Connect with us

Malappuram

അരുവിക്കര മാതൃകയില്‍ യു ഡി എഫ്ബന്ധം മെച്ചപ്പെടുത്തണം: മുസ്‌ലിം ലീഗ്

Published

|

Last Updated

മലപ്പുറം: സര്‍വപ്രതിസന്ധികളെയും അതിജയിച്ച് അരുവിക്കര നിയമസഭാമണ്ഡലത്തിലെ വിജയം യു ഡി എഫ് ഘടകകക്ഷികള്‍ക്കിടയിലുണ്ടായ ദൃഢമായ ബന്ധത്തിന്റെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാകമ്മിറ്റി അഭിപ്രായപ്പെട്ടു.
ഇത്തരമൊരു നിലപാട് കേരളത്തിലെ മുഴുവന്‍ ജില്ലകളിലും നിലനിര്‍ത്താനായാല്‍ കേരളമാഗ്രഹിക്കുന്ന ഭരണത്തുടര്‍ച്ചക്ക് യാതൊരു പ്രയാസവും നേരിടുകയില്ല. നൂറുകണക്കിന് ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാവാതിരിക്കുന്നത് പലപ്പോഴും മുന്നണിക്കകത്തെ നിസാരഭിന്നതകളും പടലപ്പിണക്കങ്ങളുമാണ്.
കക്ഷികള്‍ തമ്മിലും പാര്‍ട്ടിക്കകത്ത് നേതാക്കളും പരസ്പരമുള്ള വാക്പയറ്റുകള്‍ അനാവശ്യമായ വിവാദങ്ങളുണ്ടാക്കുകയാണ്. എല്ലാ ഭിന്നതകളും മറന്ന് ഒന്നിച്ചുനില്‍ക്കാന്‍ തീരുമാനിച്ചപ്പോഴാണ് രാജ്യം ഉറ്റുനോക്കിയ ഉപതെരഞ്ഞെടുപ്പില്‍ തിളക്കമേറിയ വിജയമുണ്ടാക്കാന്‍ യു ഡി എഫിനായത്. ഭൂരിപക്ഷവര്‍ഗീയതയെ ഉത്തേജിപ്പിച്ച് ബി ജെ പി വോട്ടുകള്‍ സമാഹരിച്ചപ്പോഴും മതേതരചേരിയില്‍ അടിയുറച്ച് നില്‍ക്കുകയും തീവ്രവാദസംഘടനകള്‍ക്ക് കനത്ത മറുപടി നല്‍കുകയുംചെയ്ത അരുവിക്കരയിലെ ന്യൂനപക്ഷവോട്ടര്‍മാരെ യോഗം അഭിനന്ദിച്ചു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ഹമീദ്, ട്രഷറര്‍ കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി, വൈസ്പ്രസിഡന്റുമാരായ അഷ്‌റഫ് കോക്കൂര്‍, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, എം കെ ബാവ, പി സൈതലവി മാസ്റ്റര്‍, സെക്രട്ടറിമാരായ ടി വി ഇബ്രാഹിം, എം എ ഖാദര്‍, സലീം കുരുവമ്പലം പ്രസംഗിച്ചു.
സി ടി മുഹമ്മദ്, സി അബൂബക്കര്‍, കെ കെ നഹ, ബക്കര്‍ ചെര്‍ണ്ണൂര്‍, വെട്ടം ആലിക്കോയ, ഉമ്മര്‍ അറക്കല്‍, വി മുസ്തഫ, എന്‍ എ ബാവഹാജി, ഇബ്രാഹിം മൂതൂര്‍, സെദ് പുല്ലാണി, എ കെ നാസര്‍, കെ പി. മുഹമ്മദ് ഇസ്മയില്‍, പി പി യൂസഫലി, കാവനൂര്‍ പി മുഹമ്മദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.