Connect with us

National

മാതാപിതാക്കള്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കാനാകാത്തതില്‍ ദുഃഖം: കലാം

Published

|

Last Updated

ന്യൂഡല്‍ഹി: മാതാപിതാക്കള്‍ക്ക് അവര്‍ ജീവിച്ചിരുന്നപ്പോള്‍ 24 മണിക്കൂര്‍ വൈദ്യുതി പോലുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കാത്തതാണ് തന്റെ ഏറ്റവും വലിയ ദുഃഖമെന്ന് മുന്‍ പ്രസിഡന്റും ഇന്ത്യയുടെ മിസൈല്‍ സാങ്കേതിക വിദ്യയുടെ ആചാര്യനുമായ എ പി ജെ അബ്ദുല്‍ കലാം. മാതാപിതാക്കളില്‍ നിന്നാണ് താന്‍ അച്ചടക്കവും സത്യസന്ധതയും പഠിച്ചത്.
അവര്‍ നല്‍കിയ ഊര്‍ജമാണ് മുന്നോട്ട് നയിച്ചത്. എന്നാല്‍ അവര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിച്ചില്ല. അതില്‍ ഏറെ ദുഃഖമുണ്ട്. ഇന്ന് 99കാരനായ സഹോദരന്‍ എ പി ജെ എം മരക്കാര്‍ക്ക് രാമേശ്വരത്തെ വീട്ടില്‍ ഇടതടവില്ലാതെ വൈദ്യുതിയുണ്ട്. സാങ്കേതിക വിദ്യയുടെ മുന്നേറ്റമാണ് അത്. അതില്‍ താന്‍ ഇന്ന് ഏറെ സന്തോഷിക്കുന്നുവെന്നും കലാം വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
“എന്റെ പിതാവ് (സൈനുല്‍ ആബിദീന്‍) 103 വയസ്സുവരെ ജീവിച്ചു. മാതാവ് 93 വയസ്സു വരെയും. അവര്‍ ജീവിച്ചിരുന്നപ്പോള്‍ മെച്ചപ്പെട്ട സൗകര്യം ഒരുക്കാന്‍ സാധിച്ചില്ല. ഇന്ന് സോളാര്‍ പാനല്‍ ഘടിപ്പിച്ച് വൈദ്യുതി തടസ്സം ഇല്ലാതാക്കാം. അന്ന് സാങ്കേതിക വിദ്യ ഇത്രമാത്രം വികസിച്ചിരുന്നില്ല” – 83കാരനായ കലാം പറഞ്ഞു. ഇളയ കുട്ടിയായതിനാല്‍ വീട്ടില്‍ പ്രത്യേക പരിഗണന ലഭിച്ചിരുന്നു. വൈദ്യുതി കണക്ഷന്‍ ഇല്ലാത്തതിനാല്‍ വീട്ടില്‍ രാത്രി ഏഴ് മുതല്‍ ഒന്‍പത് വരെ മണ്ണെണ്ണ വിളക്ക് കത്തിക്കും. അത്രയേ മണ്ണെണ്ണ ലഭ്യമായിരുന്നുള്ളൂ. എന്നാല്‍ ഉമ്മ പ്രത്യേകം കരുതിവെച്ച മണ്ണെണ്ണ വിളക്ക് തരുമായിരുന്നു. താന്‍ കൂടുതല്‍ സമയം പഠിക്കട്ടെയെന്ന ആഗ്രഹമായിരുന്നു ഈ കരുതിവെപ്പിന്റെ കാരണമെന്നും കലാം പറഞ്ഞു. അസാധാരണമായ ഒരു കുടുംബമായിരുന്നു തങ്ങളുടേത്. അവര്‍ക്കുള്ളതെല്ലാം പങ്കുവെക്കാന്‍ എന്റെ മാതാപിതാക്കള്‍ ഒരുക്കമായിരുന്നു. അവരുടെ ബുദ്ധിമുട്ടുകള്‍ അവര്‍ പുറത്ത് കാണിച്ചതേയില്ല- കലാം പറയുന്നു.
ശാസ്ത്ര നേട്ടങ്ങള്‍ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ പ്രതിപാദിക്കുന്ന പുതിയ പുസ്തകത്തിന്റെ പശ്ചാത്തലത്തിലാണ് കലാം ഈ അഭിമുഖം നല്‍കിയത്. അദ്ദേഹത്തിന്റെ പ്രധാന സഹായി ശ്രീജന്‍ പാല്‍ സിംഗിനോടൊപ്പമാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. പെന്‍ഗ്വിന്‍ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

Latest