനാല്‍ ഒരുമാസം കൊണ്ട് ഒരു കിലോമീറ്ററോളം റോഡ് പൂര്‍ണമായും ചളിക്കുളമായി. വലിയ കുഴികളില്‍ അകപ്പെടുന്ന ബൈക്ക് യാത്രക്കാര്‍ അപകടത്തില്‍പ്പെടാതെ രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ടാണ്. വിദ്യാര്‍ഥികളും പ്രായം ചെന്നവരും ഉള്‍പ്പെടെയുള്ള കാല്‍നട യാത്രക്കാരാണ് റോഡ് തകര്‍ന്നതിനാല്‍ ഏറെ ദുരിതം പേറുന്നത്.
വെള്ളക്കെട്ടില്‍ നിന്ന് രക്ഷതേടാന്‍ വാഹനങ്ങള്‍ വെട്ടിക്കുമ്പോള്‍ മറുഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ക്കു മുന്നില്‍ അകപ്പെടും. സംസ്ഥാന പാതയില്‍ പൂനൂരില്‍ നിന്ന് എളേറ്റില്‍ വട്ടോളി വഴി ദേശീയപാതയില്‍ പടനിലത്തെത്തുന്ന റോഡിലൂടെ മെഡിക്കല്‍ കോളജിലേക്കുള്ള ആംമ്പുലന്‍സുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. വര്‍ഷങ്ങളായി ഈ പ്രദേശത്ത് റോഡില്‍ വെള്ളക്കെട്ടും ഗര്‍ത്തങ്ങള്‍ രൂപപ്പെടലും പതിവാണ്. മഴമാറുന്നതോടെ പേരിന് അറ്റകുറ്റപണി നടക്കും. ഓവുചാല്‍ ശുചീകരിക്കാനോ വെള്ളം റോഡിലൂടെ ഒഴുകുന്നത് തടയാനോ നടപടി സ്വീകരിക്കാത്തതിനാല്‍ ലക്ഷങ്ങള്‍ ചെളിക്കുഴിയിലാകുകയാണ് പതിവ്.

Latest