Connect with us

Malappuram

ശമീറലിക്ക് ഇനി കാന്തപുരത്തെ കണ്ട് നന്ദി പറയണം

Published

|

Last Updated

mlp-shameer ali (1)>>തടവറയില്‍ നിന്ന് കുടുംബത്തിന്റെ സ്‌നേഹത്തണലില്‍

കോട്ടക്കല്‍;രണ്ടരവര്‍ഷത്തെ കാരാഗ്രഹ ജീവിതത്തില്‍ നിന്നും മോചിതനായ ശമീര്‍ അലി നാടിന്റെ സ്‌നേഹത്തണലില്‍ വിമാനമിറങ്ങി. വീട്ടിലെത്തിയ ശമീര്‍ അലിക്ക് ഇനിയുള്ളത് ഒരേ ഒരു ആഗ്രഹം മാത്രം. തന്റെ നിരപരാധിത്വം അധികാരികളുടെ മുമ്പിലെത്തിക്കുകയും ജയില്‍ മോചനത്തിന് ശ്രമിക്കുകയും ചെയ്ത കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാരെ നേരില്‍ കണ്ട് നന്ദി പറയണം. ഒതുക്കുങ്ങല്‍ തേക്കിന്‍കാടന്‍ ശമീര്‍ അലി ഇന്നലെയാണ് മുംബൈ വഴി നാട്ടിലെത്തിയത്. ദുബൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഫാര്‍മസിസ്റ്റായി ജോലി നോക്കുന്നതിനിടെയാണ് ശമീറലി പിടിക്കപ്പെടുന്നത്. സ്ഥിരം കസ്റ്റമറായ യു എ ഇ സ്വദേശിക്ക് നിരോധിത വിഭാഗത്തില്‍ പെട്ട മരുന്ന് ഡോക്ടറുടെ കുറിപ്പില്ലാതെ നല്‍കി എന്നതായിരുന്നു ശമീറലിയുടെ മേല്‍ ചുമത്തിയിരുന്ന കുറ്റം. മരുന്ന് കടയില്‍ നേരിട്ട് എത്തി വാങ്ങാന്‍ ആവശ്യപ്പെട്ടിട്ടും ഇദ്ദേഹത്തെ സ്വദേശിയുടെ വീട്ടിലേക്ക് വരുത്തി വഞ്ചിക്കുകയായിരുന്നു. 25 വര്‍ഷത്തെ ജയില്‍ വാസമാണ് വിധിച്ചിരുന്നത്. എന്നാല്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നിയമ പരമായ കാര്യങ്ങളുമായി മുന്നോട്ട് പോയെങ്കിലും നടപടിക്രമങ്ങള്‍ക്ക് വേഗതയില്ലായിരുന്നു. ഇതുകാരണം രണ്ടര വര്‍ഷം ജയിലില്‍ കഴിച്ചു കൂട്ടേണ്ടി വന്നു ശമീറലിക്ക്. ഇതിനിടെ, ശമീറിനെ കാണാനായി സഹോദരന്‍ ഷാനവാസ് ദുബൈയില്‍ എത്തിയപ്പോഴാണ് കാന്തപുരത്തെ ബന്ധപ്പെടാന്‍ നിര്‍ദേശം ലഭിക്കുന്നത്. ഇതേ തുടര്‍ന്ന് മൂന്ന് മാസം മുമ്പ് പിതാവ് സിദ്ധീഖും മാതാവ് ഫാത്വിമയും കാരന്തൂര്‍ മര്‍ക്കസിലെത്തി കാന്തപുരത്തെ കാണുകയായിരുന്നു. ഒതുക്കുങ്ങല്‍ ഒ കെ ഉസ്താദിന്റെ അയല്‍ വാസികളാണെന്നറിഞ്ഞപ്പോള്‍ പ്രത്യേക താത്പര്യമെടുത്ത കാന്തപുരം റമസാനിലെ പൊതുമാപ്പില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രിമിക്കാമെന്ന് ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കുകയായിരുന്നു. ഇതെ തുടര്‍ന്ന് അദ്ദേഹം നടത്തിയ ശ്രമമാണ് തന്റെ മോചനത്തിന് കാരണമായതെന്ന് മുപ്പതുകാരനായ ശമീര്‍ അലി പറയുന്നു. ദുബൈ സര്‍ക്കാറായിരുന്ന കേസുകള്‍ നടത്തിയിരുന്നത്. ബന്ധുകളും ശ്രമങ്ങള്‍ നടത്തി. ഒടുവില്‍ കാന്തപുരത്തിന്റെ ശ്രമമാണ് ഫലം കണ്ടെതെന്ന് പിതാവ് സിദ്ദീഖും പറഞ്ഞു. നാട്ടിലെ എസ് വൈ എസ് പ്രവര്‍ത്തകരാണ് കാന്തപുരത്തെ കാണാന്‍ അവസരം ഒരുക്കിയത്. വിദേശത്തുള്ള കാന്തപുരം നാട്ടിലെത്തിയാല്‍ നേരില്‍ കാണാനാണ് തീരുമാനം. നേരത്തെ മൂന്ന് തവണ നാട്ടില്‍ എത്തി ദുബൈയിലേക്ക് തിരിച്ച ശമീര്‍ അലി ജോലി തുടരുന്നതിനിടെയാണ് വഞ്ചനയില്‍ പെടുന്നത്. ഒടുവില്‍ മോചനത്തിന് വഴി ഒരുക്കി നാട്ടിലെത്താനായ സന്തോഷത്തിലാണ് കുടുംബം. യു എ ഇയില്‍ ആര്‍ എസ് സി പ്രവര്‍ത്തകരാണ് ശമീറിന്റെ മോചനത്തിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്തത്.