Connect with us

Palakkad

മവോയിസ്റ്റ് കണ്ണനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

Published

|

Last Updated

കോയമ്പത്തൂര്‍: മാവോവാദി എന്ന പേരില്‍ തമിഴ്‌നാട്, ആന്ധ്ര പോലീസിന്റെ സംയുക്ത നടപടിയില്‍ അറസ്റ്റിലായ മധുരസ്വദേശി സി കണ്ണനെ അഞ്ചുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തുകൊണ്ട് കോയമ്പത്തൂര്‍ ഫസ്റ്റ് അഡീഷണല്‍ ജില്ലാജഡ്ജി ആര്‍ ശക്തിവേല്‍ ഉത്തരവിട്ടു.
കേസന്വേഷണങ്ങള്‍ക്ക് ഒരാഴ്ച പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതരണമെന്നായിരുന്നു ഭീകരപ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുന്ന തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. പ്രതിയെ ജൂലായ് മൂന്നിന് കോടതിയില്‍ ഹാജരാക്കണമെന്ന വ്യവസ്ഥയിലാണ് വിട്ടത്. മാവോവാദി പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി പോയി കാണാതായ സന്തോഷ്‌കുമാറിനെ കണ്ടെത്താനുള്ള ശ്രമത്തിനായാണ് കണ്ണനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.
മാവോവാദി പ്രസ്ഥാനത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതില്‍ മുഖ്യ കണ്ണിയാണ് കണ്ണനെന്ന് പറയുന്നു. മാവോവാദി നേതാവ് രൂപേഷ്, ഭാര്യ ഷൈന, ജെ. അനൂപ്, സി വീരമണി എന്ന ഈശ്വരന്‍ എന്നിവരോടൊപ്പമാണ് കണ്ണനെ കരുമത്താംപട്ടിയിലെ ചായക്കടയില്‍നിന്ന് ആന്ധ്ര പോലീസിന്റെയും കേരള പോലീസിന്റെയും സഹകരണത്തോടെ തമിഴ്‌നാട് പോലീസ് അറസ്റ്റുചെയ്തത്. സന്തോഷ്‌കുമാറിന്റെ തിരോധാനം സംബന്ധിച്ച് രക്ഷിതാക്കളുടെ പരാതിയില്‍ അലിയാര്‍ പോലീസില്‍ ഒരുകേസ് നിലവിലുണ്ട്.